ന്യൂദല്‍ഹി- ആഗോളതലത്തില്‍ ഗൂഗ്‌ളിന്റെ സേവനങ്ങള്‍ താത്ക്കാലികമായി നിലച്ചെന്ന് റിപ്പോര്‍ട്ട്. യൂട്യൂബ്, ഡ്രൈവ്, ജിമെയില്‍, സര്‍ച്ച് എന്‍ജിന്‍ തുടങ്ങിയ സേവനങ്ങളാണ് പണിമുടക്കിയത്. നിരവധി യൂസര്‍മാര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തതോടെയാണ് പ്രശ്‌നം ലോകതലത്തില്‍ നേരിടുന്നുണ്ടെന്ന വിവരം പുറത്തുവന്നത്.
പ്രശ്‌നമുണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ചിലയിടങ്ങളില്‍ സേവനം തിരികെ വന്നിട്ടുമുണ്ട്. ഗൂഗ്‌ളിന്റെ ആപ്പുകളും മറ്റ് സേവനങ്ങളും പ്രവര്‍ത്തന രഹിതമായെന്നാണ് പരക്കെ പറയുന്നത്. ജിമെയിലില്‍ കാണിക്കുന്ന ചില പ്രശ്നങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഉപയോക്താക്കള്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
ഗൂഗ്‌ളിന്റെ എല്ലാ സേവനങ്ങളും തകരാറിലാണെന്നാണ് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് ഗൂഗ്‌ളിന്റെ സേവനങ്ങളില്‍ തകരാര്‍ തുടങ്ങിയത്. 82 ശതമാനം പേര്‍ക്ക് സെര്‍വര്‍ തകരാര്‍ അനുഭവപ്പെട്ടതെങ്കില്‍ 12 ശതമാനം പേര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആറ് ശതമാനം പേര്‍ക്ക് ഇ-മെയില്‍ ലഭിക്കുന്നതിന് വീഴ്ച സംഭവിച്ചു. ഗൂഗ്ള്‍ വര്‍ക്ക്സ്പേസും ഡോക്സും ലഭ്യമല്ലെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.