രാഹുല്‍ ഗാന്ധിയും ഉടന്‍ തിരിച്ചത്തും; ലോക്‌സഭയിലെത്തിയ മുഹമ്മദ് ഫൈസല്‍

ന്യൂദല്‍ഹി- തന്റെ കാര്യത്തില്‍ സംഭവിച്ചതു പോലെ ഇപ്പോള്‍ അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ലോക്‌സഭയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍.
 അയോഗ്യനാക്കിയ നടപടി ലോക്‌സഭ സെക്രട്ടറിയേറ്റ് പിന്‍വലിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അയോഗ്യനാക്കിയതിനെതിരേ മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹരജി സുപ്രീംകോടതി പരിഗണിക്കുന്നതിനു തൊട്ടു മുമ്പായാണ് നടപടി പിന്‍വലിച്ചത്. തുടര്‍ന്ന് സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി ഫൈസല്‍ പിന്‍വലിച്ചു.
    തന്റെ കാര്യത്തില്‍ സംഭവിച്ചതു പോലെ തന്നെ ഇപ്പോള്‍ അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ലോക്‌സഭയിലേക്ക് ഉടന്‍ തന്നെ തിരിച്ചത്തുമെന്ന് ഫൈസല്‍ പറഞ്ഞു. തന്നെ അയോഗ്യനാക്കി പാര്‍ലമെന്റിന്റെ പുറത്തു നിര്‍ത്തിയ നടപടി തികച്ചും അനാവശ്യമായിരുന്നു. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന തന്റെ നഷ്ടത്തെക്കുറിച്ചു സ്പീക്കര്‍ ഓംബിര്‍ളയോട് ചോദിച്ചപ്പോള്‍ ഉത്തരമില്ലായിരുന്നു വെന്നും ഫൈസല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ കാര്യത്തിലെങ്കിലും തെറ്റ് തിരുത്താന്‍ തയാറാകണമെന്ന് എന്‍സിപി എംപി ആവശ്യപ്പെട്ടു.
    കുറ്റക്കാരനാണെന്ന വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അയോഗ്യതാ ഉത്തരവ് പിന്‍വലിക്കാത്തതിനെതിരെയാണ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ക്രിമിനല്‍ കേസില്‍ തടവ് ശിക്ഷയ്ക്ക് വിധിച്ച കവരത്തി സെഷന്‍സ് കോടതി ഉത്തരവ് ജനുവരി 25ന്് ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തിരുന്നു. പത്തു വര്‍ഷം കഠിന തടവും എം.പി സ്ഥാനം അസാധുവാക്കിയതും നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
    മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിന് തൊട്ടു പിന്നാലെ ലക്ഷദ്വീപില്‍ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പും നടത്താനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പിന്നാലെ ഉപതെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിന് അനുസൃതമായി തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഇതോടെ ഉപതെരഞ്ഞെടുപ്പ് പിന്‍വലിക്കാന്‍ കമ്മിഷന്‍ നിര്‍ബന്ധിതമായിരുന്നു. അയോഗ്യനാക്കി നടപടി പിന്‍വലിച്ചതിന് പിന്നാലെ മുഹമ്മദ് ഫൈസല്‍ ലോക്‌സഭയില്‍ എത്തി.
ലക്ഷദ്വീപ് മുന്‍ എംപി ഹംദുല്ല സെയ്ദിന്റെ അടുത്ത ബന്ധു സാലിഹ് ള്‍പ്പെടെയുള്ളവരെ മര്‍ദിച്ചെന്ന വധശ്രമ കേസിലാണ് ഫൈസലടക്കം നാലുപേര്‍ ശിക്ഷിക്കപ്പെട്ടത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


    

 

Latest News