Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാഹുൽ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനായെന്ന് കാഞ്ചൻ ഗുപ്ത

ന്യൂദൽഹി -  മാനനഷ്ടക്കേസിൽ സൂറത്തിലെ സി.ജെ.എം കോടതി രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ചതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി സ്ഥാനത്തുനിന്ന് അയോഗ്യനായെന്ന് നിയമവിദഗ്ധനും ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവുമായ കാഞ്ചൻ ഗുപ്ത. ശിക്ഷയിൽ അപ്പീൽ നൽകാൻ 30 ദിവസത്തെ ജാമ്യ സാവകാശം കോടതി നൽകിയെങ്കിലും ശിക്ഷാവിധിയോടെ രാഹുൽ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനായെന്നാണ് കോടതിയുടെ മുൻ വിധികൾ ചൂണ്ടിക്കാട്ടി അദ്ദേഹം സമർത്ഥിക്കുന്നത്. അയോഗ്യനാവാതിരിക്കണമെങ്കിൽ മേൽക്കോടതികളിൽനിന്ന് നിലവിലുള്ള വിധി പൂർണമായും സ്റ്റേ ചെയ്യണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
 ലില്ലി തോമസ് vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ, കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുകയും കുറഞ്ഞത് രണ്ട് വർഷമെങ്കിലും തടവ് ശിക്ഷ ലഭിക്കുകയും ചെയ്യുന്ന ഏതെങ്കിലും എംപി, എം.എൽ.എ അല്ലെങ്കിൽ എം.എൽ.സിക്ക് സഭയിലെ അംഗത്വം ഉടനടി നഷ്ടപ്പെടുമെന്ന് സുപ്രീം കോടതി വിധിയുള്ളതായി കാഞ്ചൻ ഗുപ്ത ചൂണ്ടിക്കാട്ടി. 2013 ജൂലൈ 10ലെ സുപ്രീം കോടതിയുടെ വിധി, ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(4) റദ്ദാക്കി. 
 ക്രിമിനൽ കേസിൽ വിചാരണക്കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ച സമാജ്‌വാദി പാർട്ടി എം.എൽ.എ അസം ഖാനെ ഉത്തർപ്രദേശ് നിയമസഭയിൽ നിന്ന് ആ നിമിഷം തന്നെ അയോഗ്യനാക്കിയതിന്റെ ഉദാഹരണവും കാഞ്ചൻ ഗുപ്ത ചൂണ്ടിക്കാട്ടി.
 'ജനാധിപത്യത്തിൽ, ആരും നിയമത്തിന് അതീതരല്ല. എല്ലാവരും തുല്യരാണ്. അതിനാൽ, നിയമം രാഹുൽ ഗാന്ധിക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം പറയുന്നു.
 എന്നാൽ, കേസിൽ അപ്പീൽ നൽകുമെന്നും വിധി പ്രഥ ദൃഷ്ട്യാതന്നെ ചോദ്യം ചെയ്യാവുന്നതാണെന്നും പൊരുതി ജയിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. പ്രശ്‌നത്തിൽ നേരിട്ടൊരു ഉത്തരം രാഹുൽ ഗാന്ധി പറഞ്ഞില്ലെങ്കിലും 'എന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അത് നേടാനുള്ള മാർഗം.' എന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വരികളാണ് രാഹുൽ ട്വീറ്റിലൂടെ പങ്കുവെച്ചത്.
  2019-ലെ കർണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോലാറിൽ നടന്ന റാലിയിൽ മോദി പേരുള്ളവർക്കെതിരായ അപകീർത്തികരമായ ഒരു പരാമർശമാണ് രാഹുലിന് കോടതിയിൽ തിരിച്ചടിയായത്. 'വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐ.പി.എൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച് എല്ലാ കള്ളൻമാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടാണെന്നായിരുന്നു' രാഹുലിന്റെ ചോദ്യം. ഇതിനെതിരേ ബി.ജെ.പി എം.എൽ.എയും മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് മാനനഷ്ടത്തിന് കോടതിയെ സമീപിച്ചത്. 
 രാഹുലിന്റെ പരാമർശം മോദി എന്ന പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണെന്നും തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടായെന്നുമാണ് പൂർണേഷ് മോദിയുടെ അഭിഭാഷകൻ വാദിച്ചത്. 
 വിധിക്കെതിരെ അപ്പീൽ നൽകാനുള്ള 30 ദിവസത്തേക്ക് ശിക്ഷയ്ക്ക് സ്റ്റേ നൽകിയിട്ടുണ്ടെങ്കിലും വിധി പ്രഖ്യാപനത്തോടെ രാഹുൽ അയോഗ്യനായെന്നാണ് നിയമവിദഗ്ധരിൽ വലിയൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
 ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ മുമ്പ് സുപ്രിംകോടതി കർശന നിലപാട് സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകുമെന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യത വരും എന്നതാണ് ചട്ടം. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ട് വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ അയോഗ്യത എന്നതാണ് വ്യവസ്ഥ.. ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവും 15000 രൂപ പിഴയുമാണ് രാഹുൽ ഗാന്ധിക്ക് കോടതി വിധിച്ചത്. എന്തായാലും രാഹുലിന്റെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ കോപ്പു കൂട്ടുന്നവർക്ക് വലിയൊരു ആയുധമാണ് ഇന്നത്തെ സൂറത്ത് കോടതി വിധി. എന്നാൽ നിയമപോരാട്ടത്തിലൂടെ ഇതെല്ലാം അതിജയിക്കാനാവുന്ന ആത്മവിശ്വാസവും പ്രതീക്ഷയുമാണ് കോൺഗ്രസ് വൃത്തങ്ങളിൽനിന്ന് ലഭിക്കുന്നത്.

Latest News