Sorry, you need to enable JavaScript to visit this website.

പല്ലവിയുടെ വിജയം അച്ഛൻ്റെ മധുര പ്രതികാരം

പല്ലവി കുടുംബത്തോടൊപ്പം
സ്റ്റാർ സിംഗർ അവാർഡ് വേളയിൽ

തനിക്കു കഴിയാതെ പോയത് മകളിലൂടെ സാധിച്ചെടുത്തതിന്റെ നിർവൃതിയിലാണ് രതീഷ് കുമാർ. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ ജൂനിയർ മൂന്നാം സീസണിലെ വിജയിയായ പല്ലവി രതീഷ് വിജയശ്രീ ലാളിതയായതിൽ ഏറെ സന്തോഷിക്കുന്നത് ആ അച്ഛനാണ്. വർഷങ്ങൾക്കു മുമ്പ് അമൃത ടി.വിയിൽ സംപ്രേഷണം ചെയ്ത സൂപ്പർ സ്റ്റാർ ഗ്ലോബൽ എന്ന റിയാലിറ്റി ഷോയിൽ നാലാം സ്ഥാനത്തായിരുന്നു രതീഷ് കുമാർ. അന്ന് ഫൈനലിൽ മൂന്നു പേരാണ് മാറ്റുരച്ചിരുന്നത്. വോട്ടിംഗിലൂടെയായിരുന്നു വിജയികളെ നിശ്ചയിച്ചിരുന്നത്. ഇന്ന് അഞ്ചു പേർ ഫൈനൽ ലിസ്റ്റിൽ ഇടം നേടിയപ്പോൾ അന്നത്തെ ആ നാലാം സ്ഥാനക്കാരന്റെ മുഖത്ത് തെളിയുന്നത് അഭിമാനത്തിളക്കം. കണ്ണൂർ ജില്ലയിലെ ചെറുതാഴത്തിനടുത്ത മണ്ടൂരിലെ വീട്ടിൽ നിന്നും അലയടിച്ചുയരുന്നത് സന്തോഷത്തിന്റെ തിരയിളക്കങ്ങളാണ്. ഒരു നാടു മുഴുവൻ ഈ കൊച്ചുഗായികയുടെ നേട്ടത്തിൽ അഭിമാന പുളകിതരാകുന്നു. റിയാലിറ്റി ഷോ കഴിഞ്ഞ്  കൊച്ചിയിൽനിന്നും വീട്ടിൽ തിരിച്ചെത്തിയതേയുള്ളൂ. അപ്പോഴേയ്ക്കും സ്വീകരണങ്ങളുടെ വേലിയറ്റമാണ് അവിടെ കാണുന്നത്. മൂന്നു സ്വീകരണത്തിലാണ് ഇന്ന് പങ്കെടുക്കേണ്ടത്. നാളെ പഞ്ചായത്തിന്റെ സ്വീകരണമുണ്ട്. അച്ഛൻ രതീഷ് കുമാർ പറഞ്ഞുതുടങ്ങുന്നു.


പാരമ്പര്യത്തിന്റെ കരുത്താണ് പല്ലവിക്ക് പ്രചോദനമാകുന്നത്. സംഗീതജ്ഞനായ അച്ഛന്റെയും നർത്തകിയായ അമ്മയുടെയും മകൾ കലാരംഗത്തല്ലാതെ മറ്റെന്തിലാണ് മികച്ചുനിൽക്കുക. കണ്ണൂർ യൂനിവേഴ്‌സിറ്റിയിൽനിന്നും ഭരതനാട്യ ബിരുദ പഠനത്തിൽ രണ്ടാം റാങ്കുകാരിയാണ് അമ്മ ഷൈനി. ഭരതനാട്യത്തിലും കുച്ചുപ്പുഡിയിലുമെല്ലാം മികവു പുലർത്തിയിരുന്ന അമ്മയുടെ ശിഷ്യയായ മകൾ നൃത്തരംഗത്തും മുൻപന്തിയിലുണ്ട്. പാട്ടും നൃത്തവും ഇഴചേർന്നു കിടക്കുന്ന ആ വീട്ടിൽ നിന്നും രണ്ടിലും മികവു പുലർത്തിക്കൊണ്ടായിരുന്നു പല്ലവിയുടെ കലായാത്ര തുടങ്ങിയത്.
ജീവിതത്തിൽ മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു അത്. മലയാളത്തിന്റെ വാനമ്പാടിയായ ചിത്രാമാമിന്റെയും പ്രശസ്ത അഭിനേത്രിയായ ഭാവന ചേച്ചിയുടെയും കൈയിൽനിന്നും മികച്ച ഗായികക്കുള്ള അംഗീകാരം ഏറ്റുവാങ്ങുമ്പോൾ മനസ്സു നിറയെ സന്തോഷമായിരുന്നു. നിരവധി പ്രതിഭകളോട് പോരാടി നേടിയ വിജയമാണിത് -സന്തോഷം അടക്കാനാവാതെ പല്ലവി പറയുന്നു.
വാശിയേറിയ പോരാട്ടങ്ങൾക്കും നിർണായകമായ നിരവധി റൗണ്ടുകൾക്കും ശേഷമാണ് വിജയം പല്ലവിയെ തേടിയെത്തിയിരിക്കുന്നത്. 


