ന്യൂദൽഹി- വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുൻ നിർത്തി നരേന്ദ്ര മോഡിക്കും ബിജെപിക്കും മുന്നിൽ വമ്പൻ വെല്ലുവിളിയുമായി ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദൽഹിക്കു പൂർണ സംസ്ഥാന പദവി എന്ന ആവശ്യം ഉന്നയിച്ചാണ് 2019 ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാൻ കെജ്രിവാളും ആം ആദ്മി പാർട്ടിയും മുന്നിട്ടിറങ്ങാൻ പോകുന്നത്. പൂർണ സംസ്ഥാന പദവി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രമേയം ഇന്നലെ ഡൽഹി നിയമസഭ പാസാക്കിയതിനു പിന്നാലെയാണ് കെജ്രിവാൾ പോർവിളി മുഴക്കിയത്. കഴിഞ്ഞ ഞായറാഴ്ച പാർട്ടി നേതാക്കളെ അഭിസംബോധന ചെയ്ത് സ്വാതന്ത്ര്യ സമര കാലത്ത് ക്വിറ്റ് ഇന്ത്യ സമര മാതൃകയിൽ ലെഫ്. ഗവർണർ ഡൽഹി വിട്ടു പോകാൻ സമരം നടത്തണമെന്നും കെജ്രിവാൾ ആഹ്വാനം ചെയ്തിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനു മുൻപ് തന്നെ ഡൽഹി പൂർണ സംസ്ഥാന പദവി നൽകണം എന്നാണ് കെജ്രിവാളിന്റെ ആവശ്യം. ഇന്നലെ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ ശക്തമായ താക്കീതാണ് കെജ്രിവാൾ ബിജെപിക്കു നൽകിയത്. 2019 തെരഞ്ഞെടുപ്പിനു മുൻപായി ദൽഹിക്കു പൂർണ സംസ്ഥാന പദവി നൽകണം. ഇക്കാര്യം നടപ്പായാൽ ഡൽഹിയിലെ ഓരോ വോട്ടും ബിജെപിക്ക് അനുകൂലമാകും. പൂർണ സംസ്ഥാന പദവി യാഥാർഥ്യമായാൽ തങ്ങൾ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങും. ഇത് നടന്നില്ലെങ്കിൽ ബിജെപി ദൽഹി വിട്ടു പോകണം എന്നാവശ്യപ്പെടുന്ന ബോർഡുകൾ ദൽഹിയിൽ ഉയരും എന്നുമാണ് കെജ്രിവാൾ മുന്നറിയിപ്പു നൽകിയത്.