കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ഹിഗ്വിറ്റയുടെ ട്രെയ്‌ലര്‍ ഇറങ്ങി

'ഹിഗ്വിറ്റ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഫഹദ് ഫാസിലിന്റെ ഒഫീഷ്യല്‍ പേജിലൂടെ പ്രകാശനം ചെയ്തു. ഹേമന്ത് ജി. നായര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് മാംഗോസ് ഇന്‍ കോക്കനട്ട് സിന്റെ ബാനറില്‍ ബോബി തര്യനും സജിത് അമ്മയും ചേര്‍ന്നു നിര്‍മ്മിക്കുന്നു.
കണ്ണൂര്‍ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. കണ്ണൂരിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവ് സഖാവ് പന്ന്യന്‍ മുകുന്ദന്റെയും അദ്ദേഹത്തിന്റെ ഗണ്‍മാനായി എത്തുന്ന അയ്യപ്പദാസിനേയും കേന്ദീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി.
'ഭയം ഈ ലോകത്തിലെ ഏറ്റവും മോശമായ വാക്കുകളാണ്. അതുകൊണ്ട് ഭീരുവാകരുത്. ഭീരുവായ ആണ് ഏറ്റവും വലിയ തെറ്റു കൂടിയാണ്. പേടിച്ച പുരുഷന്‍ ഏറ്റവും വലിയ അശ്‌ളീലവും- സഖാവ് പന്ന്യന്‍ മുകുന്ദന്റെ ഈ വാക്കുകളില്‍ക്കൂടി ചിത്രത്തിന്റെ പൊതുസ്വഭാവം വ്യക്തമാക്കപ്പെടുന്നു.
'ആളും മൈക്കും. മൈതാനവും വച്ചല്ല പ്രശ്‌നം തീര്‍ക്കേണ്ടത്. അതിന് അതിന്റേതായിട്ടുള്ള രീതികളുണ്ട്. തന്ന കണക്ക് തീര്‍ത്തിരിക്കും-എന്ന സഖാവ് പന്ന്യന്‍ മുകുന്ദന്റെ ഈ വാക്കുകള്‍ കൂടി കേള്‍ക്കുമ്പോള്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ആവേശത്തെ ആളിക്കത്തിക്കാന്‍ പോരുന്നതാണ്.
കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് ചിത്രം. സമകാലീന സംഭവങ്ങളിലൂടെ ഉരിത്തിരിയുന്ന ഈ ചിത്രത്തിലെ സഖാവ് പന്ന്യന്‍ മുകുന്ദനെ സുരാജ് വെഞ്ഞാറമൂടും, അയ്യപ്പദാസിനെ ധ്യാന്‍ ശ്രീനിവാസനും അവതരിപ്പിക്കുന്നു.

 

Latest News