വിളയങ്കോട് സെന്റ് മേരീസ് എൽ.പി സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ് പല്ലവി. കുട്ടിക്കാലം തൊട്ടേ സംഗീതം അഭ്യസിച്ചു തുടങ്ങിയിരുന്നു. സംഗീതത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയത് അച്ഛൻ തന്നെ. ഇപ്പോഴും അച്ഛനിൽനിന്നാണ് സംഗീത പഠനം. കർണാടക സംഗീതജ്ഞനും പിന്നണി ഗായകനും കൂടിയായ അച്ഛന്റെ ശിഷ്യയായി സംഗീത രംഗത്ത് നിലയുറപ്പിക്കുകയായിരുന്നു ഈ കൊച്ചുകലാകാരി. 
സംഗീത റിയാലിറ്റി ഷോകൾ ഈ കുടുംബത്തിന് അന്യമല്ല. രതീഷ് കുമാർ നിരവധി ചാനലുകളിൽ സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. സൂര്യ ടി.വിയിൽ സംപ്രേഷണം ചെയ്തിരുന്ന സ്വരമഞ്ജരി, കൈരളി ടി.വിയിൽ സംപ്രേഷണം ചെയ്തിരുന്ന ഗന്ധർവ സംഗീതം, ദൂരദർശനിലെ രാഗലയം തുടങ്ങി നിരവധി സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട് രതീഷ് കുമാർ. സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ജയസൂര്യയുടെ ഭാമയും ഒന്നിച്ച ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിലെ പാഴ്മുളം തണ്ടിൽ ഒരു പാതിരാപാട്ട് എന്ന ഗാനം ആലപിക്കാനുള്ള അവസരവും രതീഷ് കുമാറിന് ലഭിച്ചു. എം. ജയചന്ദ്രനായിരുന്നു ഈ ഗാനത്തിന് സംഗീതം പകർന്നത്. പിന്നീട് ഗസൽ ഗാനരംഗത്ത് നിലയുറപ്പിച്ച രതീഷ് കുമാർ നിരവധി വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചു. ദുബായിലെ റേഡിയോ ഏഷ്യയിൽ ആറു വർഷത്തോളം ജോലി നോക്കി. ആർ.ജെ ആയും പ്രോഗ്രാം പ്രൊഡ്യൂസറുമെല്ലാമായിരുന്നു.


ഗായകൻ മാത്രമല്ല, സംഗീത അധ്യാപകൻ കൂടിയാണ് രതീഷ് കുമാർ. നിരവധി വിദ്യാർഥികൾക്ക് സംഗീതത്തിന്റെ ബാലപാഠം പകർന്നുനൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നർത്തകിയായ ഭാര്യയോടൊപ്പം ചേർന്ന് പല്ലവി സ്‌കൂൾ ഓഫ് മ്യൂസിക് ആന്റ് ഡാൻസ് എന്ന സ്ഥാപനത്തിന്റെ അമരക്കാരനായും പ്രവർത്തിക്കുന്നു. പിലാത്തറയിൽ പല്ലവി റെക്കോഡിംഗ് എന്ന പേരിൽ റെക്കോഡിംഗ് സ്റ്റുഡിയോയും നടത്തുന്നുണ്ട്. കൂടാതെ ഒരുക്കം എന്ന പേരിൽ ഡാൻസ് കോസ്റ്റ്യൂം സ്ഥാപനവും രതീഷ് കുമാറിന്റെ നേതൃത്വത്തിലുണ്ട്. പല്ലവി എന്ന പേരിൽ ഒരു യൂ ട്യൂബ് ചാനലും ഇവർക്കുണ്ട്. അച്ഛനും മകളും ഈ മ്യൂസിക് ചാനലിലൂടെ തങ്ങളുടെ പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്നു.
രണ്ടര വയസ്സു മുതൽ പല്ലവി പാടിത്തുടങ്ങിയിരുന്നു. അന്നെല്ലാം അത് കുട്ടിപ്പാട്ടായി മാത്രമേ കണ്ടിരുന്നുള്ളൂ. ആറു വയസ്സായപ്പോഴാണ് പാട്ടു പഠിക്കാൻ തുടങ്ങിയത്. അന്നുതൊട്ടേ ഞാൻ തന്നെയായിരുന്നു ഗുരു. നാട്ടിൽ ഒട്ടേറെ കുട്ടികൾക്ക് പാട്ടു പഠിപ്പിക്കുന്നതിനൊപ്പം മകളും പഠിക്കുന്നു.


