വിടാതെ പിന്തുടരുന്ന ചില ചോദ്യങ്ങൾ

ഞാൻ എവിടുന്ന് വന്നു, എങ്ങോട്ട് പോവുന്നു?
എന്തിന് ജീവിക്കണം, എങ്ങനെ ജീവിക്കണം? എന്തുകൊണ്ട് ജീവിക്കണം? മരണാനന്തരം എന്താണ് സംഭവിക്കുന്നത് എന്നിങ്ങനെ ചോദിക്കാൻ ലളിതമെങ്കിലും ഉത്തരം കിട്ടാൻ അത്രയൊന്നും എളുപ്പമല്ലാത്ത സംശയങ്ങൾ സ്വാഭാവികമായും ഉണ്ടാവുന്ന ജീവിയാണ് മനുഷ്യൻ.
ജീവിതത്തിന്റെ ലക്ഷ്യവും അർത്ഥവും അറിയാനുള്ള ജിജ്ഞാസ ജന്മനാ പേറുന്ന സവിശേഷ ജീവി. ഇത്തരം കുഞ്ഞുചോദ്യങ്ങളിൽ നിന്നാണ് മനുഷ്യനിലെ അന്വേഷണ ത്വരയും ഗവേഷണ ബുദ്ധിയും യുക്തി ചിന്തയും സംവാദങ്ങളും വിവാദങ്ങളും എല്ലാം സജീവമായിത്തുടങ്ങുന്നത്.
ശാസ്ത്രീയ ചിന്തയും ചരിത്ര ബോധവും പ്രകൃതി പഠനവും മത, രാഷ്ട്രീയ, സാംസ്‌കാരിക പ്രത്യയ ശാസ്ത്രങ്ങളുമെല്ലാം അടിസ്ഥാനപരമായി ഈ ചോദ്യങ്ങളുമായി ബന്ധപ്പെടുന്നതായി കാണാം.

ദൈവമുണ്ടെന്നും ഇല്ലെന്നും വാദിക്കുന്നവരുണ്ട്. ദൈവിക ശാസനകളും നിർദേശങ്ങളും കണ്ടെത്തി പഠിച്ച് പകർത്തി ജീവിതത്തെ ക്രമപ്പെടുത്തുന്നവരും ദൈവത്തെ നിഷേധിച്ച് സ്വയം തോന്നിയ പോലെ ജീവിക്കുന്നവരും ഇതിൽ രണ്ടിലും പെടാത്ത സന്ദേഹ വാദികളും ഇതിന്റെ ഫലമായി തന്നെ മനുഷ്യർക്കിടയിൽ കാണാം. ഈ മൂന്ന് വിഭാഗങ്ങളിലും അറ്റങ്ങളിൽ നിൽക്കുന്നവരെയും കാണാം.
അറ്റങ്ങളിൽ നിൽക്കുന്നവർ എന്ന ആശയം വരുന്ന അറബി പദമാണ് തെതറുഫ്. തെതറുഫ് എന്ന പദത്തിന് തീവ്രവാദം എന്നും അർത്ഥമുണ്ട്. അറ്റങ്ങളിൽ നിൽക്കുന്നവർ സ്വാഭാവികമായും അപകട മേഖലയിൽ വസിക്കുന്നവരായിരിക്കും. അവർ തെന്നി വൻ അത്യാഹിതത്തിലേക്ക് വീണു പോവാനിടയുണ്ടെന്ന് സാരം.
എല്ലാ വിഭാഗങ്ങളിലും ഇത്തരം തീവ്രവാദ സ്വഭാവമുള്ള ചിലരെ കാണാം. അവരുണ്ടാക്കുന്ന കോലാഹലങ്ങളിലും അഴിച്ചുവിടുന്ന ആക്രമണോത്സുകതയിലും മനം മടുത്തും വഞ്ചിതരായും മതങ്ങൾ നൽകുന്ന ഉത്തരങ്ങളെയും ഗൗരവതരമായ പാഠങ്ങളെയും സുവിശേഷങ്ങളെയും മുന്നറിയിപ്പുകളെയും പാടെ അവഗണിച്ച് തള്ളുന്നവരോ സ്വയം വഞ്ചിതരാവുന്നവരോ ആയിരിക്കരുത് വിവേകികൾ. പൊതുവെ ആരോഗ്യവും സമ്പത്തും അറിവും പദവിയും പേരും പ്രശസ്തിയും മനുഷ്യനെ ഏറെ കൊതിപ്പിക്കുന്ന പ്രചോദനങ്ങൾ തന്നെയാണ്. എന്നാൽ ഇത്തരം പല നേട്ടങ്ങളും കൈവരിച്ച പലരും മനസ്സമാധാനത്തിനും ശാന്തിക്കും വേണ്ടി പരക്കം പായുന്നത് കാണാം. അവർ ചെയ്തു കൂട്ടുന്ന വേലകൾ കാണുമ്പോൾ 
യുക്തി ചിന്തയുള്ളവർക്ക് ചിരിയടക്കാൻ കഴിയാതെ വരുന്നത് സ്വാഭാവികം. യുക്തിവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ അറ്റത്ത് നിൽക്കുന്നവരാകട്ടെ ഒരടിസ്ഥാനവുമില്ലാതെ തട്ടിവിടുന്ന വിടുവായത്തങ്ങൾ കേട്ടാൽ വാദങ്ങളും കോപ്രായങ്ങളും കണ്ടാൽ, അവരകപ്പെടുന്ന വൈതരണി നിരീക്ഷിച്ചാൽ യഥാർത്ഥ മതവിശ്വാസികൾക്ക് അനുകമ്പാപൂർവം സഹതപിക്കാനേ കഴിയൂ.

