ന്യൂദൽഹി / കൽപ്പറ്റ - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസിൽ സൂറത്ത് സി.ജെ.എം കോടതി രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ചതോടെ അദ്ദേഹത്തിന്റെ എം.പി സ്ഥാനം അയോഗ്യതാ ഭീഷണിയുടെ നിഴലിൽ. വിധിയിൽ മേൽക്കോടതിയെ സമീപിക്കാൻ 30 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ടെങ്കിലും പുതിയ ശിക്ഷാവിധി അനുസരിച്ച് പാർല്ലമെന്റ് അംഗത്വം സ്വമേധയാ ഇല്ലാതാവുമെന്നാണ് നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നത്.
രാഹുലിന്റെ അപ്പീൽ പരിഗണിക്കുമ്പോൾ സൂറത്ത് കോടതിയുടെ വിധി പൂർണ്ണമായും മേൽക്കോടതികൾ സ്റ്റേ ചെയ്തില്ലെങ്കിൽ രാഹുലിന് അടുത്ത ആറുവർഷത്തേക്ക് മത്സരിക്കാനുമാവില്ല. ഐ.പി.സി 499, 500 വകുപ്പുകൾ പ്രകാരം രാഹുൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ സ്ഥിതിക്ക്, ശിക്ഷ മാത്രം സ്റ്റേ ചെയ്താലും അയോഗ്യത നിലവിൽ വരുമെന്നാണ് പറയുന്നത്.
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ മുമ്പ് സുപ്രിംകോടതി കർശന നിലപാട് സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകുമെന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യത വരും എന്നതാണ് ചട്ടം. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ട് വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ അയോഗ്യത എന്നതാണ് വ്യവസ്ഥ.. ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവാണ് രാഹുൽ ഗാന്ധിക്ക് കോടതി വിധിച്ചത്. മേൽക്കോടതികൾ ഇത് അംഗീകരിച്ചാൽ ലോക്‌സഭാ അംഗത്വം നഷ്ടമാവുന്ന സാഹചര്യമാണുണ്ടാവുക. എന്നാൽ, രാഹുൽഗാന്ധിക്കെതിരെ നടക്കുന്നത് ബോധപൂർവമായ രാഷ്ട്രീയ വേട്ടയാണെന്നും അദ്ദേഹത്തിന് നീതി ലഭിക്കാൻ ഏതറ്റം വരേയും പോകുമെന്നും ഗുജറാത്ത് പി.സി.സി പ്രസിഡന്റ് ജഗദീഷ് ഠാക്കൂർ പ്രതികരിച്ചു. ഭാരത് ജോഡോ യാത്രയ്ക്കു പിന്നാലെ രാഹുലിനെതിരെയുളള ഭരണകൂട നീക്കങ്ങൾ കൂടുതൽ ശക്തമാണ്. ലണ്ടൻ പരാമർശങ്ങളെ തുടർന്ന് പാർല്ലമെന്റിലും പിന്നീട് പ്രസംഗത്തിന്റെ പേരിലുണ്ടായ വീട്ടിലെ റെയ്ഡും ഏറ്റവും ഒടുവിൽ സൂറത്ത് കോടതിയിലെ തിരിച്ചടിയുമെല്ലാം അതിന്റെ ഭാഗമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.