മസ്‌കത്ത്- ഇന്ത്യയിൽ നിന്നുള്ള മതപ്രബോധകൻ സാക്കിർ നായിക്ക് ഒമാനിലെത്തിയത് റമദാൻ പ്രഭാഷണത്തിന്. ഖത്തറിലായിരുന്ന സാക്കിർ നായിക്ക് ഒമാനിലെത്തിയതിന്റെ ചിത്രങ്ങൾ വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. അതോടൊപ്പം നിരവധി വ്യാജ വാർത്തകളും പ്രചരിച്ചു. ഇതിനിടെയാണ് റമദാൻ പ്രഭാഷണങ്ങളിൽ പങ്കെടുക്കാനാണ് സാക്കിർ നായിക്ക് ഒമാനിൽ എത്തിയതെന്നും മറ്റുള്ള പ്രചാരണങ്ങളെല്ലാം നിഷേധിച്ചും ഒമാൻ പത്രം രംഗത്തെത്തിയത്.
സാക്കിർ നായിക്കിനെ ഒമാനിൽ നിന്ന് അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറുമെന്ന് ചില സംഘ്പരിവാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സാക്കിർ നായിക്കിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഇന്ത്യയിലെ ഇന്റലിജൻസ് വിഭാഗം ഒമാൻ സർക്കാറിനെ സമീപിച്ചുവെന്നും സംഘ്പരിവാർ മാധ്യമങ്ങളിൽ വാർത്ത വന്നു. എന്നാൽ ഇത്തരം ഒരു നീക്കവുമില്ലെന്ന് ഒമാനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന റാസ്ദ് ഒമാൻ എന്ന പത്രം വ്യക്തമാക്കി. സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് പത്രം ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ഒമാനിലെത്തി അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ഒമാനി അധികൃതരുമായി ആശയവിനിമയം നടത്തി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ അറിയിക്കുന്നതായി റാസ്ദ് പത്രം വ്യക്തമാക്കി.
ഭീകര പ്രവർത്തനത്തിന് പണം നൽകി, മതവിദ്വേഷം പരത്തുന്ന പ്രസംഗങ്ങൾ നടത്തി, നിയമവിരുദ്ധ രീതിയിൽ കള്ളപ്പണം വെളുപ്പിച്ചു എന്നീ കേസുകളാണ് സാക്കിർ നായിക്കിന്റെ പേരിലുള്ളത്. രാജ്യത്തിന് പുറത്ത് കഴിയുന്ന സാക്കിർ നായിക്കിനെ പിടികിട്ടാപ്പുള്ളിയായാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പണം വെളുപ്പിക്കൽ കേസിൽ സാക്കിർ നായിക്കിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യ ഇന്റർപോളിൽ നൽകിയ അപേക്ഷകൾ പക്ഷേ കുറ്റം നിലനിൽക്കുന്നതല്ലെന്ന് കാണിച്ച് തള്ളി.
സാക്കിർ അബ്ദുൽ കരീം നായിക് എന്ന സാക്കിർ നായിക്കിനെതിരെ ഇന്ത്യയിൽ വിവിധ കേസുകളുണ്ട്. തുടർന്ന് രാജ്യത്തിന് പുറത്താണ് കഴിയുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ് ലാമിക് റിസേർച്ച് ഫൗണ്ടേഷൻ (ഐ.ആർ.എഫ്) എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റും പീസ് ടി.വിയുടെ സ്ഥാപകരിലൊരാളുമാണ് അദ്ദേഹം. മുംബൈയിൽ 1965 ഒക്ടോബർ 18-നാണ് സാക്കിർ നായിക് ജനിച്ചത്.
മുംബൈയിലെ തന്നെ സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂളിൽ നിന്നായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ശേഷം കിഷൻചന്ദ് ചെല്ലാറം കോളേജിൽ പഠിച്ചു. വൈദ്യ ബിരുദം നേടിയത് ടോപിവാല നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് നായർ ഹോസ്പിറ്റലിൽ നിന്നായിരുന്നു. പിന്നീട് മുംബൈ യൂനിവേഴ്സിറ്റിയിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കി. 1991 ലാണ് സാക്കിർ നായിക് പ്രബോധനം ആരംഭിക്കുന്നത്. ഐ.ആർ.എഫ് സ്ഥാപിക്കുകയും ചെയ്തു. ഫർഹത്ത് നായിക്കാണ് ഭാര്യ.