കാലുഷ്യം നിറഞ്ഞ ആധുനിക കാലത്തെ ഒരു കുടുംബ വ്യവസ്ഥിതിയിൽ നിന്ന് പെരുന്തച്ചന്റെ വിസ്മയാവഹമായ ജീവിതത്തിലേക്ക് പടർന്നു കയറിയ രംഗകാവ്യമായിരുന്നു ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ അരങ്ങേറിയ പെരുന്തച്ചൻ എന്ന നാടകം.
പെരുന്തച്ചൻ എന്ന ഈ നാടകം രചിച്ചിരിക്കുന്നത് മലയാള പ്രൊഫഷണൽ നാടക രംഗത്തെ മുടിചൂടാമന്നനായ ഹേമന്ത് കുമാർ ആണ്. അദ്ദേഹത്തിന്റെ തൂലികയിലൂടെ ഉരുത്തിരിഞ്ഞ ഈ നാടകം വ്യത്യസ്തമായ രീതിയിലും നമ്മൾ ഇതുവരെ കേട്ട് തഴമ്പിച്ച പെരുന്തച്ചൻ കഥകളിൽ നിന്ന് വേറിട്ട രീതിയിലുമാണ് രചിച്ചതും നാടകാവിഷ്‌കാരം നൽകിയതും.
ബ്രഹ്മരൂപമായ വിശ്വകർമാവിൽ വിരചിതമായ വാസ്തു പുരുഷനാൽ ഭൂഗോളമെങ്ങും നിലവിൽ വന്നതത്രയും വാസ്തു ശാസ്ത്രം. കല്ലിലായാലും മരത്തിൽ ആയാലും മിശ്രിത ഖനന വസ്തുവിൽ ആയാലും എല്ലാ ലക്ഷണമൊത്ത നിർമിതികളും ശാസ്ത്ര സത്യമത്രേ. പ്രപഞ്ചമതമനുസരിച്ചല്ലാതെ ഒരു ഉപഭോഗവും ഉപയോഗവും ശാശ്വതം അല്ലെന്നത് അനുഭവ സത്യം. അപരിഷ്‌കൃതം എന്ന് പുഛിച്ചു തള്ളിയ പോയ കാലത്തും പരിഷ്‌കൃതം എന്ന് അഭിമാനിക്കുന്ന ഈ കെട്ട കാലത്തും ബന്ധങ്ങളും ബന്ധമുക്തമായ കഥകളും കോർത്തിണക്കിയിരിക്കുന്നത് ഒരൊറ്റ ചരടിൽ. ചിരാതിന്റെ മൊഴിഞ്ഞു കത്തുന്ന വെളിച്ചത്തിലൂടെ പ്രഭാപൂരിതമായ പ്രൗഢമനസ്സുകളിലേക്ക് അരങ്ങിന്റെ സാധ്യതകളിലൂടെ ജിദ്ദയിലെ പത്തനംതിട്ട ജില്ല സംഗമത്തിലെ കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തിച്ച സന്തോഷ് കടമ്മനിട്ട സംവിധാനം നിർവഹിച്ച നാടകമായിരുന്നു 'പെരുന്തച്ചൻ'.
ജിദ്ദയിലെ നാടക സ്‌നേഹികൾക്ക് അവിസ്മരണീയവും ആസ്വാദ്യകരവുമായൊരു നാടകവിരുന്ന്. 1970-80 കാലഘട്ടത്തിൽ മലയാള പ്രൊഫഷണൽ നാടക വേദികളിലെ നിറസാന്നിധ്യമായിരുന്ന നാടക കലാകാരൻ കടമ്മനിട്ട മണി എന്ന നാമത്തിൽ അറിയപ്പെട്ടിരുന്ന യശശ്ശരീരനായ വി.കെ. ഗോപിനാഥൻ നായരുടെ മകൻ സന്തോഷ് കടമ്മനിട്ട ജിദ്ദയിലെ അറിയപ്പെടുന്ന ഒരു നാടക നടനും സംവിധായകനുമാണ്.
സന്തോഷ് കടമ്മനിട്ടയുടെ മകൾ ദീപിക സന്തോഷ് ഈ നാടകത്തിൽ ഒരു പ്രധാന കഥാപാത്രത്തിന് ജീവൻ നൽകി. ചെറുപ്പം മുതലേ നൃത്തം പഠിക്കുകയും നിരവധി വേദികളിൽ നടനമാടുകയും ചെയ്തിട്ടുള്ള ദീപിക ഇത് ആദ്യമായാണ് ഒരു നാടകത്തിൽ വേഷമിടുന്നത്. എന്നിരുന്നാലും വളരെ തന്മയത്വത്തോടെ കഥാപാത്രത്തോട് നീതി പുലർത്തി.
