കോണ്‍ഗ്രസ് ആസ്ഥാനം വില്‍പ്പനയ്ക്ക്; വില 10000 രൂപ

തിരുവനന്തപുരം- കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കെ എം മാണിയുടെ കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തത് കോണ്‍ഗ്രസിനുള്ളിലുണ്ടാക്കിയ കലാപം കെട്ടടങ്ങും പാര്‍ട്ടി നേതാക്കളെ ഞെട്ടിച്ച് കെപിസിസി ആസ്ഥാനമായി ഇന്ദിരാ ഭവന്‍ വില്‍പ്പനയ്ക്ക് വച്ചു. ഓണ്‍ലൈന്‍ വ്യാപാര പോര്‍ട്ടലായ ഒഎല്‍എക്‌സിലാണ് വെറും 10,000 രൂപ വിലിയിട്ട് ഇന്ദിരാ ഭവന്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത്. ആവശ്യക്കാര്‍ മുസ്ലിം ലീഗിനെയോ കേരള കോണ്‍ഗ്രസിനെയോ ബന്ധപ്പെട്ടാല്‍ മതിയെന്നും പരസ്യത്തില്‍ പറയുന്നു. 

അനീഷ് എന്ന വ്യക്തിയാണ് കോണ്‍ഗ്രസിനെ ട്രോളിയിരിക്കുന്നത്. ഇയാളെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ സൈറ്റിലെ പ്രൊഫൈലില്‍ നല്‍കിയിട്ടില്ല. വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ജില്ലാ ആസ്ഥാനങ്ങളില്‍ കരിങ്കൊടിയും ശവപ്പെട്ടിയും റീത്തുകളും വച്ചുള്ള പ്രതിഷേധത്തിനിടെയാണ് പാര്‍ട്ടി ആസ്ഥാനത്തെ മന്ദിരത്തെ തന്നെ വില്‍പ്പനയ്ക്ക് വച്ച് പരിഹസിച്ചിരിക്കുന്നത്.

പുതിയ ഓണ്‍ലൈന്‍ പരിഹാസത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. രാജ്യസഭാ സീറ്റി വിട്ടു കൊടുത്തതില്‍ കോണ്‍ഗ്രസ് അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും ശക്തമായ പ്രതിഷേധം നിലനില്‍ക്കുകയാണ്.  

Latest News