ഫേസ്ബുക്ക് ലൈവില്‍ ജീവനൊടുക്കാനെത്തിയ  യുവാവിനെ പോലീസ് രക്ഷപ്പെടുത്തി 

ന്യൂദല്‍ഹി-ഫേസ്ബുക്ക് ലൈവില്‍ വന്ന് ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അറിയിച്ച യുവാവിനെ രക്ഷിച്ച് പോലീസ്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. നാല്‍പ്പതോളം ഗുളികകള്‍ കഴിച്ചാണ് 25കാരനായ യുവാവ് ആത്മഹത്യാശ്രമം നടത്തിയത്. രാത്രി ലൈവില്‍ വന്ന യുവാവ് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും അതെല്ലാവരെയും അറിയിക്കാനാണ് എത്തിയതെന്നും പറഞ്ഞു. പിന്നാലെ ഫേസ്ബുക്ക് ദല്‍ഹി പോലീസിന് ഇത് സംബന്ധിച്ച സന്ദേശം കൈമാറി. തുടര്‍ന്ന് ദല്‍ഹി പോലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍ (ഐഎഫ്എസ്ഒ) യൂണിറ്റ് യുവാവിന്റെ ലൊക്കേഷന് സമീപമുള്ള നന്ദ് നഗ്രി പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ യുവാവിന്റെ താമസസ്ഥലത്തെത്തി. കിടപ്പുമുറിയില്‍ അവശനായ നിലയില്‍ കണ്ട യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കി. ബോധം വന്നപ്പോള്‍ നാല്‍പ്പത് ഗുളികകള്‍ ഒരുമിച്ച് കഴിച്ചതായി യുവാവ് പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി മകന്‍ ഡിപ്രഷന്‍ സ്റ്റേജിലാണെന്നും അതിന്റെ ചികിത്സ തുടരുകയായിരുന്നു എന്നും യുവാവിന്റെ രക്ഷിതാക്കള്‍ പറഞ്ഞു.


 

Latest News