അജ്മാന്‍- വിഷാദ രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്ന 16 വയസ്സായ അറബ് പെണ്‍കുട്ടി വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചു. അജ്മാനിലെ അല്‍ റൗദയിലെ സ്വന്തം വീട്ടിലാണ് പെണ്‍കുട്ടി ഷാള്‍ ഉപയോഗിച്ച് തൂങ്ങിയത്.
വിഷാദ രോഗത്തെ കുറിച്ച് അമേരിക്കന്‍ മനശാസ്ത്രജ്ഞന്‍ കെയ് റെഡ്ഫീല്‍ഡ് ജാമിസണ്‍ എഴുതിയ ആന്‍ അണ്‍ക്വയറ്റ് മൈന്‍ഡ് എന്ന പ്രശസ്തമായ പുസ്തകം പെണ്‍കുട്ടിയുടെ മൃതേദഹത്തിനു സമീപം കണ്ടെത്തി. ഈ പുസ്തകമാണോ വിഷാദ രോഗത്തിനു മരുന്നു കഴിച്ചിരുന്ന പെണ്‍കുട്ടിയെ ആത്മഹത്യയക്ക് പ്രേരിപ്പിച്ചെതന്നാണ് പോലീസിന്റെ സംശയം.
വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു. കൗമാര പ്രായത്തിലുള്ള കുട്ടികള്‍ ഇത്തരം പുസ്തകങ്ങളും വെബ്സൈറ്റുകളും വായിക്കുന്നതും സന്ദര്‍ശിക്കുന്നതും അവരെ വിഷാദ രോഗത്തിലേക്ക് തള്ളിവിട്ടേക്കാമെന്ന് പോലീസ് മുന്നറിയിപ്പു നല്‍കി.
പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഈ പുസ്തകം മാത്രമായിരിക്കില്ലെന്നും മറ്റു കാരണങ്ങളും ഉണ്ടാകാമെന്നും അജ്മാന്‍ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ അല്‍ നുഐമി പറഞ്ഞു. കൗമാരക്കാരായ മക്കളുള്ള രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






