രാഹുലിന്റെ അയോഗ്യതയും മോഡിയുടെ ഗൂഢാലോചനയും

തെരഞ്ഞെടുപ്പ് പ്രസംഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ച വയനാട് എം.പി രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കപ്പെട്ടിരിക്കുന്നു. മോഡി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചതിന് തൊട്ടു പിന്നാലെയാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് ലോക്‌സഭ സെക്രട്ടറിയേറ്റ് തിടുക്കത്തിൽ നടപടി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നടപടിയിൽ പോലും കേന്ദ്ര സർക്കാരിന്റെ അസഹിഷ്ണുതയും ഗൂഢാലോചനയുമെല്ലാം വ്യക്തമാണ്. 
മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിന് ശിക്ഷ പുറപ്പെടുവിച്ച അതേ കോടതി തന്നെ ഇത് 30 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു. അതായത് മേൽക്കോടതിയെ സമീപിക്കാൻ ആവശ്യമായ സമയം കൊടുക്കുകയാണ് വിചാരണ കോടതി ചെയ്തത്. രാഹുൽ ഗാന്ധിക്ക് മേൽക്കോടതിയെ സമീപിച്ച് ശിക്ഷ പൂർണമായും സ്‌റ്റേ ചെയ്യുന്നതിനുള്ള സാധ്യതകൾ ഈ കേസിലുണ്ടായിരുന്നു. അത് അദ്ദേഹം ഉപയോഗപ്പെടുത്താനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് രാഹുലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവ് വളരെ പെട്ടെന്ന് തന്നെ ലോക്‌സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്. തിടുക്കത്തിലുള്ള ഈ നടപടിയിൽ നിരവധി ദുരൂഹതകളാണ് ഉയരുന്നത്. 
മേൽക്കോടതിയിൽ നിന്ന് സ്‌റ്റേ ലഭിച്ചാൽ എം.പി സ്ഥാനത്ത് അയോഗ്യത ഉണ്ടാകുമായിരുന്നില്ല. മേൽക്കോടതിയിൽ ഉടൻ അപ്പീൽ നൽകുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും കോൺഗ്രസ് പാർട്ടി നേതാക്കൾ അറിയിക്കുകയും ചെയ്തിരുന്നു. അവിടെയാണ് രാഹുലിനെതിരെ കിട്ടിയ അവസരം ഏറ്റവും നന്നായി ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 
രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിക്കൊണ്ട് പെട്ടെന്നുള്ള നടപടിക്ക് നിയമപരമായ പിൻബലം കണ്ടെത്താൻ ലോക്‌സഭ സെക്രട്ടറിയേറ്റിന് സാധിച്ചേക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് എട്ട് (നാല്) പ്രകാരം ക്രിമിനൽ കേസുകളിൽ രണ്ടോ അതിലധികമോ വർഷം ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾ അയോഗ്യരാകും. എന്നാൽ ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകാൻ മൂന്ന്  മാസത്തെ സമയം ഈ നിയമത്തിൽ നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ അപ്പീൽ കാലാവധിയായ മൂന്ന് മാസം അയോഗ്യത കൽപിക്കാനാകില്ലെന്ന വ്യവസ്ഥ 2013 ൽ സുപ്രീം കോടതി റദ്ദാക്കി. ഇതിനെതിരെ അന്നത്തെ മൻമോഹൻസിംഗ്  സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിച്ച ഓർഡിനൻസിനെ ഇല്ലാതാക്കിയത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തന്നെയാണ്. ശിക്ഷ വിധിക്കെതിരെ അപ്പീൽ നൽകിയാൽ ശമ്പളവും വോട്ടവകാശവുമില്ലാതെ അപ്പീൽ കോടതി വിധി വരുന്നത് വരെ തുടരാനുള്ള അവകാശമായിരുന്നു ഓർഡിനൻസിലൂടെ കൊണ്ടുവരാൻ ഉദ്ദേശിച്ചത്. എന്നാൽ ദൽഹി പ്രസ് ക്ലബിൽ ഓർഡിനൻസിന്റെ കോപ്പി കീറി എറിഞ്ഞുകൊണ്ടാണ് രാഹുൽ ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. കടുത്ത പ്രതിഷേധത്തെ തുടർന്ന് ഓർഡിനൻസ് നിയമമായില്ല. ഇത് തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന് വിനയായതും. നിയമം നിയമത്തിന്റെ വഴിയിൽ തന്നെയാണ് നീങ്ങേണ്ടത്. അത് രാഹുൽ ഗാന്ധിയുടെ കാര്യത്തിലായാലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാര്യത്തിലായാലും അങ്ങനെ തന്നെ നടക്കണം.
