ഒന്നിക്കുമോ പ്രതിപക്ഷം?

രാഷ്ട്രീയ എതിരാളികളെ തറപറ്റിക്കാൻ എന്തു കുതന്ത്രവും പ്രയോഗിക്കാൻ ഫാസിസ്റ്റുകൾ തയാറാകുമെന്നതിന് ലോകചരിത്രത്തിലെ എത്രയോ സംഭവങ്ങൾ സാക്ഷി. അതിനായി ജനാധിപത്യ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാനും വേണ്ടിവന്നാൽ അവയെ അട്ടിമറിക്കാനും അവർ തയാറാകും. അതിന്റെ അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്കെതിരെ ഗുജറാത്തിൽ നിന്നു വന്നിരിക്കുന്ന കോടതിവിധിയും അതിന്റെ ചുവടുപിടിച്ച് അതിവേഗം അദ്ദേഹത്തിന്റെ ലോക്‌സഭാംഗത്വം തന്നെ അയോഗ്യതപ്പെടുത്തിയതും. ജനാധിപത്യ, ജുഡീഷ്യൽ സംവിധാനങ്ങളെ തങ്ങളുടെ താൽപര്യത്തിനനുസരിച്ച് ദുരുപയോഗം ചെയ്യുക എന്ന തന്ത്രമാണ് ഈ വിഷയത്തിൽ അവർ പ്രയോഗിച്ചിരിക്കുന്നത്. 
ഫാസിസ്റ്റുകളുടെ ഇത്തരം തന്ത്രങ്ങളും ലക്ഷ്യങ്ങളും തിരിച്ചറിഞ്ഞ് ഒന്നിക്കാനും ജനാധിപത്യ സംവിധാനത്തിലൂടെ അവരെ കീഴടക്കാനും ഇന്ത്യയിലെ പ്രതിപക്ഷം തയാറാകുമോ എന്ന ചോദ്യം തന്നെയാണ് ഈ സംഭവവും ഉയർത്തുന്നത്.
മോഡി എന്ന സമുദായത്തെ രാഹുൽ അധിക്ഷേപിച്ചു എന്ന വാദം തന്നെ സാമാന്യ നിയമബോധവും നീതിബോധവുമനുസരിച്ച് നിലനിൽക്കാത്തതാണെന്ന് രാജ്യത്തെ പ്രമുഖ നിയമജ്ഞരും രാഷ്ട്രീയ നേതാക്കളുമൊക്കെ ചൂണ്ടിക്കാണിച്ചുകഴിഞ്ഞു. അപകീർത്തി കേസിൽ പരാതിക്കാരൻ അപകീർത്തിക്ക് ഇരയായ ആൾ തന്നെയാകണമെന്നതാണ് പ്രാഥമിക വിഷയം. രാഹുൽ വിമർശിച്ചത് പ്രധാനമന്ത്രിയെയാണ്. അദ്ദേഹമാണ് പരാതി നൽകേണ്ടിയിരുന്നത്. എന്നാൽ നൽകിയത് ഇതൊന്നുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു മോഡി. 
രാഹുലിന്റെ പ്രസംഗം കർണാടകയിലെ കോലാറിലായിരുന്നു. ക്രിമിനൽ നടപടിച്ചട്ടം 202 പ്രകാരം സൂറത്ത് കോടതിയല്ല കേസ് കേൾക്കേണ്ടത്. നടപടികളിലേക്ക് കടക്കേണ്ടതും സൂറത്ത് കോടതിയല്ല. എന്നാൽ എന്തുകൊണ്ട് സൂറത്ത് എന്ന ചോദ്യത്തിനുത്തരം ഏതൊരു കൊച്ചുകുട്ടിക്കുമറിയാം. ശിക്ഷ വിധിച്ചതാകട്ടെ പുതിയ മജിസ്‌ട്രേട്ട്. ജുഡീഷ്യറിയെ പോലും കൈയിലൊതുക്കാൻ ഫാസിസ്റ്റുകൾക്ക് കഴിയുന്നു എന്ന വിമർശനം തന്നെയാണ് യാഥാർത്ഥ്യമാകുന്നത്. 
രാഹുൽ ഗാന്ധിയെ എല്ലാ ഭാഗത്തുനിന്നും വളഞ്ഞിട്ട് ആക്രമിക്കുന്ന തന്ത്രമാണ് സംഘപരിവാർ കുറച്ചുകാലമായി സ്വീകരിച്ചിരിക്കുന്നത്. ഏറെ ചർച്ച ചെയ്യപ്പെട്ട ഭാരത് ജോഡോ യാത്രക്കു ശേഷം അത് കൂടുതൽ രൂക്ഷമായിരിക്കുന്നു. രാഷ്ട്രീയം പറഞ്ഞ് രാഹുലിനെ നേരിടാനാകില്ലെന്ന് അവർക്കറിയാം. 
