ബെംഗളൂരു- കര്‍ണാടകയില്‍ മുസ്ലിംകള്ക്കുണ്ടായിരുന്ന നാല് ശതമാനം സംവരണം നിര്‍ത്തലാക്കി ബി. ജെ. പി സര്‍ക്കാര്‍. മുസ്ലിംകളുടെ സംവരണം രണ്ട് ശതമാനം വീതം വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് വീതിച്ചു നല്കാന് തീരുമാനം. ഒ. ബി. സി സംവരണ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന മുസ്ലിംകളെ മുന്നോക്ക സംവരണത്തിലെ ഇ. ഡബ്ല്യു. എസ് വിഭാഗത്തിന്റെ പത്ത് ശതമാനത്തിലാണ് ഉള്‍പ്പെടുത്തുക. കര്‍ണാടക മന്ത്രിസഭയാണ് ഈ തീരുമാനമെടുത്തത്.
ഈ വര്‍ഷം അവസാനം കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വര്‍ഗ്ഗീയ ചേരിതിരിവിനുള്ള ശ്രമങ്ങള്‍ ബി. ജെ. പി ആരംഭിച്ചത്. ദക്ഷിണേന്ത്യയില്‍ ബി. ജെ. പിക്ക് ഭരണമുള്ള ഏക സംസ്ഥാനമാണ് കര്‍ണാടക. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രചരണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ബി. ജെ. പിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനം തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാനുള്ള നീക്കമാണ് മുസ്ലിംകളുടെ സംവരണം വെട്ടിക്കുറച്ചതിന് പിന്നിലെന്ന് ഇതിനകം പല ഭാഗങ്ങളില്‍ നിന്നായി വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
അതിനിടെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണം സംബന്ധിച്ച കമ്മീഷന് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളില്‍ സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാറിന് സുപ്രിം കോടതി സമയം അനുവദിച്ചിരുന്നു. രാഷ്ട്രീയ പിന്നാക്കാവസ്ഥയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഇതുസംബന്ധിച്ച തീരുമാനം വരികയെന്നാണ് വിവരം.
നിലവില്‍ പത്ത് ശതമാനം സംവരണമുള്ള ഇ. ഡബ്ല്യു. എസ് വിഭാഗത്തില്‍ ബ്രാഹ്മണര്‍, ആര്യ വൈശ്യന്മാര്, നാഗര്ത്ത, മുദലിയാര്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്. നാല് ശതമാനത്തില്‍ നിന്നും മുസ്ലിം വിഭാഗം 10 ശതമാനത്തിന്റെ വലിയ ക്വാട്ടയിലേക്കാണ് എത്തിയതെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു. അതോടൊപ്പം ചില മുസ്ലിം വിഭാഗങ്ങള്‍ കാറ്റഗറി 1ലെ നാല് ശതമാനത്തിലും കാറ്റഗറി 2എയിലെ 15 ശതമാനത്തിലും ഉള്‍പ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ അത് ഏതൊക്കെ വിഭാഗങ്ങളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.
നിലവില്‍ വൊക്കലിംഗ സമുദായത്തിന് നാല് ശതമാനവും ലിംഗായത്തുകള്‍ക്ക് അഞ്ച് ശതമാനവും സംവരണമുണ്ട്. മുസ്ലിംകളുടെ നാല് ശതമാനം ഈ വിഭാഗങ്ങള്‍ക്ക് വീതിച്ചു നല്‍കുന്നതോടെ വൊക്കലിംഗര്‍ക്ക് ആറ് ശതമാനവും ലിംഗായത്തുകള്‍ക്ക് ഏഴ് ശതമാനവുമായി സംവരണം ഉയരും.






