ദുബായ്- ബാങ്ക് വായ്പാ തിരിച്ചടവു മുടങ്ങിയതിനെ തുടര്‍ന്ന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷയനുഭവിച്ച് മോചിതനായ അറ്റ്‌ലസ് രാമചന്ദ്രന് ഉടന്‍ യുഎഇ വിട്ടു പോകാന്‍ കഴിയില്ല. മോചനത്തിന് വഴിയൊരുക്കിയ കര്‍ശന ജാമ്യ വ്യവസ്ഥകളിലൊന്നാണിത്. ദിവസങ്ങള്‍ക്കു മുമ്പ് തന്നെ രാമചന്ദ്രന്‍ ജയില്‍ മോചിതനായിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത കഴിഞ്ഞ ദിവസം മാത്രമാണ് പുറത്തു വന്നത്. ജയില്‍ നിന്നിറങ്ങിയ ശേഷം 22 ബാങ്കുകളുമായും മൂന്ന് സ്വകാര്യ സ്ഥാപനങ്ങളുമായും ചര്‍ച്ച നടത്തി വായ്പ തിരിച്ചടക്കുന്നതിന് വ്യവസ്ഥകളോടെ ധാരണയിലെത്തുകയായിരുന്നു. ഈ വ്യവസ്ഥകളിലൊന്നാണ് യുഎഇക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ പാടില്ലെന്നത്.
ഗള്‍ഫ് രാജ്യങ്ങളിലുടനീളം 35 ബ്രാഞ്ചുകളുണ്ടായിരുന്ന അറ്റ്‌ലസ് ജൂവലറി ഉള്‍പ്പെടെയുള്ള രാമചന്ദ്രന്റെ വിശാല ബിസിനസ് സാമ്രാജ്യത്തിന്റെ ആസ്തികളിലേറും വിറ്റഴിച്ചാണ് കടം വീട്ടാനുള്ള പണം കണ്ടെത്തുന്നത്. ജീവിതം നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവരുമെന്ന് 75-കാരനായ രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം കൈരളി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.






