അബുദാബി- യു.എ.ഇ വൈസ് പ്രസിഡന്റായി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദിനെയും അബുദാബി കിരീടാവകാശിയായി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദിനേയും പ്രസിഡന്റ് ശൈഖ് മുഹമ്മദ് നിയമിച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദിനൊപ്പം ശൈഖ് മന്‍സൂറും സേവനമനുഷ്ഠിക്കും.
ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദിനെയും ശൈഖ് ഹസ്സ ബിന്‍ സായിദിനെയും അബുദാബിയുടെ ഡെപ്യൂട്ടി ഭരണാധികാരികളായും നിയമിച്ചിട്ടുണ്ട്.
രാഷ്ട്രത്തലവനെന്ന നിലയിലാണ് ശൈഖ് മുഹമ്മദ് വൈസ് പ്രസിഡന്റ് നിയമനം നടത്തിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. അബുദാബി ഭരണാധികാരിയെന്ന നിലയിലാണ് ഡെപ്യൂട്ടി ഭരണാധികാരികളെ നിയമിച്ചത്. ശൈഖ് ഖലീഫയുടെ മരണത്തെത്തുടര്‍ന്ന് കഴിഞ്ഞ മേയിലാണ് രാജ്യത്തെ ഭരണാധികാരിയായി ശൈഖ് മുഹമ്മദിനെ തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റായി നിയമിതനായ ശൈഖ് മന്‍സൂര്‍ ഉപപ്രധാനമന്ത്രിയായും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയായും അബുദാബി വെല്‍ത്ത് ഫണ്ടിലടക്കം നിരവധി പ്രധാന സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
യു.ഇ.ഇയില്‍ അടുത്തിടെ പൗര, കുടുംബ, വ്യക്തിഗത നിയമങ്ങളില്‍ നടത്തിയ വലിയ നവീകരണത്തിന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാനെന്ന നിലയില്‍ ശൈഖ് മന്‍സൂറാണ് നേതൃത്വം നല്‍കിയത്. രാജ്യത്തെ പ്രവാസികളെ ശരീഅത്ത് അധിഷ്ഠിത നിയമ വ്യവസ്ഥയില്‍നിന്ന് ഫലപ്രദമായി വേര്‍തിരിക്കുന്നതായിരുന്നു നവീകരണം.
ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗണ്‍സിലിന്റെ തലവനായി രാജ്യത്തെ സ്വദേശിവല്‍ക്കരണ പദ്ധതികള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ മൂത്തമകന്‍ ശൈഖ് ഖാലിദ് അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായും അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമീപകാല വികസന പദ്ധതികള്‍ക്ക് ഇദ്ദേഹമാണ് മേല്‍നോട്ടം വഹിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുന്ന ശൈഖ് തഹ്‌നൂന്‍ സര്‍ക്കാര്‍ അനുബന്ധ കമ്പനികളില്‍ ഉന്നത സ്ഥാനങ്ങളും വഹിക്കുന്നു.
അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനായ ശൈഖ് ഹസ്സ സര്‍ക്കാര്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, ബിസിനസ്സ് എന്നിവയില്‍ നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നു.






