രാഹുലിനെ പൂട്ടാന്‍ പണ്ടേ ബി.ജെ.പി ശ്രമം, കടുത്ത നീക്കം ഇത്തവണ

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മാനനഷ്ടക്കേസുകളില്‍ ചെന്നു പെടുന്നത് ഇതാദ്യമല്ല. മോഡി എന്ന പേരുള്ളവരൊക്കെ കള്ളന്‍മാരാണോ എന്ന ചോദ്യത്തിന് 2019ല്‍ മറ്റൊരു മാനനഷ്ടക്കേസും രാഹുലിനെതിരേ വന്നിരുന്നു. ബി.ജെ.പി നേതാവ് നല്‍കിയ കേസില്‍ അന്ന് പട്‌ന കോടതി ജാമ്യം അനുവദിച്ചു.

2016 നവംബറില്‍ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് രാഹുലിനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. നോട്ട് നിരോധന വേളയിലെ കറന്‍സി ഇടപാടുകളിലൂടെ ബാങ്ക് അഴിമതി കാട്ടിയെന്ന ആരോപണമാണ് അന്ന് കുരുക്കായത്. ഈ കേസില്‍ അഹമ്മദാബാദ് കോടതി ജാമ്യം അനുവദിച്ചു. 2019 ല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മുംബൈ കോടതിയാണ് ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്.
ബംഗളുരുവില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയായിരുന്നു ഇത്. കൊലപാതകത്തെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തിയുള്ള പരാമര്‍ശമാണ് കേസിനു വഴിമരുന്നായത്.
2016ലും ആര്‍.എസ്.എസ് രാഹുലിനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 2015 ഡിസംബറില്‍ അസമിലെ ബാര്‍പേട്ട സത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് തന്നെ ആര്‍.എസ്.എസ് തടഞ്ഞുവെന്ന രാഹുലിന്റെ ആരോപണമാണ് അന്ന് കേസിന് വഴിവച്ചത്. ഈ കേസില്‍ ഗുവാഹത്തി കോടതി രാഹുലിനു ജാമ്യം അനുവദിച്ചു.
2016 ലും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ കേസില്‍ മഹാരാഷ്ട്രയിലെ ഭിവണ്ടി കോടതി രാഹുലിനു ജാമ്യം അനുവദിച്ചു. മഹാത്മാഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് ആണെന്ന് രാഹുല്‍ പറഞ്ഞെന്നായിരുന്നു കേസിലെ ആരോപണം. കോടതിയില്‍ തന്റെ വാദം തെളിയിക്കാന്‍ രാഹുല്‍ വിചാരണ നേരിടേണ്ടിവരുമെന്ന് അന്ന് സുപ്രീം കോടതി വിധിച്ചു.
ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ 2015 ഡിസംബറില്‍ അമ്മ സോണിയാ ഗാന്ധിയ്‌ക്കൊപ്പം രാഹുലിനു ജാമ്യം കിട്ടിയിരുന്നു.

 

Latest News