നിരീക്ഷണം, പരീക്ഷണം, നിഗമനം എന്നീ മൂന്ന് പ്രക്രിയകളെ അടിസ്ഥാനപ്പെടുത്തിയാണ് ശാസ്ത്രം നിലകൊള്ളുന്നത്.
വേദഗ്രന്ഥങ്ങളുടെ അടിസ്ഥാന സത്യങ്ങൾ പരിശോധിച്ചാലും നിരീക്ഷണ പരീക്ഷണങ്ങളിലൂടെ മനുഷ്യൻ എത്തിച്ചേരുന്ന അനിഷേധ്യമായ കണ്ടെത്തലാണ് സൂക്ഷ്മ സ്ഥൂല ദൃശ്യാദൃശ്യ ലോകങ്ങളെ മുഴുവനും സൃഷ്ടിച്ച് പരിപാലിക്കുന്ന സർവലോക രക്ഷിതാവുണ്ട് എന്ന സത്യം. കാരണം ജനിച്ചതൊന്നും മരിക്കാതിരിക്കുന്നില്ല. അതീവ സൂക്ഷ്മമായ ജീവികളിൽ അത്യുഗ്രൻ പ്രഹര ശേഷി കേവലം യാദൃഛികമല്ലല്ലോ?
കുഞ്ഞ് വിത്തിൽ വൻ മരം സ്വയം ഉള്ളടക്കം ചെയ്യപ്പെട്ടതുമായിരിക്കില്ലല്ലോ?
അണു മുതൽ അണ്ഡകടാഹവും അതിനപ്പുറവും നിയതമായ ഒരു വ്യവസ്ഥയനുസരിച്ചാണ് നിലകൊള്ളുന്നത് എന്നത് ചിന്താശേഷിയുള്ള ഏതൊരാൾക്കും ബോധ്യപ്പെടും. ഈ സത്യം അറിഞ്ഞിട്ടും മറച്ചു പിടിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നവരാണ് സത്യ നിഷേധികളും ധിക്കാരികളുമായി മാറുന്നത്.
മുൻവേദങ്ങളിലെ സത്യങ്ങളിൽ വിശ്വസിക്കാൻ ആഹ്വാനം ചെയ്യുന്ന ഒടുവിലത്തെ വേദഗ്രന്ഥമായ ഖുർആൻ മനുഷ്യരോട് ആഹ്വാനം ചെയ്യുന്നത് സ്വശരീരത്തിലും പ്രപഞ്ച പ്രതിഭാസങ്ങളിലും കണ്ണോടിച്ച് യുക്തിപൂർവം ഈശ്വരനെ തിരിച്ചറിയാനും ജീവിതത്തിന്റെ അർത്ഥവും അടിസ്ഥാനവും വേദവാക്യങ്ങളുടെ വെളിച്ചത്തിൽ കൂടുതൽ വ്യക്തമായി ബോധ്യപ്പെട്ട് ജീവിതം ധന്യമാക്കണമെന്നുമാണ്. മനുഷ്യന്റെ സമഗ്ര വളർച്ചക്കും സംസ്‌കരണത്തിനും ആവശ്യമായ തരത്തിൽ വിശ്വാസപരവും കർമപരവുമായ ആരാധന രീതികൾ വേദങ്ങൾ മുഖേന അതാത് കാലങ്ങൾക്കിണങ്ങുന്ന തരത്തിൽ സർവലോക നിയന്താവായ സർവേശ്വരൻ പ്രവാചകൻമാരിലൂടെ മനുഷ്യരെ അറിയിച്ചിട്ടുണ്ട്. ഈ സന്ദേശങ്ങൾ പല വിധേനയും മനുഷ്യരിലേക്ക് നിരന്തരം എത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.

ഈ പാശ്ചാത്തലത്തിൽ വളരെ കുറഞ്ഞ കാലം ഭൂമുഖത്ത് ജീവിക്കുന്ന മനുഷ്യരിലേക്ക് വീണ്ടും ഒരു നോമ്പുകാലം ആഗതമായിരിക്കുകയാണ്. സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രേ അത്. (ഖുർആൻ 2:183). വേദം അനുശാസിക്കുന്ന വ്രതം എന്ന ഈ ആരാധന വേദഗ്രന്ഥം ഇറങ്ങിയ മാസം എന്നുള്ള നിലക്ക് കൂടി പ്രാധാന്യമർഹിക്കുന്നുണ്ട്.
പുണ്യങ്ങളുടെ പൂക്കാലമായ ഈ രാപ്പകലുകളെ വേദഗ്രന്ഥത്തെ കൂടുതൽ ആഴത്തിൽ വായിച്ചറിയാനും പരമാവധി ആത്മ സംസ്‌കരണത്തിന് ഉപയോഗപ്പെടുത്താനും മുന്നിട്ടിറങ്ങുന്നവരായിരിക്കും വിവേകശാലികൾ. അത് വഴി മനസ്സും ശരീരവും ബന്ധങ്ങളും കർമങ്ങളും സമ്പത്തും പശ്ചാത്താപ വിവശതയോടെ സംസ്‌കരിച്ചെടുക്കുന്നവരായിത്തീരും അവർ. അവരായിരിക്കും ആത്യന്തിക വിജയികൾ എന്ന കാര്യം ചിന്തിക്കുന്നവരെ വേദഗ്രന്ഥം ആമൂലാഗ്രം ബോധ്യപ്പെടുത്തുന്നുമുണ്ട്.


 

Latest News