Sorry, you need to enable JavaScript to visit this website.

കർണാടകയിൽ എന്തും സംഭവിക്കാം

കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയമുറപ്പിച്ചിരിക്കുകയാണ് മിക്ക ദേശീയ മാധ്യമങ്ങളും സർവേക്കാരും. അഴിമതിയുടെ  ദുർഗന്ധം ഭരണകക്ഷിയെ സാരമായി ബാധിക്കുന്നുണ്ട്. ഇതിനെ മറി കടക്കാൻ തീവ്രവർഗീയ പ്രചാരണത്തിലൂടെ സാധിക്കുമോ എന്ന് കണ്ടറിയണം. 

തെക്കേ ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലൊന്നായ കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിലാണ്. ശമ്പളവും പെൻഷനും നൽകാൻ പ്രയാസപ്പെടുന്ന സംസ്ഥാനമല്ല കർണാടക. കാപ്പിതോട്ടങ്ങളുടെയും ഖനികളുടെയും ഡിസ്റ്റിലറികളുടെയും നാട്. ഇന്ത്യയുടെ ഐ.ടി ഹബാണ് ബംഗളൂരു നഗരം. മുംബൈയെ പോലെ മറ്റൊരു മെട്രോപോളിറ്റൻ നഗരമായി കുതിച്ചുയരുന്ന മംഗളൂരു വെസ്റ്റ് കോസ്റ്റിന് അലങ്കാരമായി പരിലസിക്കുന്നു. കോടികൾ വലിച്ചെറിയാൻ ഒരു മടിയുമില്ലാത്ത രാഷ്ട്രീയ നേതാക്കളുടെ സംസ്ഥാനം. ഇതിലെല്ലാമുപരി ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരിഞ്ഞ സംസ്ഥാനം. ഇന്ത്യക്ക് പ്രധാനമന്ത്രിയെ കർണാടക സമ്മാനിച്ചത് ചെറിയ പ്രാദേശിക പാർട്ടിയിലൂടെയാണ്. കോൺഗ്രസിന് ആപൽക്കാലത്തും ശക്തമായ നേതൃത്വവും അണികളുമുള്ള നാട് കൂടിയാണ് കേരളത്തിന്റെ അയൽപക്കം. ഈ കുറിപ്പ് തയാറാക്കുന്നതിന് മുമ്പ് കർണാടകയിലെ ഇലക്്ഷൻ സാധ്യതകളെ കുറിച്ച് വെറുതെ ഒന്ന് ഗൂഗിൾ ചെയ്തു. പ്രമുഖ ദേശീയ മാധ്യമങ്ങളും സർവേ ഏജൻസികളും ബി.ജെ.പിയുടെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തിടെ ഏഴ് തവണയാണ് കർണാടകയിലെത്തിയത്. മെട്രോയുടെ എക്‌സ്റ്റൻഷൻ ഉദ്ഘാടനത്തിനാണ് ഏറ്റവും ഒടുവിലെത്തിയത്. അതിന് മുമ്പ് ബംഗളൂരു-മൈസൂരു പത്ത് വരി ദേശീയ പാത ഉദ്ഘാടനം നിർവഹിച്ചത് മാണ്ഡ്യയിലെത്തി. പണി തീരാത്ത റോഡിന്റെ ഉദ്ഘാടനമെന്നൊക്കെ എതിരാളികൾക്ക് പറയാം. ചടങ്ങ് നടത്തിയ സ്ഥലത്തിന്റെ പ്രാധാന്യം നോക്കാം. മൈസൂരു, ബംഗളൂരു പോലുള്ള വലിയ നഗരങ്ങൾ ഒഴിവാക്കി പൈതൃക നഗരമായ മാണ്ഡ്യയിൽ വെച്ച് ഉദ്ഘാടനം നടത്തി. വൊക്കലിംഗ സമുദായത്തിന്റെ ശക്തിദുർഗം കൂടിയാണിവിടം. മൈസൂരു-ബംഗളൂരു യാത്രാദൂരം ഒന്നര മണിക്കൂറായി കുറഞ്ഞുവെന്നത് വലിയ നേട്ടം തന്നെയാണ്. കൂട്ടത്തിൽ മാണ്ഡ്യ-കുശാൽ നഗർ പാത നാല് വരിയാക്കി വികസിപ്പിക്കുന്നതിന്റെ ഉദ്്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. അതായത് വികസന നേട്ടം കേരളത്തിന്റെ അതിർത്തിയിലെ കുടക് വരെയെത്തുമെന്ന് ചുരുക്കും.  