രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു, ആശങ്ക പടരുന്നു

ന്യൂദല്‍ഹി - രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ  എണ്ണം 10,000 കടന്നു. നിലവില്‍ 10,300 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,805 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത്. നിലവില്‍ 3.19 ആണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. എന്നാല്‍ കോവിഡ് വീണ്ടും പിടിമുറുക്കുകയാണെന്നും പരിശോധന ഇപ്പോള്‍ വ്യാപകമായി നടക്കാത്തതുകൊണ്ടാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന കാണപ്പെടാത്തതെന്നുമാണ് വിലയിരുത്തല്‍. ഏഴ് കൊവിഡ് മരണങ്ങള്‍ കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും രണ്ട് വീതവും കേരളത്തില്‍ മൂന്നു പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.   
കോവിഡ് കണക്കുകള്‍ പ്രതിക്ഷച്ചതിനേക്കാള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യം ജാഗ്രതയിലാണ്. പരിശോധനകളുടെ എണ്ണം കൂട്ടി രോഗ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളം അടക്കം കോവിഡ് രോഗികള്‍ കൂടുതലുള്ള ആറ് സംസ്ഥാനങ്ങളില്‍ ആശുപത്രികളില്‍ അടിയന്തര സജ്ജീകരണങ്ങള്‍ ഒരുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐ സി എം ആറും സംയുക്തമായി തയാറാക്കിയ നിര്‍ദേശങ്ങളാണ് സംസ്ഥാനങ്ങള്‍ക്ക് കൈമാറിയത്. എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ മോക്ഡ്രില്ലില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശമുണ്ട്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണോ എന്ന് വിലയിരുത്താനാണിത്.

 

Latest News