റമദാന്‍ പാഠങ്ങള്‍: സമ്പത്തിന്റെ ഉടമ നിങ്ങളല്ല

ഇസ്ലാമിക ദൃഷ്ട്യാ വ്യക്തിക്കോ സമൂഹത്തിനോ സ്‌റ്റേറ്റിനോ സമ്പത്തില്‍ പൂര്‍ണ്ണാര്‍ഥത്തിലുള്ള ഉടമാവകാശമില്ലെന്ന് കാണാം. സ്വശരീരത്തിലോ ജീവനിലോ ആത്മാവിലോ ആര്‍ക്കും പൂര്‍ണാര്‍ഥത്തിലുള്ള ഉടമാധികാരമില്ല. എന്നിരിക്കെ  ഒരാള്‍ തനിക്ക് ബാഹ്യമായ സംഗതികളുടെയും വസ്തുക്കളുടെയും പൂര്‍ണ ഉടമസ്ഥനാവുകയെന്നത് യുക്തിസഹമല്ല. സ്വയം തീരുമാനമനുസരിച്ച് ജനിച്ചവനല്ല മാനവന്‍. ജനിച്ചുവീഴുമ്പോള്‍ അവന്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. സ്വന്തം തീരുമാനമനുസരിച്ചല്ല അവന്‍ ഇഹലോകവാസം വെടിയുന്നത്. ഇവിടുന്ന് പോകുമ്പോള്‍ അവന്‍ ഒന്നും കൊണ്ടുപോകുന്നുമില്ല. കഫന്‍പുടവക്ക് കീശ വെക്കാറില്ലല്ലോ. ജീവിതത്തിലെ പല കാര്യങ്ങളും അവന്റെ ഇംഗിതത്തിനോ നിയന്ത്രണത്തിനോ ഒട്ടും വിധേയമല്ലെന്നത് അനുഭവസത്യം മാത്രമാണ്.
''നിങ്ങളുടെ നിലനില്‍പ്പിന്റെ നിദാനമായി അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചുതന്ന നിങ്ങളുടെ സമ്പത്തുകള്‍ നിങ്ങള്‍ അവിവേകികള്‍ക്ക് കൈവിട്ടുകൊടുക്കരുത് ' (4:5). ഈ സൂക്തം നമ്മെ താഴെ വിവരിക്കുന്ന വസ്തുതകള്‍ ബോധ്യപ്പെടുത്തുന്നുണ്ട്.
1. അനാഥരുടെ സമ്പത്താണ് സൂക്തത്തിലെ പ്രതിപാദ്യ വിഷയമെങ്കിലും അനാഥ സമ്പത്തിനെ അവരുടെ സ്വത്ത് എന്ന് പറയാതെ ' നിങ്ങളുടെ സമ്പത്ത് ' എന്ന് പറഞ്ഞത് വളരെ ചിന്തനീയമാണ്. സമ്പത്തിന്റെ വ്യക്തിപരമായ ഉടമസ്ഥതയെ ഒരളവോളം അംഗീകരിക്കുന്നുണ്ടെങ്കിലും പ്രസ്തുത സമ്പത്തില്‍ സമൂഹത്തിന്റെ അവകാശത്തെ കൂടി ഇത് ഉള്‍ക്കൊള്ളുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെയാണ് വ്യക്തിക്ക് കൈവശാധികാരമുള്ള സമ്പത്ത് ധൂര്‍ത്തടിക്കുന്നതും ദുര്‍വ്യയം ചെയ്യുന്നതും ഇസ്ലാം കഠിനമായി വെറുക്കുന്നത്. എന്റെ ധനം എന്റെ ഇഷ്ടം പോലെ വ്യയം ചെയ്യും എന്ന നിലപാടിനെ ഇസ്ലാം ഒട്ടും അംഗീകരിക്കുന്നില്ല. നാളെ സമൂഹത്തിലെ വേറെ ചിലര്‍ക്ക് അനുഭവിക്കേണ്ട സമ്പത്ത് ഇന്ന് നീ ധൂര്‍ത്തടിക്കുകയോ നിരുത്തരവാദപരമായി കൈകാര്യം ചെയ്യുകയോ ചെയ്തുകൂടാ. അല്ലാഹുവിന്റേതാണ് സകല സമ്പത്തും. അത് മനുഷ്യര്‍ക്കെല്ലാവര്‍ക്കും എക്കാലത്തും ഉപകരിക്കാനുള്ളതാണ്. സമ്പത്തില്‍ സമൂഹത്തിനുള്ള അവകാശം ഇസ്ലാം എല്ലാനിലക്കും ഊന്നിപ്പറഞ്ഞിട്ടുണ്ട്. മിച്ചധനത്തില്‍ നിന്ന് 2.5%, 5%, 10%, 20% എന്നിങ്ങനെ നല്‍കുന്നത് വ്യക്തിയുടെ ഔദാര്യമെന്ന നിലക്കല്ല; മറിച്ച് സമൂഹത്തിന് സമ്പത്തിന്റെ സാക്ഷാല്‍ ഉടമസ്ഥനായ അല്ലാഹു നിശ്ചയിച്ച അവകാശമെന്ന നിലക്കാണ്. ''തങ്ങളുടെ വസ്തുക്കള്‍ സമ്പത്തുകളില്‍ ചോദിച്ചു വരുന്നവനും, ഉപജീവന മാര്‍ഗം തടയപ്പെട്ടവനും നിര്‍ണ്ണിതമായ അവകാശം നല്‍കുന്നവര്‍''(70:24,25) ഈ സൂക്തം പാവങ്ങളോടുള്ള ഔദാര്യമല്ല മറിച്ച് അവകാശമാണെന്ന് നമുക്ക് മനസിലാക്കിത്തരുന്നു.

2. സമ്പത്ത് മനുഷ്യ ജീവിതത്തിന്റെ നിലനില്‍പ്പിന്റെ ആധാരമാണെന്ന് മേല്‍ സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ വ്യക്തിക്ക് മേല്‍ വിവരിച്ച തത്വങ്ങള്‍ക്ക് വിധേയമായി പ്രാതിനിധ്യാവകാശവും തദടിസ്ഥാനത്തിലുള്ള കൈകാര്യാധികാരവുമാണുള്ളത്. ഇസ്ലാമിക സാമൂഹ്യ സംവിധാനത്തിന്റെ കണിശമായ മേല്‍നോട്ടിത്തിന്‍ കീഴിലാണ് സ്വകാര്യ വ്യക്തിയുടെ കൈവശാവകാശമെന്ന് വ്യക്തം.

3.ഈ കൈവശാവകാശം (പ്രാതിനിധ്യാവകാശം) ഗുരുതരമാം വിധം ലംഘിക്കപ്പെടുമ്പോള്‍ ഉത്തരവാദപ്പെട്ടവരുടെ ഇടപെടലിനെ ഇസ്ലാം ആവശ്യപ്പെടുന്നുണ്ട്. സമ്പത്തിന്റെ അവകാശി ഒരു അവിവേകിയോ വിഡ്ഢിയോ ആണെങ്കില്‍ അത് പാഴാക്കാനോ ദുരുപയോഗം ചെയ്യാനോ അനുവദിക്കരുത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News