വർഗീയത മാത്രം പറഞ്ഞിട്ട് ആളുകളെ എല്ലാ കാലത്തും കബളിപ്പിക്കാനിവല്ലല്ലോ. അതിശയിപ്പിക്കുന്ന വിധത്തിലാണ് സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത്. അതേസമയം, തെക്കിന്റെ പരീക്ഷണ ശാലയായ കർണാടകയിൽ കുറച്ചു കാലമായി ധ്രുവീകരണ ശ്രമങ്ങൾ നടക്കുന്നുമുണ്ട്. മറ്റൊരിടത്തുമില്ലാത്ത വിധമാണ് ഹിജാബ്, ഹലാൽ വിഷയങ്ങൾ ഇവിടെ ആളിക്കത്തിയത്. നിലമൊരുക്കിയതിന് ശക്തി പോരെന്ന സംശയത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുസ്്‌ലിം സമുദായത്തിന്റെ നാല് ശതമാനം ഒ.ബി.സി സംവരണം എടുത്തു മാറ്റി വോട്ട് പ്രതീക്ഷിക്കുന്ന മറ്റു രണ്ടു വിഭാഗങ്ങൾക്ക് നൽകി. നാല് ശതമാനം സംവരണം നൽകുന്ന മറ്റു പിന്നോക്ക വിഭാഗങ്ങളിലെ 2 ബി വിഭാഗത്തിൽ നിന്ന് മുസ്്‌ലിംകളെ നീക്കം ചെയ്യാനുള്ള ശുപാർശക്ക് പിന്നാലെ മുസ്്‌ലിം നേതാക്കൾ  സർക്കാരിനെതിരെ രംഗത്തുണ്ട്. ഈ നീക്കത്തിൽ വഖഫ് ബോർഡ് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വൊക്കലിംഗകൾക്കും വീരശൈവ-ലിംഗായത്തുകൾക്കുമായി നാല് ശതമാനം സംവരണം വിഭജിക്കാനാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. 1900 മുതൽ മൈസൂർ രാജാവ് നൽകി വന്ന സംവരണമാണ് സർക്കാർ ഇല്ലാതാക്കിയത്. ആരെങ്കിലും കോടതിയിൽ ചോദ്യം ചെയ്താൽ നിയമ വിരുദ്ധമായ നടപടിയിൽ നിന്ന് മുഖ്യമന്ത്രിക്ക് പിന്മാറേണ്ടി വരും. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ പൂർവ സ്ഥിതിയിലാക്കുമെന്ന് ഡി.കെ. ശിവകുമാർ വ്യക്തമാക്കിയിട്ടുണ്ട്. സംവരണത്തിലെ മാറ്റം വേറെയും അസംതൃപ്തരെ സൃഷ്ടിച്ചിട്ടുണ്ട്. അഴിമതിയാരോപണങ്ങളിൽ നട്ടംതിരിയുന്ന ബി.ജെ.പിക്ക് കടുത്ത പോരാട്ടമായി കണക്കാക്കപ്പെടുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വാധീനമുള്ള രണ്ട് സമുദായങ്ങളിലെ വോട്ടർമാരെ ആകർഷിക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ ശ്രമമായാണ് സംവരണത്തിന്റെ ഘടനയിൽ മാറ്റം വരുത്തിയത്. 
കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദ്യൂരപ്പയുടെ വീടിന് മുന്നിൽ ബഞ്ചാര സമുദായത്തിന്റെ വൻ പ്രതിഷേധം അരങ്ങേറുകയുണ്ടായി. ഷിമോഗ ജില്ലയിലെ വീടിന് പുറത്താണ് പ്രവർത്തകർ തിങ്കളാഴ്ച ഉച്ചയോടെ സംഘടിച്ചത്. ആളുകൾ പ്രകോപനകരമായ മുദ്രാവാക്യം മുഴക്കുകയും വീടിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. 
