പരാതികള്‍ കൂടിയിട്ടും വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നില്ല, വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂദല്‍ഹി- വിദ്വേഷ പ്രസംഗങ്ങള്‍ ഉന്‍മൂലനം ചെയ്യേണ്ടത് സാമുദായിക ഐക്യത്തിന് അനിവാര്യമാണെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി സാമൂദായിക ഐക്യത്തിനും കെട്ടുറപ്പിനും ഇവ ഇല്ലാതാക്കേണ്ടത് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയത്.
    രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ നിരന്തരം പരാതികള്‍ ലഭിക്കുന്നതല്ലാതെ തടയാന്‍ പ്രശ്‌നപരിഹാരത്തിന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടു കോടതി ചോദിച്ചു. വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് 18 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. ഹരജികള്‍ ബുധനാഴ്ച വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
    ഭരണഘടന അനുശാസിക്കുന്നത് പ്രകാരം ഇന്ത്യ ഒരു മതേതര രാജ്യമാണെന്നു വ്യക്തമാക്കിയ സുപ്രീംകോടതി കഴിഞ്ഞ ഒക്ടോബര്‍ 21ന് പരാതികള്‍ ലഭിച്ചില്ലെങ്കില്‍ പോലും വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരേ കേസെടുത്തിരിക്കണമെന്ന് ദല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നടപടിയെടുക്കാന്‍ വൈകിയാല്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന  താക്കീതും നല്‍കിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News