കൽപറ്റ-അപകീർത്തി കേസിൽ സൂറത്ത് കീഴ്ക്കോടതി ശിക്ഷിച്ചതിനെത്തുടർന്നു എം.പി സ്ഥാനം നഷ്ടമായ രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പാർലമെന്റ് സെക്രട്ടേറിയറ്റ് നടപടിയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് നടത്തിയ നൈറ്റ് മാർച്ചിൽ വൻ പങ്കാളിത്തം. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാർ എന്നിവർ നയിച്ച മാർച്ചിൽ നൂറുകണക്കിനു യുവജനങ്ങൾ തീപ്പന്തങ്ങളുമായി അണിനിരന്നു. കേന്ദ്ര ഭരണത്തിനെതിരെ ഉശിരൻ മുദ്രാവാക്യങ്ങൾ മാർച്ചിൽ മുഴങ്ങി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് രാത്രി എട്ടരയോടെ ആരംഭിച്ച മാർച്ചിന് പുതിയ സ്റ്റാൻഡ് പരിസരത്തായിരുന്നു സമാപനം.
രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് നീക്കിയ സംഘ് പരിവാർ അജണ്ടക്കെതിരെ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട്ട് പ്രതിഷേധ ജ്വാല തീർത്തു. കോഴിക്കോട് അരയിടത്ത്പാലം ജംഗ്ഷനിൽ നിന്നു തുടങ്ങിയ പ്രതിഷേധം കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പിറന്ന നാടിന് വേണ്ടി കലഹിച്ചു കൊണ്ടിരിക്കുന്ന രാഹുൽ ഗാന്ധി ഒറ്റക്കല്ലെന്ന് പ്രതിഷേധക്കാർ ഉറക്കെ പ്രഖ്യാപിച്ചു. അക്രമിയായ അധികാരികളിൽ നിന്ന് വിമോചനം അനിവാര്യമാണെന്നും ഈ രാജ്യം കൈവിട്ടു പോകാതിരിക്കാൻരാഹുൽ ഗാന്ധിയുടെ വിമോചന സ്വപ്നങ്ങൾ ശക്തി പകരേണ്ടതുണ്ടെന്നും പ്രതിഷേധക്കാർ വിളിച്ചു പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഖ ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, ട്രഷറർ പി. ഇസ്മായിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഭാരവാഹികളായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് എടനീർ, സി. കെ മുഹമ്മദലി, ഗഫൂർ കോൽക്കളത്തിൽ, ടിപിഎം ജിഷാൻ,ഡോ. എം.കെ. മുനിർ എം എൽ എ, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി. ടി ഇസ്മായിൽ, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ. വി. കെ ഫൈസൽ ബാബു, ഓർഗനൈസിംഗ് സെക്രട്ടറി ടിപി അഷറഫലി, സെക്രട്ടറി സാജിദ് നടുവണ്ണൂർ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ. കെ നവാസ് സംബന്ധിച്ചു.