ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് നടി താപ്‌സിക്കെതിരെ പോലീസില്‍ പരാതി

ന്യൂദല്‍ഹി- അശ്ലീല വേഷത്തില്‍ ലക്ഷ്മീ ദേവിയുടെ രൂപമുള്ള നെക്‌ലേസ് ധരിച്ചുവെന്ന് ആരോപിച്ച് ബോളിവുഡ് നടി താപ്‌സി പന്നുവിനെതിരെ സംഘ്പരിവാര്‍ സംഘടനയുടെ പരാതി.
പിങ്ക്, ബ്ലര്‍, ഹസീന്‍ ദില്‍റുബ തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത താപ്‌സി മത വികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം.
മാറിടം കാണുന്ന വസ്ത്രവും ലക്ഷ്മീ ദേവിയുടെ രൂപമുള്ള നെക് ലേസും ധരിച്ച് മുംബൈയില്‍ നടന്ന ലാക്‌മെ ഫാഷന്‍ വീക്കിലാണ് മാര്‍ച്ച് 12 ന് താപ്‌സി പങ്കെടുത്തത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും നടി തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്തത്.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു രക്ഷക് സംഘാതന്‍ കണ്‍വീനര്‍ എകലവ്യ സിംഗ് ഗൗറാണ് പോലീസില്‍ പരാതി നല്‍കിയത്. ബി.ജെ.പി എം.എല്‍.എ മാലിനി ഗൗറിന്റെ മകനാണ് ഏകലവ്യ.
മതത്തിന്റെ പ്രതിഛായ തകര്‍ത്തുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് താപ്‌സിക്കെതിരെ നല്‍കിയ പരാതിയില്‍ പറയുന്നതെന്ന് പോലീസ് പറഞ്ഞു. ആരോപണങ്ങളില്‍ താപ്‌സി പ്രതികരിച്ചിട്ടില്ല.

 

Latest News