ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനി ബ്ലോക്കിന്റെ ക്രമക്കേട് പുറത്തുവിട്ട് ഹിന്‍ഡന്‍ബര്‍ഗ്

ന്യൂയോര്‍ക്ക്- അദാനി ഗ്രൂപ്പിന്റെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കിയ ഹിന്‍ഡന്‍ബര്‍ഗ് പുതിയ റിപ്പോര്‍ട്ടുമായി രംഗത്ത്. ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനി ബ്ലോക്കിന്റെ ക്രമക്കേടുകളുടെ കുറിച്ചാണ് ഹിന്‍ഡന്‍ബര്‍ഗ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 

അദാനിക്കു പിന്നാലെ മറ്റൊരു വലിയ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് വ്യാഴാഴ്ച രാവിലെ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ബ്ലോക്കിന്റെ ക്രമക്കേടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 

ട്വിറ്ററിന്റെ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സിയുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. രണ്ട് വര്‍ഷത്തെ അന്വേഷണത്തിലൂടെയാണ് കമ്പനിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഹിന്‍ഡന്‍ബര്‍ഗ് അവകാശപ്പെടുന്നു. ഉപഭോക്താക്കളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയെന്നാണ് ബ്ലോക്കിനെതിരെയുള്ള റിപ്പോര്‍ട്ട്. വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി വിപണി മൂല്യം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ അദാനി ഗ്രൂപ്പിന് സംഭവിച്ച അതേ ഗതി ബ്ലോക്കിനുമുണ്ടായി.  ബ്ലോക്കിന്റെ ഓഹരികള്‍ കൂപ്പുകുത്തി. 

രണ്ടു വര്‍ഷം നടത്തിയ പഠനത്തിലൂടെയാണ് അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകള്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത്. ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ ധനികനായി വളര്‍ന്നതിന് പിന്നില്‍ തട്ടിപ്പിന്റെ കഥകളാണെന്ന് തുറന്നു പറഞ്ഞ ഹിന്‍ഡന്‍ബര്‍ഗ് സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ഗവേഷണം നടത്തുന്ന സ്ഥാപനമാണ്.

Latest News