ദുബായ് - അറേബ്യൻ ഗൾഫിലെ ഏറ്റവും പുരാതന മുത്ത്, മത്സ്യബന്ധന നഗരത്തിന്റെ അവശിഷ്ടങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി. യു.എ.ഇക്ക് വടക്ക് ഉമ്മുൽഖുവൈൻ എമിറേറ്റിലെ അൽസീനിയ ദ്വീപിലാണ് പുരാവസ്തു ഗവേഷകർ അമ്പരിപ്പിക്കുന്ന കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഒരു കാലത്ത് ആയിരക്കണക്കിന് ആളുകളും നൂറുകണക്കിന് വീടുകളും ഇവിടെ ഉണ്ടായിരുന്നിരിക്കാമെന്ന് ഗവേഷകർ പറയുന്നു.
ഇസ്‌ലാമിനും മുമ്പ് ആറാം നൂറ്റാണ്ടിന്റെ അവസാന കാലം വരെയാണ് ഇതിന്റെ ചരിത്രം. പുരാതന മുത്ത്, മത്സ്യബന്ധന നഗരങ്ങളെ കുറിച്ച് ചരിത്ര ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ആറാം നൂറ്റാണ്ടോളം പഴക്കമുള്ള പുരാതന കാലഘട്ടത്തിലെ ഒരു നഗരം യഥാർഥത്തിൽ കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ പറയുന്നത് ഇതാദ്യമാണ്. ഗൾഫ് രാജ്യങ്ങളിൽ മുത്ത് വേട്ട നഗരങ്ങൾക്കുള്ള ഏറ്റവും പഴയ ഉദാഹരണമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്ന് എമിറേറ്റ്‌സ് യൂനിവേഴ്‌സിറ്റിയിലെ അസോഷ്യേറ്റ് പ്രൊഫസറും പുരാവസ്തു ഗവേഷകനുമായ തിമോത്തി പവർ വിശദീകരിച്ചു. ഇത് ദുബായ് പോലുള്ള നഗരങ്ങളുടെ ആത്മീയ ചരിത്രമാണ്.
കടൽതീരത്തെ പാറയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമിച്ച വൈവിധ്യമാർന്ന വീടുകൾ ഇവിടെ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഇടുങ്ങിയ ജനവാസ കേന്ദ്രങ്ങൾ മുതൽ മുറ്റങ്ങളുള്ള വിശാലമായ വീടുകൾ വരെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇത് സാമൂഹിക തരംതിരിവുകളെ സൂചിപ്പിക്കുന്നു. ചിതറിക്കിടക്കുന്ന മുത്തുകളും, ശ്വാസത്തെ മാത്രം ആശ്രയിച്ച് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് വേഗത്തിൽ ഊളിയിടാൻ മുങ്ങൽ വിദഗ്ധർ ഉപയോഗിച്ചിരുന്ന ഭാരക്കട്ടികളും പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ടെന്ന് തിമോത്തി പവർ പറഞ്ഞു.
അൽസീനിയ ദ്വീപിലെ മുത്ത് വേട്ട നഗരത്തിൽ ഉമ്മുൽഖുവൈനിലെ ഖോർ അൽബൈദാ ചതുപ്പുനിലങ്ങളും ഉൾപ്പെടുന്നു. ദുബായിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ വടക്കു കിഴക്കായി അറേബ്യൻ ഉൾക്കടൽ തീരത്താണ് ഉമ്മുൽഖുവൈൻ. 1400 വർഷം പഴക്കമുള്ള ഒരു പുരാതന ക്രിസ്ത്യൻ ആശ്രമത്തിന്റെ അവശിഷ്ടങ്ങൾ അൽസീനിയ ദ്വീപിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കത്തുന്ന സൂര്യരശ്മികളുടെ സ്വാധീനം കാരണം തെളിച്ചമുള്ള ലൈറ്റുകൾ എന്നാണ് അൽസീനിയ എന്ന ദ്വീപിന്റെ പേര് അർഥമാക്കുന്നത്. മേഖലയിലെ സീസണൽ സ്ഥലങ്ങളിൽ മറ്റു മുത്തു വേട്ട പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി, വർഷം മുഴുവൻ നിലനിൽക്കുന്ന കുടിയേറ്റത്തിന്റെ അടയാളങ്ങളും അൽസീനിയ ദ്വീപിൽ ഉൾപ്പെടുന്നുവെന്ന് ഗവേഷകർ പറയുന്നു.