Sorry, you need to enable JavaScript to visit this website.

ട്രൂ കോപ്പിയിലെ ഉഗാണ്ടൻ എഡിറ്റർമാരും മുസ്ലിം സ്ത്രീകളുടെ വിയർപ്പ് നാറ്റവും

 

 

 

 

 

 

ഖാദര്‍ പാലാഴി

മാതൃഭൂമിയുടെ നിലപാട് മുദ്രാവാക്യം സത്യം,സമത്വം ,സ്വാതന്ത്ര്യം എന്നെഴുതിപ്പിടിപ്പിച്ച പോലെ മലയാള മനോരമ സമാനമായൊരു  മുദ്രാവാക്യം എഴുതാതിരുന്നത് കൊണ്ടായിരിക്കാം മലയാളത്തിൽ അർത്ഥഗർഭമായ മൗനം എന്ന വാക്ക്തന്നെ ഉണ്ടായത്. ഓരോ ദിവസവും ഇറങ്ങുന്ന പത്രത്തിൽ വരാനിടയുളള വിപരീതാർത്ഥങ്ങൾ ഏറ്റവും നന്നായി അറിയുന്നവർ മനോരമക്കാരല്ലാതെ മറ്റാരുണ്ട്. കേരളത്തിലെ കിടിലോൽ കിടിലരായ മാധ്യമപ്രവർത്തകർ നയിക്കുന്ന ട്രൂകോപ്പി തിങ്കിലും  എത്തിക്കൽ, ഓണസ്റ്റ്, റെസ്പോൺസിബിൾ  എന്ന് എഴുതി വെച്ചിട്ടുണ്ട്. എന്ന് വെച്ച് അതിൽ വരുന്നതിൽ ഒന്നിൽ പോലും ആ മുദ്രാവാക്യങ്ങളുടെ വിപരീതം വരികയില്ല എന്ന് കമൽറാം -മനില - ഹർഷൻ- കണ്ണൻ ടീം പോലും അവകാശപ്പെടുകയില്ല എന്നുറപ്പാണ്. അത് സാരമില്ല. ഏഷ്യാനെറ്റും നേരോടെ  നിർഭയം എന്നൊക്കെ എഴുതിക്കാണിക്കുന്നുണ്ടല്ലോ. 

ഈ ആമുഖം ട്രൂ  കോപ്പിയിൽ ഈയിടെ വന്ന വിയർപ്പ് കടൽ ലേഖനത്തെ മാത്രം ഉദ്ദേശിച്ചല്ല. മുമ്പും ശേഷവും ഇത്തരം സത്യപ്പകർപ്പ് വിചാരങ്ങൾ അതിൽ  വന്നിട്ടുണ്ടാവും, വരും. ശ്രീ. അബ്ബാസ്  തീർച്ചയായും മുസ്ലിം സ്ത്രീകളുടെ നോമ്പുകാല കഷ്ടപ്പാടുകൾ പറയാൻ ശ്രമിച്ചിട്ടുണ്ട്. അതിൽ പലതും മറ്റ് സമുദായങ്ങളിലെ സ്ത്രീകളുടെകൂടി അവസ്ഥയാണെന്ന ന്യായം പറഞ്ഞ് മൊത്തം  അതിനെ നിരാകരിക്കാനാവില്ല. 

എന്നാൽ ഒരു പത്രാധിപസമിതിക്ക് മുമ്പിൽ വരുന്ന കുറിപ്പിൽ പരസ്പര വൈരുദ്ധ്യം മുഴച്ച് നിൽക്കുന്നത് കാണാതെ പ്രസിദ്ധീകരിക്കുന്നത് ആ കുറിപ്പിന്റെ സദുദ്ദേശ്യത്തെ തന്നെ കെടുത്തിക്കളയും . 

കുറിപ്പുകാരൻ അടിവരയിടുന്ന ഒരു കാര്യമുണ്ട്. " അതിസമ്പന്നരുടെ വീടുകളിലെ നോമ്പുകാലത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. എന്നാൽ ഏറ്റവും താഴെ തട്ടിലുള്ള കൂലിപ്പണിക്കാരുടെ വീട്ടിലെ നോമ്പ് കാലങ്ങൾ  എനിക്ക് നന്നായിട്ട് അറിയാം"
എന്ന് . പക്ഷേ പറഞ്ഞതത്രയും പലവർണങ്ങളിലും മണങ്ങളിലും രുചികളിലും നാനാതരം വിഭവങ്ങൾ തയ്യാറാക്കുന്ന സമ്പന്ന കുടുംബങ്ങളിലെ കാര്യങ്ങളും . 

ലേഖനപ്രകാരം താഴെ തട്ടിലുളള വീടുകളിൽ ഭർത്താവും കുട്ടികളും എ.സി റൂമിലാവും കിടന്നുറങ്ങുന്നത്. അവിടെ  ഉച്ചക്ക് 12 മണിവരെ തുടക്കാനുള്ള 3000 - 4000 സ്ക്വയർ ഫീറ്റ് നിലവും മുറ്റവുമുണ്ടാവും. കഴുകാൻ എമ്പാടും കക്കൂസുകളുണ്ടാവും. കല്ലിൽ അടിച്ച് തിരുമ്പാൻ വസ്ത്രക്കൂട്ടങ്ങളുമുണ്ടാവും. 