അതിനാലാണ് ഈ കേസ് പോലുള്ള തരംതാണ രീതികൾ സ്വീകരിക്കുന്നതും ലോക്‌സഭാഗത്വം നഷ്ടപ്പെടുന്ന രീതിയിൽ ഏറ്റവും പരമാവധി ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുന്നതും കൈയോടെ അയോഗ്യനാക്കുന്നതും. രാഹുലിന് ചെറിയ ശിക്ഷ വിധിക്കുന്നത് മോശം സന്ദേശം നൽകും, ജനപ്രതിനിധിയായ അദ്ദേഹം അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത് സമൂഹത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുമെന്നതിനാൽ ചെറിയ ശിക്ഷ നൽകാൻ കഴിയില്ല, അദ്ദേഹത്തിന്റെ പ്രസ്താവനകൾക്കും പരാമർശങ്ങൾക്കും വലിയ ജനശ്രദ്ധ ലഭിക്കും, ഈ സാഹചര്യത്തിൽ, ലഘുവായ ശിക്ഷ നൽകിയാൽ അത് സമൂഹത്തിന് മോശം സന്ദേശം നൽകും തുടങ്ങിയ കോടതി വചനങ്ങൾ ചിരിക്കാനല്ലാതെ മറ്റെന്തിനാണ് വക നൽകുന്നത്?
രാഹുലിന്റെ വസതിയിൽ പോലീസിനെ ഉപയോഗിച്ച് അനാവശ്യ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് അടുത്ത ദിവസമായിരുന്നു. ജോഡോ യാത്രയുടെ ഭാഗമായി, തന്നെ വന്നു കണ്ട ചില സ്ത്രീകൾ, തങ്ങൾ നേരിട്ട അനുഭവങ്ങൾ തന്നോട് പറഞ്ഞു എന്ന രാഹുലിന്റെ പരാമർശത്തിന്റെ പേരിലായിരുന്നു അത്. കള്ളന്മാരെ കുറിച്ചുള്ള പരാമർശം പോലെ ആരും സാധാരണ നിലക്കു പറയുന്ന കാര്യങ്ങളല്ലാതെ മറ്റെന്താണ് ഇതും? ഇത്തരം പ്രസംഗങ്ങൾക്കൊക്കെ കേസെടുക്കുകയാണെങ്കിൽ ആരെങ്കിലും അതിൽ നിന്നു രക്ഷപ്പെടുമോ? 
തികച്ചും അടിസ്ഥാനരഹിതമാണ് രാഹുൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലുള്ള വിവാദവും. അദ്ദേഹം ഇന്ത്യയെ അപമാനിച്ചു സംസാരിച്ചു എന്നാണ് വിമർശനം. ജനാധിപത്യത്തിന്റെ നിലനിൽപിന് സ്ഥാപനപരമായ ഘടന ആവശ്യമാണെന്നും പാർലമെന്റ്, സ്വതന്ത്ര മാധ്യമങ്ങൾ, നീതിന്യായ സംവിധാനം എന്നിവയെല്ലാം ജനാധിപത്യത്തിൽ അത്യന്താപേക്ഷിതമാണെന്നും ഇവക്കു മേലുണ്ടാകുന്ന നിയന്ത്രണങ്ങൾ ആ സംവിധാനത്തെ തകർക്കുമെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകൾ ഇളക്കുന്ന തരത്തിലുള്ള ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്നുമാണ് പ്രധാനമായും അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ നിരന്തരമായി നടപടികളെടുക്കുന്നു, ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു, മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നു. ഇന്ത്യൻ ജനാധിപത്യം മഹത്തരമാണെന്നും അതിനെ തകർക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കുകയാണ് തങ്ങളെന്നുമാണ് അദ്ദേഹമവിടെ അടിവരയിട്ടു പറഞ്ഞത്.
