Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്നസെന്റിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

തിരുവനന്തപുരം- സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട്  പ്രേക്ഷക സമൂഹത്തിന്റെ മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പര്‍ശിച്ച് നിലപാടുകള്‍ എടുത്ത പൊതുപ്രവര്‍ത്തകനുമായിരുന്നു ഇന്നസെന്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിര്‍മാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി. 

എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ്  ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യര്‍ഥന പ്രകാരം ലോക്‌സഭ സ്ഥാനാര്‍ഥി ആയതും വിജയിച്ചശേഷം പാര്‍ലമെന്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓര്‍ക്കും. 

നിശ്ചയദാര്‍ഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേള്‍ക്കുന്ന മാത്രയില്‍തന്നെ തളര്‍ന്നുപോകുന്ന പലര്‍ക്കും ഇടയില്‍ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്റ് പറയുമായിരുന്നു. 

ചലച്ചിത്രത്തില്‍ എന്നതുപോലെ ജീവിതത്തിലും നര്‍മ്മമധുരമായ വാക്കുകള്‍ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകള്‍ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാവിധം നയിച്ചു. 

നമ്മുടെ കലാസാംസ്‌കാരിക രംഗങ്ങള്‍ക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News