എന്നാൽ ഇവിടെ അതല്ല പ്രശ്‌നം, രാഹുൽ ഗാന്ധിയുടെ വായടപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര സർക്കാരും കഴിഞ്ഞ കുറച്ചുകാലങ്ങളായി തുടരുന്ന ഗൂഢ നീക്കങ്ങളുടെ ഭാഗമായി തന്നെ വേണം കോടതി വിധിയെയും അതേത്തുടർന്നുള്ള ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ അതിവേഗത്തിലുള്ള ഇടപെടലിനെയും കാണേണ്ടത്. 
അഭിപ്രായ സ്വാത്രന്ത്യത്തെ നിയമത്തിന്റെ മറപിടിച്ച് തകർക്കാനുള്ള ശ്രമങ്ങൾ നരേന്ദ്ര മോഡി സർക്കാർ കഴിഞ്ഞ കുറച്ച് കാലങ്ങളായി നടത്തുന്നുണ്ട്. രാഹുൽ ഗാന്ധിക്കെതിരെയുള്ള ഇത്തരം നീക്കങ്ങൾ വളരെ പ്രകടമാണുതാനും. വിവിധ സ്ഥലങ്ങളിലെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും നടത്തിയ പരാമർശങ്ങളുടെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 16 കേസുകളാണ് രാഹുൽ ഗാന്ധിക്കെതിരെ ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. വാക്കുകളെ കീറിമുറിച്ച് അതിനെ നിയമത്തിന്റെ പിൻബലത്തിൽ കുടുക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എതിരാളികളുടെ അത്തരത്തിലുള്ള ശ്രമം വിജയിച്ചതിന്റെ തെളിവാണ് രാഹുലിന് ഇപ്പോൾ കിട്ടിയിരിക്കുന്ന അയോഗ്യത. വലിയൊരു കെണിയാണ് ഇതിന് പിന്നിൽ ഒരുക്കിയിരിക്കുന്നത്. 
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ രാഷ്ട്രീയ പാർട്ടികൾ ആരംഭിച്ച സമയത്ത്  തന്നെയാണ് രാഹുലിനെതെിരെ ബി.ജെ.പിയുടെ നിരന്തരമായ വേട്ടയാടലുകൾ നടക്കുന്നത്. ഭാരത് ജോഡോ യാത്രയിലൂടെ പുതിയ ഊർജവും പ്രതിഛായയുമെല്ലാം രാഹുലും കോൺഗ്രസും സ്വന്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. രണ്ടാം ഘട്ട യാത്രക്കുള്ള നടപടികൾ ആരംഭിക്കാനിരിക്കേയാണ് രാഹുലിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമങ്ങൾ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പഴയ രാഹുലിനെയല്ല കാണാൻ കഴിയുന്നത്. പ്രതിപക്ഷത്തെ ലക്ഷണമൊത്ത ഒരു നേതാവായി അദ്ദേഹം രൂപാന്തരപ്പെട്ടു തുടങ്ങിയിരിക്കുന്നു. നരേന്ദ്ര മോഡിയെയും സംഘപരിവാറിനെയുമെല്ലാം രൂക്ഷമായ ഭാഷയിൽ ആക്രമിച്ചു കൊണ്ട് രാജ്യത്തിന്റെ രാഷ്ട്രീയ മണ്ഡലത്തെയാകെ അദ്ദേഹം മാറ്റിമറിക്കുന്നുണ്ട്. അത് തന്നെയാണ് നരേന്ദ്ര മോഡിയും ബി.ജെ.പിയും രാഹുലിനെ വലിയ തോതിൽ ഭയപ്പെടാൻ കാരണം.