ഈ പ്രസംഗത്തിന്റെ പേരിലാണ് രാഹുലിനെതിരെ സംഘടിത ആക്രമണം നടക്കുന്നത്. അദ്ദേഹത്തെ പാർലമെന്റിൽ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ല. ഇപ്പോഴിതാ അയോഗ്യനുമാക്കി. അദ്ദേഹമെന്താണോ പറഞ്ഞത് അതു തന്നെയാണ് നടക്കുന്നത്. ലോകം വിരൽത്തുമ്പിലായ ഇക്കാലത്ത് മറ്റു രാജ്യങ്ങളിൽ പോയി തെറ്റായ കാര്യങ്ങൾ പറഞ്ഞ് രാജ്യത്തെ അപമാനിച്ചെന്നാണ് സംഘപരിവാറും കേന്ദ്ര സർക്കാരും പറയുന്നത്. സത്യത്തിൽ അതു ചെയ്തത് സാക്ഷാൽ നരേന്ദ്ര മോഡിയായിരുന്നു. അദ്ദേഹം ആദ്യമായി അധികാരമേറ്റതിനെ തുടർന്ന് പല രാജ്യങ്ങളിലും പോയി, ഇതുവരേയും ഇന്ത്യയുടെ അവസ്ഥ നാണം കെട്ടതായിരുന്നു, ഇനിയതു മാറുമെന്നൊക്കെ പ്രസംഗിച്ചത് മറക്കാറായിട്ടില്ലല്ലോ.
ഇന്ത്യൻ ജനാധിപത്യം അപകടത്തിൽ തന്നെയാണ്. അതിനെ രക്ഷിക്കാൻ ഇനിയാർക്കു കഴിയുമെന്നതാണ് ചോദ്യം. അതിനുള്ള അവസരമാണ് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. അത്തരമൊരു മഹത്തായ സന്ദർഭം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലുണ്ടുതാനും, 1977 തന്നെ. അന്നത്തേക്കാൾ അതിരൂക്ഷമാണ് ഇന്നത്തെ സാഹചര്യമെന്നു തിരിച്ചറിഞ്ഞ് ഒന്നിച്ചുനിന്ന് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പ്രതിപക്ഷം തയാറാകുമോ എന്നതു തന്നെയാണ് ആവർത്തിച്ചുയരുന്ന ചോദ്യം. എന്നാൽ പ്രതീക്ഷ നിർഭരമായ മറുപടിയല്ല കാണുന്നത്. രാഹുലിനെതിരായ നീക്കങ്ങളെ പോലും ബി.ജെ.പി തന്ത്രമായി വ്യാഖ്യാനിക്കുന്ന പ്രതിപക്ഷ നേതാക്കളുണ്ട്. മറ്റു നേതാക്കളെ അപ്രസക്തരാക്കാനാണത്രേ ബി.ജെ.പിയുടെ നീക്കം. 
സമീപ ദിവസങ്ങളിലെ സംഭവ വികാസങ്ങളിൽ പോലും രാഹുലിനും കോൺഗ്രസിനുമൊപ്പം നിൽക്കാൻ പല പ്രതിപക്ഷ പ്രസ്ഥാനങ്ങളും തയാറായിട്ടില്ല. മറിച്ച് മൂന്നാം മുന്നണിയുണ്ടാക്കി ത്രികോണ മത്സരം സൃഷ്ടിക്കാനാണ് അവരുടെ നീക്കം. എങ്കിൽ അതാരെയാണ് സഹായിക്കുക എന്നു തിരിച്ചറിയാൻ സാമാന്യ രാഷ്ട്രീയ ബോധം പോരേ? ഇപ്പോഴും ബി.ജെ.പി കഴിഞ്ഞാൽ ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും സ്വാധീനമുള്ള ഏക പാർട്ടി കോൺഗ്രസാണ്. അതുപോലെ അഖിലേന്ത്യ നേതാവ് എന്ന് വിശേഷിപ്പിക്കപ്പെടാൻ അർഹതയുള്ള നേതാവ് രാഹുലാണ്. ഈ യാഥാർത്ഥ്യമെങ്കിലും മനസ്സിലാക്കി, വർത്തമാനകാല രാഷ്ട്രീയ കടമ തിരിച്ചറിഞ്ഞ് നിലപാടെടുക്കാൻ പ്രതിപക്ഷ കക്ഷികൾ തയാറാകുന്നില്ലെങ്കിൽ അട്ടിമറിക്കപ്പെടാൻ പോകുന്നത് ഇന്ത്യൻ ജനാധിപത്യമായിരിക്കുമെന്നു തിരിച്ചറിയാൻ വലിയ രാഷ്ട്രീയ നിരീക്ഷകനൊന്നുമാവേണ്ടതില്ല. മിനിമം ജനാധിപത്യം ബോധം മാത്രം മതി. 

Latest News