കുറിപ്പിലെ മൊത്തം സമയം കൂട്ടി നോക്കുമ്പോൾ സ്ത്രീക്ക് വിശ്രമിക്കാൻ കിട്ടുന്ന സമയം മൂന്നോ നാലോ മണിക്കൂറാണ്. അതു പോലും ഒപ്പിച്ചെടുക്കാൻ ലേഖകന് കഴിയുന്നില്ല. കാരണം നിലം തുടച്ചും അടിച്ചും കഴിയുമ്പോഴേക്ക് തന്നെ ഉച്ച 12 മണിയാവും. ഒരു മണിക്ക് അടുക്കളയിൽ കയറുകയും വേണം. ഒരു മണിക്കൂർ കൊണ്ട് ലേഖകൻ കുളിയും നിസ്ക്കാരവും മാത്രമല്ല ഉറക്കവും കഴിപ്പിക്കുന്നുണ്ട്. തുടയ്ക്കൽ 11 മണിക്ക് അവസാനിപ്പിച്ചാൽ ഒരുവിധം അഡ്ജസ്റ്റ് ചെയ്യാവുന്നതായിരുന്നു. അടുത്ത കുറിപ്പിൽ ശ്രദ്ധിച്ചാൽ മതി.

എഡിറ്റ് ചെയ്തവർ  35-40 കൊല്ലമായി ഉഗാണ്ടയിലായിരുന്നുവെന്ന് കാണിക്കുന്ന വേറെയും കാര്യങ്ങൾ ഇതിലുണ്ട്. അതിലൊന്നാണ് നോമ്പ് തുറക്ക് ശേഷം നിർവഹിക്കുന്ന പാതിരാ നിസ്ക്കാരം. അശോകപുരത്ത് പോലും അത് രാത്രി ഒമ്പതിനോ ഒമ്പതേകാലിനോ അവസാനിക്കും. മുജാഹിദ് - ജമാഅത്ത് കുടുംബങ്ങളിലെ സ്ത്രീകൾ തറാവീഹ് നിസ്ക്കരിക്കാൻ പള്ളിയിൽ പോവുമ്പോൾ സുന്നികൾക്കിടയിൽ ഒരു ഗ്രാമത്തിൽതന്നെ നിരവധി വീടുകളിൽ കൂട്ട നിസ്കാരം വർഷങ്ങളായി നടക്കുന്നുണ്ട്. ഇവരുടെ എണ്ണത്തോടൊപ്പം നിൽക്കുന്നതാണ് തറാവീഹ് വീട്ടിൽ നിസ്കരിക്കുന്നവരും തീരേ നിസ്ക്കരിക്കാത്തവരും. 

ലേഖകൻ ഡിഫിക്കാരനാണെന്ന് പ്രൊഫൈലിൽനിന്ന് മനസിലാക്കാം. നമ്മൾ കേരളീയർ ജീവിത നിലവാര സൂചികയിൽ ലോക നിലവാരത്തിലാണെന്ന് ഇലക്ഷൻ പ്രചാരണ കാലത്ത് മാത്രം വെറും വർത്തമാനം പറയുന്നതാണോ? അല്ല . അതിൽ കുറേയേറെ ശരികളുണ്ട്. സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമാണിത്. മുൻകാലങ്ങളെ പോലെ ഉരലിൽ ഇടിച്ചല്ല ഇവിടെ പത്തിരിപ്പൊടിയുണ്ടാക്കുന്നത്. അത്യാവശ്യം വകയുള്ളവരൊക്കെ ഒരു സിന്റക്സ് ടാങ്കെങ്കിലും സംഘടിപ്പിച്ച്  പൈപ്പ് കണക്ഷനെടുക്കുന്നതിനാൽ വെള്ളം കെട്ടിവലിക്കേണ്ടി വരുന്നില്ല. മിക്സിയില്ലാത്ത വീടുകൾ കുറവായതിനാൽ അമ്മികളിൽ മുളക് പുരളുന്നില്ല. മധ്യവർഗത്തിന് മുകളിലുള്ള വീടുകളിലൊക്കെ വാഷിംഗ് മെഷീനുണ്ട്. നോമ്പ് പലഹാരങ്ങൾക്ക് വേണ്ടി ഗ്രാമങ്ങളിൽ പോലും തിരക്കുള്ള  കൗണ്ടറുകളുണ്ട്. ചില വീട്ടുകാരും ഇത് സപ്ലൈ ചെയ്യുന്നു. ഇതൊന്നും പ്രാപ്യമല്ലാത്ത  പട്ടിണിപ്പാവങ്ങൾ ഇവിടെ തീരെയില്ല എന്ന അവകാശ വാദവും ആർക്കുമില്ല. എന്നാൽ ലേഖകൻ പറയുന്നത് 11 മാസം അരപ്പട്ടിണിയും റമദാനിൽ മുഴുപ്പട്ടിണിയും കിടക്കുന്ന ഒരുപാട് മനുഷ്യർ ഇവിടെയുണ്ടെന്നാണ്. എങ്കിൽ ഇത്രയും കാലം ഇ.എം.എസ് മുതൽ പിണറായി വരേയുള്ളവർ കേരളത്തെ മറ്റൊരു ബംഗാളാക്കുകയായിരുന്നോ?  അതോ വരികൾക്കിടയിൽ വൈരുദ്ധ്യം പൂഴ്ത്തിവെച്ച് സി.പി.എമ്മിന് ഒരു പണി കൊടുക്കുകയായിരുന്നോ എഡിറ്റർമാർ. 

വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര ഇനിയും അവസാനിക്കുന്നില്ല. ഈ പ്രബുദ്ധ ജനാധിപത്യ നവോത്ഥാന കേരളത്തിൽ പണക്കാരൻ ദിവസവും "മൂന്നും അഞ്ചും പത്തും കിലോ " ഇറച്ചി വാങ്ങുമ്പോൾ അരക്കിലോ ഇറച്ചി വാങ്ങാൻ വന്നവൻ പണക്കാർക്കെല്ലാം കൊടുത്ത് തീരും വരെ ഒരക്ഷരം മിണ്ടാതെ കാത്തിരിക്കേണ്ടി വരുന്നു! ഇറച്ചിപ്പീടികയിൽ മാത്രമല്ല ഈ കാത്തിരിപ്പ് . പണക്കാരൻ ദിവസവും കിലോക്കണക്കിന് ഫ്രൂട്ട്സ് വാങ്ങുന്നിടത്തും പാവങ്ങൾ പ്രതിഷേധത്തിന്റെ ഒരൊച്ച പോലും ഉണ്ടാക്കുന്നില്ല. അതെ , ഈ നവോത്ഥാന കേരളത്തിൽ തന്നെ!. 

നോമ്പുതുറ -അത്താഴ ഭക്ഷണമൊക്കെ എല്ലാ വീടുകളിലും ലേഖനത്തിനൊപ്പം  കൊടുത്ത ചിത്രം പോലെയാണെന്ന് സ്ഥാപിക്കുന്നതിൽ  ചില  താൽപര്യങ്ങളുണ്ട്. അത് പക്ഷേ മറ്റൊരു ചർച്ചാ വിഷയമാണ്. എന്റെ വീട്ടിൽ നാല് പേർക്ക് നാല് കഷ്ണം പുട്ടാണുണ്ടാക്കുക. വൈകിട്ടത്തെ ബാക്കിയുണ്ടെങ്കിൽ അതുമില്ല. ചായയുണ്ടാക്കും. എന്നാൽ പരമാവധി വെള്ളം കുടിക്കും. മിക്ക വീടുകളിലും ഇതാണവസ്ഥ. എന്നാൽ തീറ്റപ്പണ്ടാരങ്ങൾ തീരേയില്ലെന്നും പറയാനാവില്ല. സ്ത്രീകളെ ഭർത്താവും കുട്ടികളും സഹായിക്കുന്ന വീടുകളും കഷ്ടപ്പെടുത്തുന്ന വീടുകളുമുണ്ട്. നോമ്പുകാലത്ത് മാത്രമല്ല മറ്റ് മാസങ്ങളിലും . ഇവിടെ ട്രൂകോപ്പി സ്റ്റോറി പ്രസരിപ്പിക്കുന്ന ചിത്രം പൊതുചിത്രമല്ല. എന്നാൽ ഇത്തരം സ്റ്റോറികൾ മാധ്യമ മത്സരക്കമ്പോളത്തിൽ ഏറെ വിറ്റഴിക്കപ്പെടുന്നതാണ്. 

ഏറെ അദ്ഭുതപ്പെടുത്താതിരുന്നത് ഈ കുറിപ്പിൽ വിയോജിപ്പിന്റെ ഒരു പോയിന്റ് പോലും പ്രകടിപ്പിക്കാതെ ഫുൾ മാർക്കിട്ട ചില അദ്ധ്യാപകരുടേതാണ്. ഒരുപക്ഷേ പുതിയ അദ്ധ്യാപന രീതി ശീലിച്ചതു കൊണ്ടാവും. അല്ലെങ്കിൽ അവർക്ക് ചില അംഗീകാര പത്രങ്ങൾ വേണ്ടതിനാലാവും.. പല നേരങ്ങളിലും പല വിഷയങ്ങളിലും  മൗനം ഭുജിച്ചും ചില നേരങ്ങളിൽ നിക്ഷ്പക്ഷ നാട്യത്തിലുള്ള പ്രതിരോധം തീർത്തും അവർ അംഗീകാരങ്ങൾ നേടുന്നുണ്ടല്ലോ.

ആകെ മൊത്തം പറഞ്ഞു വന്നത് ഇതാണ്. കുഴപ്പം ട്രൂകോപ്പി  ലേഖകന്റേതല്ല. ഉഗാണ്ടയിൽ ജീവിക്കുന്ന എഡിറ്റർമാരുടേതാണ്.

 

Latest News