റിയാദ് - തലസ്ഥാന നഗരിയില്‍ അല്‍ഹായിറില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പ് ഏരിയയില്‍ അഗ്നിബാധ. പഴയ കാറുകള്‍ പൊളിച്ച് ആക്രിയും സ്‌പെയര്‍പാര്‍ട്‌സുമാക്കി മാറ്റുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പുകളിലാണ് തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
വിശുദ്ധ ഹറമില്‍ തീര്‍ഥാടക കുഴഞ്ഞുവീണ് മരിച്ചു
മക്ക - ഈജിപ്ഷ്യന്‍ തീര്‍ഥാടക ഹിബ മുസ്തഫ അല്‍ഖബ്ബാനി വിശുദ്ധ ഹറമില്‍ കഅ്ബാലയത്തിനു മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചു. ഉംറ കര്‍മം പൂര്‍ത്തിയാക്കിയ ശേഷം ഭാര്യക്ക് ശ്വാസ തടസ്സം നേരിടുകയും ഹൃദയസ്തംഭനമുണ്ടാവുകയുമായിരുന്നെന്ന് ഭര്‍ത്താവ് ഡോ. അബ്ദുല്‍മുന്‍ഇം അല്‍ഖതീബ് പറഞ്ഞു. ഉടന്‍ തന്നെ സമീപത്തെ സൗദി ഡോക്ടര്‍ പരിശോധിച്ച് ഹൃദയസ്തംഭനമുണ്ടായതായി അറിയിക്കുകയും ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച് സി.പി.ആര്‍ നല്‍കുകയും ചെയ്തു.
എന്നാല്‍ വീണ്ടും ഹൃദയസ്തംഭനമുണ്ടായി മരണപ്പെടുകയായിരുന്നു. നാലു മക്കളാണ് തങ്ങള്‍ക്കുള്ളത്. മൂത്ത മകള്‍ നിയമ പഠനം പൂര്‍ത്തിയാക്കി. രണ്ടാമത്തെ മകന്‍ മെഡിസിന് പഠിക്കുകയാണ്. മൂന്നാമത്തെ മകള്‍ ഫാര്‍മസിക്ക് പഠിക്കുന്നു. ഇളയ മകന്‍ സെക്കണ്ടറി വിദ്യാര്‍ഥിയാണ്. പുണ്യഭൂമിയില്‍ വെച്ച് മരണപ്പെടുന്ന പക്ഷം മദീന ജന്നത്തുല്‍ബഖീഅ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യപ്പെടണമന്നാണ് ആഗ്രഹമെന്ന് ഭാര്യ സൂചിപ്പിച്ചിരുന്നതായി ഭാര്യയുടെ കൂട്ടുകാരികളില്‍ ഒരാള്‍ തന്നോട് വെളിപ്പെടുത്തിയതായും ഡോ. അബ്ദുല്‍മുന്‍ഇം അല്‍ഖതീബ് പറഞ്ഞു.