Sorry, you need to enable JavaScript to visit this website.

എൻസൊ -നീലപ്പടയുടെ രക്തനക്ഷത്രം

എൻസൊ ഫെർണാണ്ടസ്

കഴിഞ്ഞ ലോകകപ്പിന് ദോഹയിൽ എത്തുന്നത് വരെ എൻസോ ജെറമിയാസ് ഫെർണാണ്ടസ് എന്ന ഇരുപത്തൊന്നുകാരനെ ഫുട്‌ബോൾ ആരാധകർക്ക് അത്ര പരിചയമുണ്ടായിരുന്നില്ല. എന്നാൽ അർജന്റീന ലോകകപ്പ് നേടുന്നതിൽ നിർണായക പങ്കുവഹിച്ച ഈ മധ്യനിരക്കാരൻ  ഇന്ന് ലോക ഫുട്‌ബോളിലെ പൊന്നുംവിലയുള്ള താരങ്ങളിൽ ഒരാളാണ്. 2001 ജനുവരി 17 ന് അർജന്റീനയുടെ തലസ്ഥാന നഗരമായ ബ്യൂണസ്‌ഐറിസിന്റെ വടക്ക് കിഴക്കൻ പ്രദേശമായ സാൻ മാർട്ടിനിലാണ് റൗളിന്റെയും മാർത്തയുടെയും മകനായി എൻസോ ഫെർണാണ്ടസിന്റെ ജനനം. ചെറുപ്പം തൊട്ടേ ഫുട്‌ബോളിൽ മികവ് കാണിച്ചിരുന്ന എൻസോക്ക് പൂർണ പിന്തുണ നൽകിയ കുടുംബം അവനെ, അർജന്റീനയിലെ മുൻനിര ക്ലബ്ബായ റിവർപ്ലേറ്റിന്റെ അക്കാദമിയിൽ ചേർത്തു.


2019 ലാണ് റിവർപ്ലേറ്റിന്റെ സീനിയർ ടീമിൽ ഫെർണാണ്ടസ് അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം ലോൺ അടിസ്ഥാനത്തിൽ മറ്റൊരു അർജന്റീനൻ ക്ലബ്ബായ ഡിഫൻസ ജസ്റ്റിഷ്യയുടെ മധ്യനിരയിലും ഫെർണാണ്ടസ് മികച്ച പ്രകടനം പുറത്തെടുത്തു. അതുവഴി 2020-21 വർഷത്തെ കോപ സുഡമേരിക്കാനോയിലും റിക്കോപ്പ സുഡമേരിക്കാനോയിലും ഡിഫൻസ ജേതാക്കളായി. മധ്യനിരയിൽ എൻസോയുടെ വേഗവും പന്തടക്കവും മികച്ച നീക്കങ്ങളും ശ്രദ്ധയിൽപെട്ട റിവർപ്ലേറ്റിന്റെ പരിശീലകൻ മാഴ്‌സലോ ഗലാർഡോ ലോൺ കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയ യുവതാരത്തിന് കൂടുതൽ അവസരങ്ങൾ നൽകി. ഗലാർഡോക്ക് കീഴിൽ അർജന്റീന ലീഗിൽ 28 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളാണ് ഈ മധ്യനിരക്കാരൻ നേടിയത്. വൈകാതെ എൻസോയെ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾ ശ്രദ്ധിച്ചു തുടങ്ങി. ഒടുവിൽ 2022 പകുതിയോടെ 18 മില്യൺ യൂറോക്ക് പോർച്ചുഗീസ് വമ്പന്മാരായ ബെൻഫിക യുവതാരത്തെ സ്വന്തമാക്കി. ബെൻഫിക്കയുടെ ഇതിഹാസ താരമായിരുന്ന യുസേബിയോ ധരിച്ചിരുന്ന പതിമൂന്നാം നമ്പർ ജഴ്‌സി തന്നെയായിരുന്നു എൻസോക്കും നൽകിയത്. ആ വർഷത്തെ ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജി, യുവന്റസ് തുടങ്ങിയ വമ്പന്മാരെ പിന്നിലാക്കി ബെൻഫിക്ക ഗ്രൂപ്പ് ചാമ്പ്യന്മാരായതിൽ എൻസോയുടെ പങ്ക് വളരെ വലുതായിരുന്നു.


