Sorry, you need to enable JavaScript to visit this website.

'അയോഗ്യനാക്കപ്പെട്ട എം.പി'; ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി

ന്യൂദൽഹി - മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട് എം.പി സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി. ലോക്‌സഭ എം.പി എന്നതിനു പകരം 'അയോഗ്യനാക്കപ്പെട്ട എം.പി' എന്നാണ് രാഹുൽ ട്വിറ്റർ ബയോയിൽ മാറ്റം വരുത്തിയത്. 
 2019-ൽ രാഹുൽ ഗാന്ധി കർണാടകയിലെ കോലാറിൽ നടത്തിയ പരാമർശം മോദി സമുദായത്തിന് മാനഹാനി ഉണ്ടാക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ഗജറാത്തിലെ സൂറത്ത് സി.ജെ.എം കോടതി രണ്ടു വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതേ തുടർന്ന് എം.പി സ്ഥാനത്തുനിന്നും രാഹുലിനെ അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.
 വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിക്കെതിരായുള്ള നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്ഘട്ടിൽ സത്യാഗ്രഹ സമരവും  വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങളും ശക്തമാവുകയാണ്. അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും പക്ഷപാതപരവുമായ മോദി സർക്കാറിന്റെ നടപടികൾക്കെതിരെ വിവിധ പ്രതിപക്ഷ കക്ഷികളും രംഗത്തുവന്നിട്ടുണ്ട്. 
 ഈ പ്രക്ഷോഭം വിജയം കാണാതെ പിന്നോട്ടില്ലെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് എതിരായ സത്യഗ്രഹം വരാനിരിക്കുന്ന സമരങ്ങളുടെ തുടക്കമാണെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.
 

Latest News