സംവരണം സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനം മൂലം തങ്ങൾക്ക് അവസരം നഷ്ടമാകുമെന്നും കേന്ദ്രത്തിന് നൽകിയ ശുപാർശ സംസ്ഥാന സർക്കാർ ഉടൻ പിൻവലിക്കണമെന്നും ബഞ്ചാര സമുദായ നേതാക്കൾ ആവശ്യപ്പെട്ടു. കർണാടകയിലെ പ്രധാന പട്ടിക ജാതി വിഭാഗമാണ് ജനസംഖ്യയുടെ 24 ശതമാനം വരുന്ന ബഞ്ചാര സമുദായം. എന്നിരുന്നാലും സംവരണം സജീവ ചർച്ചയാവുന്നത് തങ്ങൾക്ക് ഗുണകരമെന്ന് തന്നെയാണ് ബി.ജെ.പി കണക്കുകൂട്ടൽ. 


മറ്റിടങ്ങളിലെ ബി.ജെ.പിയെ അപേക്ഷിച്ച് അഴിമതിയുടെ കാര്യത്തിൽ ഒരു പടി മുന്നിലാണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പു കാലമായാൽ നേതാക്കളുടെ പാർട്ടി മാറ്റമെന്നത് ഇന്ത്യയിൽ ട്രെൻഡായിട്ട് കുറച്ചു കാലമായി. കേരളവും ഇക്കാര്യത്തിൽ ദേശീയ മുഖ്യധാരക്കൊപ്പമാണ്. ഇങ്ങനെ കളം മാറ്റി ചവിട്ടടുന്ന ആയാറാമുമാർ ജയിക്കാൻ സാധ്യതയുള്ള പക്ഷത്തേക്കാവും കൂറുമാറുക. അങ്ങനെ നോക്കുമ്പോൾ നേതാക്കൾ കൂട്ടത്തോടെ മാറുന്നത് കോൺഗ്രസിലേക്കാണ്. രാഹുൽ ഗാന്ധിക്ക് വീരപരിവേഷം ലഭിച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണല്ലോ ഇത്. 
മുതിർന്ന ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അനുയായിയുമായ യു.ബി. ബനകർ കോൺഗ്രസിൽ ചേർന്നതാണ് ചർച്ചയായത്.  അധ്യക്ഷൻ ഡി.കെ. ശിവകുമാർ ബനകറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു.  മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ജില്ലയായ ഹവേരിയിൽ നിന്നുള്ള നേതാവാണ് ബനകർ. ഈ മാസാദ്യം  ബി.ജെ.പിയുടെ പ്രാഥമിക അംഗത്വം ബനകർ രാജിവെച്ചിരുന്നു. 
ബനകറിനെ കൂടാതെ മുൻ ജെ.ഡി.എസ് എം. എൽ.എ എൻ.ടി. ബൊമ്മണ്ണയുടെ മകൻ ഡോ. ശ്രീനിവാസ്, മല്ലികാർജുൻ റോണി എന്നീ നേതാക്കളും കോൺഗ്രസിൽ ചേർന്നു. എസ്.ടി സമുദായാംഗമാണ് ശ്രീനിവാസ്. നേതാക്കളുടെ പാർട്ടിയിലേക്കുള്ള വരവ് കോൺഗ്രസിന്റെ ആത്മവിശ്വാസം ഉയർത്തുന്നതും ഊർജം പകരുന്നതാണെന്നും ബി.ജെ.പിയുടെ പരാജയം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നം കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രതികരിക്കുകയും ചെയ്തു. 
 ജെ.ഡി.എസിൽ നിന്ന് മുതിർന്ന എം.എൽ.എ ഗുബ്ബി ശ്രീനിവാസും രാജിവെച്ചു. ഉടൻ തന്നെ ശ്രീനിവാസ് കോൺഗ്രസിൽ ചേരും. 'എന്റെ രാജി സ്പീക്കർ സ്വീകരിച്ചു കഴിഞ്ഞാൽ കോൺഗ്രസിൽ ചേരുന്നതിനെ സംബന്ധിച്ച് നേതാക്കളുമായി ചർച്ച നടത്തി തീരുമാനിക്കും. ഈ മാസം 31 നാണ് ഔദ്യോഗികമായി കോൺഗ്രസിൽ അംഗത്വമെടുക്കുക.  