അധികം വൈകാതെ അർജന്റീനയുടെ ദേശീയ ടീമിലേക്കുള്ള വിളിയും യുവതാരത്തെ തേടിയെത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഹോണ്ടുറാസിനെതിരായ സൗഹൃദ മത്സരത്തിലെ രണ്ടാം പകുതിയിൽ നീലയും വെള്ളയും കുപ്പായമണിഞ്ഞ് രാജ്യത്തിനായി അരങ്ങേറ്റവും നടത്തി. ഖത്തർ ലോകകപ്പിനുള്ള അർജന്റീന ടീമിലേക്ക് പകരക്കാരനായിട്ടായിരുന്നു എൻസോയുടെ വരവ്. മെസ്സിയുടെ നാട്ടുകാരനും സ്‌കലോണിയുടെ വജ്രായുധവുമായ മധ്യനിരക്കാരൻ ജിയോവാനി ലോ സെൽസോയുടെ പരിക്കായിരുന്നു യുവതാരത്തിന് ദേശീയ ടീമിലേക്കുള്ള വാതിൽ തുറന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദിയോടേറ്റ തോൽവിക്ക് ശേഷം അർജന്റീനയുടെ രണ്ടാം മത്സരം കരുത്തരായ മെക്‌സിക്കോക്ക് എതിരെയായിരുന്നു. ഇനിയൊരു തോൽവി കൂടി ആൽബിസെലെസ്റ്റകൾക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. ഗോൾരഹിതമായ ആദ്യ പകുതി അർജന്റീന ആരാധകരുടെ മനസ്സിൽ ആശങ്ക വിതച്ചു. 57 ാം മിനിറ്റിൽ മധ്യനിരയിൽ നിന്ന് ഗയ്‌ഡോ റോഡ്രിഗസിനെ പിൻവലിച്ച എൻസോയെ കോച്ച് കളത്തിലിറക്കി. അതോടെ മത്സരത്തിൽ അർജന്റീന ആധിപത്യം സ്ഥാപിച്ചു.

64 ാം മിനിറ്റിൽ നായകൻ മെസ്സി തന്നെ നീലപ്പടയെ മുന്നിലെത്തിച്ചപ്പോൾ ലുസൈൽ സ്‌റ്റേഡിയം ഇളകി മറിഞ്ഞു. കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കേ മെസ്സി നീട്ടി നൽകിയ പന്തുമായി ശരവേഗത്തിൽ പെനാൽറ്റി ബോക്‌സിലേക്ക് കുതിച്ച എൻസൊ രണ്ട് പ്രതിരോധ നിരക്കാരെ വെട്ടിയൊഴിഞ്ഞ് വർത്തമാനകാല ഫുട്‌ബോളിലെ മികച്ച ഗോളിമാരിൽ ഒരാളായ ഗിയർമോ ഒച്ചാവോ കാത്ത പോസ്റ്റിലേക്ക് കരുത്തുള്ളൊരു ഷോട്ടുതിർത്തു. പന്ത് വളഞ്ഞുപുളഞ്ഞ് പോസ്റ്റിന്റെ വലതു മൂലയിൽ ചുംബിച്ചു. ഒച്ചാവോക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ലോകകപ്പ് പോലുള്ള വലിയൊരു വേദിയിൽ, അതും നിർണായകമായ മത്സരത്തിൽ എൻസോ ഫെർണാണ്ടസിന്റെ ആദ്യ രാജ്യാന്തര ഗോൾ അവിടെ പിറവി കൊള്ളുകയായിരുന്നു. അവിടം തൊട്ട് വിശ്വകിരീടം നേടുന്നത് വരെ എൻസോ ടീമിലെ നിർണായക സ്വാധീനമായി മാറി. മൂന്ന് പതിറ്റാണ്ടിനു ശേഷം അർജന്റീന കപ്പുയർത്തുമ്പോൾ ആ ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള അംഗീകാരവും ഫെർണാണ്ടസിനെ തേടിയെത്തി. ഇന്ന് പ്രതിഭാധനനായ ആ 21 കാരൻ ഇല്ലാത്ത അർജന്റീനൻ ടീമിനെ ഫുട്‌ബോൾ ആരാധകർക്ക് സങ്കൽപിക്കാൻ പോലും കഴിയില്ല. ലോകകപ്പിനു ശേഷം യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ എൻസോയെ തേടിയെത്തി.  റിവർപ്ലേറ്റിൽ നിന്ന് ബെൻഫിക്കയിലെത്തി ആറു മാസം കൊണ്ട് യുവതാരത്തിന്റെ വിപണി മൂല്യം കൂടി. ഇതോടെ താരത്തിന്റെ വില പോർച്ചുഗീസ് ക്ലബ്ബ് 120 മില്യണായി ഉയർത്തി. ഒടുവിൽ ഒരുവിധ വിലപേശലിനും നിൽക്കാതെ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസി എൻസോ ഫെർണാണ്ടസിനെ സ്വന്തമാക്കി. മികച്ച പന്തടക്കവും കണ്ണഞ്ചിപ്പിക്കുന്ന വേഗവും കൃത്യതയും കൈമുതലായുള്ള എൻസോക്ക് ആൽബിസെലെസ്റ്റകളുടെ മധ്യനിരയിൽ ഏറെക്കാലം നിറഞ്ഞു നിൽക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.

Latest News