ന്യൂദല്‍ഹി- നാലു ദിവസമായി ദല്‍ഹിയിലെ ഐഎഎസ് ഓഫീസര്‍മാരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നടത്തി വരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുക, പൊതുജനത്തിന് വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ് എന്നിവര്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ നടത്തി വരുന്ന സമരം തുടരുന്നു. ഗവര്‍ണര്‍ അനില്‍ ബൈജിലാല്‍ ഈ ആവശ്യങ്ങല്‍ അംഗീകരിക്കാന്‍ തയാറായിട്ടില്ല. ഇവരെ കാണാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം മുതല്‍ ഗവര്‍ണറുടെ വസതിയിലെ സന്ദര്‍ശക മുറിയില്‍ മന്ത്രിമാര്‍ സമരത്തിലാണ്. മന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാത്രി അന്തിയുറങ്ങിയതും ഇവിടുത്തെ സോഫയിലായിരുന്നു. ലഫ്. ഗവര്‍ണറുടെ തിരക്കൊഴിഞ്ഞ് ഇന്നെങ്കിലും കാണാനാകുമെന്ന പ്രതീക്ഷയിലാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
ഭരണം സതംഭിപ്പിച്ചുള്ള ഉദ്യോഗസ്ഥരുടെ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് തിങ്കളാഴ്ച വൈകുന്നേരം ആറു മണിക്ക് ഗവര്‍ണറുടെ വസതിയായ രാജ് നിവാസില്‍ മുഖ്യമന്ത്രി കെജ്രിവാളും മറ്റു മന്ത്രിമാരും എത്തിയത്. ഗവര്‍ണറെ കാണാതെ ഇവിടെ നിന്നും തിരിച്ചു പോകില്ലെന്നാണ് ഇവരുടെ നിലപാട്. കെജ്രിവാളും മന്ത്രിസഭാംഗങ്ങളും സോഫയില്‍ ഉറങ്ങുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും അകാരണമായാണ് സമരം നടത്തുന്നതെന്നാണ് ഗവര്‍ണറുടെ ഓഫീസ് പറയുന്നത്.
പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ദല്‍ഹി സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരം അവസാനിപ്പിക്കുക, ജോലി ചെയ്യാത്തതിന് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കുക, റേഷന്‍ വീടുകളില്‍ നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് അനുമതി നല്‍കുക എന്നിവയാണ് ആവശ്യങ്ങള്‍. ഇവ മൂന്നും ഗവര്‍ണര്‍ തള്ളിയതോടെ മറ്റു വഴികളൊന്നുമില്ലാത്തതിനാലാണ് സമരമെന്ന് കെജ്രിവാള്‍ വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങളില്‍ നടപടി സ്വീകരിക്കുന്നതു വരെ ഗവര്‍ണറുടെ വസതി വിട്ടു പോകില്ലെന്ന് മാന്യമായി തന്നെ ഗവര്‍ണറെ ഉണര്‍ത്തിയിട്ടുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.