2024 പൊതുതെരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെട്ടാൽ തുടർഭരണമെന്ന മോഹം അവസാനിക്കുമെന്ന് ബി.ജെ.പിക്ക് കൃത്യമായ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ പ്രതിപക്ഷത്ത് ഐക്യം ഉണ്ടാകാതിരിക്കുന്നതിനുള്ള കുത്തിത്തിരിപ്പുകളാണ് മോഡിയും സംഘപരിവാറും തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ ഇരയാക്കപ്പെടുന്നത് രാഹുൽ ഗാന്ധിയാണ്. രാഹുലിന്റെ പേരിൽ പ്രതിപക്ഷത്ത് ഭിന്നസ്വരം സൃഷ്ടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതിനു വേണ്ടി നിയമ വ്യവസ്ഥകളെപ്പോലും മോഡിയും കൂട്ടരും കൈയടക്കുകയാണ്. 
എതിർക്കുന്നവരുടെ വായടപ്പിക്കുകയെന്നതാണ് നരേന്ദ്ര മോഡിയുടെ തന്ത്രം. അതിനായി നീതിപീഠത്തെയും മറ്റു ഭരണഘടന സ്ഥാപനങ്ങളെയും അന്വേഷണ സംവിധാനങ്ങളെയുമെല്ലാം വലിയ തോതിൽ കേന്ദ്ര സർക്കാർ ദുരുപയോഗം നടത്തിക്കൊണ്ടിരിക്കുന്നത് നിത്യേനയെന്നോണം കണ്ടുകൊണ്ടിരിക്കുകയാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ദേശീയ അന്വേഷണ ഏജൻസിയുമെല്ലാം നരേന്ദ്ര മോഡിുടെ കൈയിലെ വെറും പാവകളാണെന്ന് പകൽ പോലെ വ്യക്തമാക്കപ്പെട്ട് കഴിഞ്ഞതാണ്. പ്രധാനമന്ത്രിക്കെതിരെ ഒരക്ഷരം പോലും പറയാൻ പാടില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതി. വിമർശകർക്ക് ജയിലറയാണ് മോഡി കാണിച്ചു കൊടുക്കുന്നത്.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നതിൽ ലോക്‌സഭ സെക്രട്ടറിയേറ്റ് കാണിച്ച അനാവശ്യ വ്യഗ്രതക്കെതിരെ കടുത്ത പ്രതിഷേധം പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്ന് ഉയർന്നു വരേണ്ടതുണ്ട്. ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് നേതൃത്വം രംഗത്തു വന്നിട്ടുണ്ടെങ്കിലും പ്രതിപക്ഷത്ത് നിന്ന് ഇപ്പോഴും തണുപ്പൻ മട്ടിലുള്ള പ്രതികരണമാണ് ഉണ്ടാകുന്നത്. ഇത് നരേന്ദ്ര മോഡിക്കും സംഘപരിവാറിനുമൊക്കെ പുതിയ ഊർജം പകരുകയാണ് ചെയ്യുക. രാഹുലിന്റെ ശിക്ഷയും അയോഗ്യതയുമെല്ലാം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിനുള്ള കാഹളമായി മാറേണ്ടേതുണ്ട്. അല്ലാത്ത പക്ഷം കള്ളക്കേസുകൾ ചുമത്തിക്കൊണ്ട് പ്രതിപക്ഷ നേതാക്കളെ ഓരോരുത്തരെയായി മോഡി ജയിലിലേക്ക് പറഞ്ഞു വിടുമെന്ന കാര്യത്തിൽ സംശയം വേണ്ട.
 

Latest News