രാജ് താക്കറെയുടെ അന്ത്യശാസനം; മാഹിം ബീച്ചിലെ ദര്‍ഗ തകര്‍ത്തു

മുംബൈ-മാഹിം ബീച്ചിലെ അനധികൃത ദര്‍ഗ കെട്ടിടം അധികൃതര്‍ പൊളിച്ചുനീക്കി. അനധികൃത കെട്ടിടം ഉടന്‍ പൊളിച്ചില്ലെങ്കില്‍ അതേസ്ഥലത്ത് വലിയ ഗണപതി ക്ഷേത്രം നിര്‍മിക്കുമെന്ന് മഹരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്) മേധാവി രാജ് താക്കറെ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. റാലിക്കിടെ അധികൃതരെ താക്കീത് ചെയ്യുന്ന രാജ് താക്കറെയുടെ പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അധികൃതര്‍ വ്യാഴാഴ്ച രാവിലെയാണ് മാഹിമിലെ ദര്‍ഗ തകര്‍ത്തത്.
അറബിക്കടലില്‍ അനധികൃതമായാണ് ദര്‍ഗ പണിയുന്നതെന്നായിരുന്നു താക്കറെയുടെ ആരോപണം.  ഉടന്‍ പൊളിച്ചുമാറ്റിയില്ലെങ്കില്‍ അതേ സ്ഥലത്ത് എംഎന്‍എസ് ഗണപതി ക്ഷേത്രം നിര്‍മിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ കനത്ത പോലീസ് സന്നാഹത്തോടെയാണ്  ജെസിബിയും മറ്റ് ഉപകരണങ്ങളുമാണ് മാഹിം കടല്‍ത്തീരത്ത്  ഏതാനും മീറ്റര്‍ അകലെയുള്ള ചെറിയ തുരുത്തില്‍ പ്രത്യക്ഷപ്പെട്ട അജ്ഞാതന്റെ മഖ്ബറ തകര്‍ക്കാനെത്തിയത്.
പച്ചയും വെള്ളയും പതാകകളുള്ള കൊടിമരങ്ങളും നീക്കം ചെയ്ത ശേഷമാണ്  ബുള്‍ഡോസര്‍ കൊണ്ട് കെട്ടിടം നിലംപരിശാക്കിയത്.  
ഏതാനും മീറ്ററുകളോളം മുട്ടോളം കടല്‍ വെള്ളത്തിലൂടെ നടന്ന് സ്ഥലത്തെത്തി ആളുകള്‍ പ്രാര്‍ഥിച്ചിരുന്നു. പച്ച തുണിയും മാലകളും മറ്റുമാണ് ആളുകള്‍ എത്തിച്ചിരുന്നത്. സുരക്ഷാ ഭീഷണി കൂടി ചൂണ്ടിക്കാട്ടിയാണ് രാജ് താക്കറെ
സംസ്ഥാന സര്‍ക്കാരിനും മുംബൈ പോലീസിനും സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ അധികൃതര്‍ക്കും അന്ത്യശാസനം നല്‍കിയിരുന്നത്.

 

Latest News