Sorry, you need to enable JavaScript to visit this website.

ഹിന്ദു ഉത്സവത്തില്‍ ഖുര്‍ആന്‍ പാരായണം; സംഘ്പരിവാര്‍ പ്രതിഷേധം അക്രമത്തില്‍, പോലീസ് ലാത്തിച്ചാര്‍ജ്

ഹാസന്‍- കര്‍ണാടകയിലെ ചരിത്രപ്രസിദ്ധമായ ഹിന്ദുമത മേളയില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെതിരെ  ബേലുരു പട്ടണത്തില്‍ സംഘ്പരിവാര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ലാത്തിച്ചാര്‍ജ് നടത്തി.  ബജ്‌റംഗ്ദളും മറ്റു സംഘ് പരിവാര്‍ പ്രവര്‍ത്തകരുമാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.  
ബേലുരു ടൗണില്‍ സംഘ്പരിവാര്‍ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധത്തിനിടയില്‍ ഒരു മുസ്ലീം യുവാവ് ഖുര്‍ആന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതോടെ സ്ഥിതി വഷളായി. ബജ്‌റംഗ്ദള്‍, സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ യുവാവിനെ വളഞ്ഞിട്ട് ചോദ്യം ചെയ്തു.

യുവാവ് സമരക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതോടെ സ്ഥിതി ഗുരുതരമായി. പിന്നീട് പ്രതിഷേധക്കാര്‍ ഇയാളെ ഓടിച്ചു. ഇതിനിടെ മറ്റൊരു സംഘം സമരക്കാര്‍ റോഡ് ഉപരോധിച്ചു.
പ്രതിഷേധക്കാര്‍ അക്രമാസക്തമായതോടെ
പോലീസ് ലാത്തിച്ചാര്‍ജ് നടത്തി ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു.  യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഹിന്ദുമത മേളയില്‍ ഖുര്‍ആന്‍  സൂക്തങ്ങള്‍ ചൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു പ്രവര്‍ത്തകര്‍ തഹസില്‍ദാര്‍ ഓഫീസില്‍ നിവേദനം നല്‍കിയിരുന്നു. ഏപ്രില്‍ മൂന്നിനകം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കണമെന്നും അവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
ബേലുരു നഗരത്തില്‍ നടന്ന ചരിത്രപ്രസിദ്ധമായ ചെന്നകേശവ രഥോത്സവത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ആചാരത്തെയാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ എതിര്‍ക്കുന്നത്. ആചാരം ഹിന്ദുമതത്തിന് എതിരാണെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
 മേള ഏപ്രില്‍ നാലിന് നടക്കാനിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പരമാവധി ധ്രുവീകരണത്തിനാണ് സംഘ്പരിവാര്‍ ശ്രമം. വര്‍ഗീയ ചേരിവുണ്ടാകുന്ന സംഭവവികാസങ്ങളില്‍ ജില്ലാ ഭരണകൂടം തന്നെ ആശങ്ക പ്രകടിപ്പിക്കുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ഹിന്ദു ക്ഷേത്രമാണ് ബേലുരു ചെന്നകേശവ. മൂന്ന് തലമുറകളിലായി  ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 103 വര്‍ഷമെടുത്തു. വാസ്തുവിദ്യയില്‍ ശ്രദ്ധേയമായ ക്ഷേത്രം യുനെസ്‌കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കന്നുണ്ട്.
കഴിഞ്ഞ വര്‍ഷം സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ എതിര്‍പ്പിനിടിയലും  മത മേളയ്ക്കിടെ ഖുര്‍ആന്‍ പാരായണം നടത്തിയിരുന്നു. ഹിന്ദു ദൈവത്തിന് മുമ്പാകെ ഖുര്‍ആന്‍ പാരായണം എന്ന ആചാരം 1932 ല്‍ നിര്‍ബന്ധിതമായി ചേര്‍ത്തതാണെന്ന്  സംഘ്പരിവാര്‍ ആരോപിക്കുന്നു.  
മുസ്ലിം പള്ളികളിലും ദര്‍ഗകളിലും ഹിന്ദു പ്രാര്‍ത്ഥന ചൊല്ലാന്‍ സാധിക്കുമോ എന്നാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.  പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി ഹിന്ദുക്കളുടെ മേല്‍ ഈ ആചാരം നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിച്ചതാണെന്ന് അവര്‍ പറഞ്ഞു.
ബേലൂര്‍ ചെന്നകേശവ ക്ഷേത്രത്തിലെ 'രഥോത്സവം' ചടങ്ങ് രണ്ട് ദിവസം മാത്രമാണ് നടത്തുന്നത്. ചന്നകേശവ വിഗ്രഹം മൈസൂര്‍ രാജാക്കന്മാര്‍ സമ്മാനിച്ച സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ കൊണ്ട് അലങ്കരിക്കും. ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്ര മേളയില്‍ ഒത്തുകൂടുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News