മദീന- മസ്ജിദ് ഖുബ്ബ വികസനത്തിന്റെ ഭാഗമായി മദീനാ മുനവ്വറയിൽ നിർമിക്കാൻ പോകുന്ന വിശാലമായ കൊമേഴ്‌സ്യൽ സെന്റർ പദ്ധതിയുമായി ലുലു ഗ്രൂപ്പ് കൈകോർക്കുന്നു. ഇതിന്റെ പ്രാരംഭഘട്ടമായി ആസർ ഗൾഫ് കൊമേഴ്‌സ്യൽ കമ്പനിയുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവെച്ചു. 200 ദശലക്ഷം സൗദി റിയാൽ ചെലവിട്ട് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഉയരാൻ പോകുന്ന ലുലു ഹൈപ്പർമാർക്കറ്റ്, കൊമേഴ്‌സ്യൽ സമുച്ചയത്തിന്റെ സവിശേഷതയായിരിക്കും.
ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയരക്ടറുമായ എം.എ യൂസഫലി, ആസർ ഗൾഫ് കൊമേഴ്‌സ്യൽ കമ്പനി ചെയർമാൻ ശൈഖ് മാജിദ് ബിൻ സെയ്ഫി ബിൻ നുമഹി അൽ അംറി എന്നിവരാണ് മദീനയിൽ ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്. ലുലു സൗദി അറേബ്യ ഡയരക്ടർ ഷഹീം മുഹമ്മദ്, ലുലു റീജിയണൽ ഡയരക്ടർ റഫീഖ് മുഹമ്മദലി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. ലുലുവുമായുള്ള സഹകരണം വാണിജ്യ രംഗത്ത് കൂടുതൽ ഉണർവേകാൻ സഹായകരമാകുമെന്ന് ശൈഖ് മാജിദ് ബിൻ സെയ്ഫി ചൂണ്ടിക്കാട്ടി.