ഈ നാടകത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയവർ: പെരുന്തച്ചൻ - അനിൽ ജോൺ അടൂർ, കണ്ണൻ - സിയാദ് അബ്ദുള്ള, കോരനും തേവൻ ആശാരിയും - ജോർജ് ഓമല്ലൂർ, വേലൻ - ഷിജു മാത്യു, ചെറുണ്ണി തമ്പുരാൻ - ബൈജു പി. മത്തായി, പൊന്നുണ്ണി നമ്പൂതിരിയും തന്ത്രികളും - ജോബി ടി. ബേബി, പണിയാളനും തോഴനും - അനൂപ് ജി നായർ, പാവകൾ - ശ്രീശങ്കർ സഞ്ജയനും ഷെറിൽ ഷിജു മാത്യുവും, മംഗലത്തമ്മ - സുശീല ജോസഫ്, മാളു - പ്രിയ സഞ്ജയ്, പാണ്ടി തള്ള - സൗമ്യ അനൂപ് ചെമ്പകം - ദീപിക സന്തോഷ്. ചമയവും വസ്ത്രാലങ്കാരവും - വേണു പിള്ള, ശ്യാം എസ്. നായർ, ബീന അനിൽ കുമാർ, ബിജി സജി. രംഗപടം, വീഡിയോ എഡിറ്റിംഗ് - ആർട്ടിസ്റ്റ് അജയകുമാർ. ശബ്ദ മിശ്രണവും പ്രഖ്യാപനവും - നജീബ് വെഞ്ഞാറമൂട്. രംഗ സജ്ജീകരണം - മാത്യു തോമസ് കടമ്മനിട്ട, ജയൻ നായർ പ്രക്കാനം, അനിയൻ ജോർജ് പന്തളം. കർട്ടൻ നിയന്ത്രണം - നവാസ് ചിറ്റാർ.
സന്തോഷ് കടമ്മനിട്ടയുടെ സംവിധാന മികവിൽ രംഗപ്രവേശം ചെയ്ത മൂന്നാമത് നാടകമാണ് പെരുന്തച്ചൻ. ഇതിനു മുൻപ് പി.ജെ.എസിന്റെ വേദികളിൽ തന്നെ 'കായംകുളം കൊച്ചുണ്ണി', 'നാറാണത്ത് ഭ്രാന്തൻ' എന്നീ ചരിത്ര നാടകങ്ങൾ ജിദ്ദയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്.
സന്തോഷ് കടമ്മനിട്ടയുടെ ഭാര്യ ബിന്ദുശ്രീ നാട്ടിൽ പഞ്ചായത്ത് ഓഫീസിൽ സീനിയർ ക്ലാർക്ക് ആയി ജോലി ചെയ്യുന്നു. ജിദ്ദയിൽ ഉണ്ടായിരുന്ന കാലത്ത് അനിൽ നൂറനാട് സംവിധാനം ചെയ്ത് അവതരിപ്പിച്ച 'പൂതപ്പാട്ട്' എന്ന ലഘു നാടകത്തിൽ ഭൂതത്തിന്റെ വേഷം ഭംഗിയായി കൈകാര്യം ചെയ്യുകയും അതിനു ശേഷം യവനിക എന്ന നാടക സംഘത്തിന്റെ പ്രഥമ നാടകമായ 'നായകൻ' എന്ന നാടകത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുകയും ചെയ്തിരുന്നു. അതിനോടൊപ്പം തന്നെ നിരവധി വേദികളിൽ തിരുവാതിര, സ്‌കിറ്റുകൾ എന്നിവയിലും സജീവമായിരുന്നു. മകൻ ദീപക് സന്തോഷ് ഇപ്പോൾ നാട്ടിൽ ഓട്ടോമൊബൈൽ എൻജിനീയറിംഗ് പഠിത്തം പൂർണമാക്കി നിൽക്കുന്നു. മകൾ ദീപിക സന്തോഷ് പഠിത്തത്തോടൊപ്പം ഡാൻസും സ്‌കിറ്റും നാടകവുമായി അച്ഛനോടൊപ്പം ജിദ്ദയിൽ തുടരുന്നു.
പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന് മാറുന്ന കാലത്തിന്റെ ജീർണതകളോടും സ്വാർഥതയോടും ധർമ്രഭംശത്തോടും ഏത് വിധം പോരാടി ജയിക്കാമെന്നതിന്റെ ഉത്തമ നിദർശനമാണ് പത്തനംതിട്ട ജില്ല സംഗമത്തിന്റെ വേദിയിൽ രണ്ടു മണിക്കൂറോളം അരങ്ങ് കൊഴുപ്പിച്ച ഈ നാടകം.