ഇതിലും വലുതാണ് ബി.ജെ.പിയിലെ ആഭ്യന്തര പ്രശ്‌നം. യെദ്യൂരപ്പ മുഖ്യമന്ത്രി പദമൊഴിയേണ്ടി വന്ന സാഹചര്യം സൃഷ്ടിച്ച മുറിവ്  മകനും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്രയെ  ഉയർത്തിക്കൊണ്ടുവന്ന് പരിഹരിക്കാവുന്നതിലുമേറെയാണ്. 
യെദ്യൂരപ്പ മുഖ്യമന്ത്രി പദം ഒഴിയുകയും ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയാകുകയും ചെയ്ത ശേഷം കർണാടകയിൽ നടന്ന ആദ്യ ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ നിന്ന് മാറിനിൽക്കുകയാണ് യെദ്യൂരപ്പയും കുടുംബാംഗങ്ങളും ചെയ്തത്. യെദ്യൂരപ്പ മാത്രമല്ല, മകനും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്ര, മുൻ ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായൺ എന്നിവരും ബി.ജെ.പി എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല. എന്നിട്ടും പാർട്ടി ദേശീയ നേതൃത്വം യെദ്യൂരപ്പയുടെ പിണക്കം തീർക്കാൻ അങ്ങോട്ട് ചെന്നത് ബി.ജെ.പി നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. യെദ്യൂരപ്പ സൂപ്പർ സ്‌ട്രോംഗ് ലിംഗായത്ത് നേതാവാണെന്ന  കരുത്താണ് ഒരിക്കൽ കൂടി പ്രകടമായത്. 75 കഴിഞ്ഞിട്ടും അദ്ദേഹം തുടരുന്നത് ആ കരുത്തിലാണ്. യെദ്യൂരപ്പ പോയാൽ മറ്റു കരുത്തരായ നേതാക്കൾ ബി.ജെ.പിക്കില്ല. യെദിയെ തൊട്ടാൽ അതോടെ ബി.ജെ.പി കർണാടകയിൽ അവസാനിക്കുമെന്ന് എല്ലാവർക്കുമറിയാം. പുതിയ ഗെയിമിലും രാഷ്ട്രീയ വിജയം യെദ്യൂരപ്പക്ക് തന്നെയാണ്. യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്രയുടെ വിജയം കൂടിയാണിത്. 
2018 ൽ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കർണാടകയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാൻ ബി.ജെ.പിക്ക് കഴിഞ്ഞെങ്കിലും കേവല ഭൂരിപക്ഷം തികയ്ക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചടുലമായ നീക്കങ്ങളിലൂടെ കോൺഗ്രസ് ജെ.ഡി.എസുമായി ചേർന്ന് സർക്കാർ രൂപീകരിച്ചത്. ജെ.ഡി.എസിലെ കുമാരസ്വാമിക്കായിരുന്നു മുഖ്യമന്ത്രി സ്ഥാനം. ആഭ്യന്തരമായ പ്രശ്‌നങ്ങൾ അടക്കം തുടക്കം മുതൽ നിരവധി പ്രശ്‌നങ്ങൾ സഖ്യം നേരിട്ടിരുന്നു. പിന്നീട് കോൺഗ്രസിലെയും ജെ.ഡി.എസിലെയും 15 ലേറെ അംഗങ്ങൾ കൂറുമാറുകയും ചെയ്തതോടെ സഖ്യ സർക്കാർ വീഴുകയും ചെയ്തു.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയമുറപ്പിച്ചിരിക്കുകയാണ് മിക്ക ദേശീയ മാധ്യമങ്ങളും സർവേക്കാരും. അഴിമതിയുടെ  ദുർഗന്ധം ഭരണകക്ഷിയെ സാരമായി ബാധിക്കുന്നുണ്ട്. ഇതിനെ മറി കടക്കാൻ തീവ്രവർഗീയ പ്രചാരണത്തിലൂടെ സാധിക്കുമോ എന്ന് കണ്ടറിയണം. രാഷ്ട്രീയത്തിൽ രണ്ടും രണ്ടും കൂട്ടിയാൽ നാല് തന്നെയാവണമെന്നില്ലല്ലോ. കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിസഭ ഒന്നാകെയും ക്യാ
മ്പ് ചെയ്തിട്ടും  കേരളത്തിൽ തൃക്കാക്കര  നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സംഭവിച്ചത് നമ്മൾ കണ്ടതാണല്ലോ.

Latest News