പല്ലവിയുടെ ആദ്യത്തെ റിയാലിറ്റി ഷോയായിരുന്നു ഏഷ്യാനെറ്റിലേത്. ഒഡീഷനിലൂടെയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. പല ജില്ലകളിലായി നടന്ന സെലക്ഷനിൽ ഇരുപതിനായിരത്തോളം പേർ പങ്കെടുത്തിരുന്നു. ഒടുവിൽ തെരഞ്ഞെടുക്കപ്പെട്ട പതിനെട്ടു പേരിൽ പല്ലവിയുമുണ്ടായിരുന്നു. പതിനെട്ടു കുട്ടികളുമായി ആറു മാസം നീണ്ട സംഗീത പരിപാടിയിൽ നിന്നും ഒടുവിൽ ഫൈനൽ റൗണ്ടിലെത്തിയത് അഞ്ചു പേർ മാത്രം. ആ അഞ്ചുപേരിൽ നിന്നാണ് പല്ലവി ഒന്നാം സ്ഥാനത്തെത്തിയത്.


മൂന്നര വയസ്സു മുതൽ പാട്ടിന്റെ ലോകത്താണ് പല്ലവി. ഒട്ടേറെ ഭക്തിഗാനങ്ങളും കവർ വേർഷനുകളിലും ആൽബങ്ങളിലുമെല്ലാം പാടിക്കഴിഞ്ഞു. അച്ഛനും മകളും ഒന്നിച്ചു പാടിയ പാട്ടുകളുമുണ്ട്. ദുൽഖറിന്റെ സീതാരാമം എന്ന ചിത്രത്തിലെ കാലം തമ്മിൽ... എന്ന ഗാനം ഞങ്ങൾ പാടി യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്തപ്പോൾ ഒരു മില്യണിന് മുകളിലാണ് കാഴ്ചക്കാരായെത്തിയത്.
കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും കഴിവും ഭാഗ്യവുമാണ് പല്ലവിയെ വിജയത്തിലേയ്ക്കു നയിച്ചതെന്ന് അച്ഛൻ പറയുന്നു. സംഗീത പഠനത്തിൽ മാത്രമല്ല, സ്‌കൂളിലും ഒന്നാമതാണ് പല്ലവി. സ്‌കൂൾ ലീഡർ കൂടിയാണ്. വയലിനും പഠിക്കുന്നുണ്ട്. കൂടാതെ നൃത്തത്തിൽ നാട്ടുവാങ്കവും അഭ്യസിക്കുന്നു. ചിത്രങ്ങളും വരയ്ക്കും.


പഠനത്തിലൂടെ ഉന്നതങ്ങളിലെത്തണമെന്ന ചിന്തയുണ്ടെങ്കിലും കലാരംഗത്ത് നിലയുറപ്പിക്കാനാണ് പല്ലവിയുടെ ആഗ്രഹം. സംഗീത സംബന്ധിയായി ഉന്നത പഠനമാണ് ലക്ഷ്യമിടുന്നത്. ഡോക്ടറോ എൻജിനീയറോ ആകാൻ താൽപര്യമില്ല. സംഗീതത്തിൽ ഉയർന്ന പദവിയാണ് പല്ലവിയുടെ ശ്രദ്ധ. അച്ഛൻ രതീഷ് കുമാറും അമ്മ ഷൈനിയും മകളുടെ അഭിലാഷങ്ങൾക്ക് സമ്മതം മൂളുകയാണ്.
ഞങ്ങൾ രണ്ടുപേരും വിദ്യാഭ്യാസത്തിലൂടെ മറ്റു വിഷയങ്ങളായിരുന്നു പഠിച്ചിരുന്നത്. രതീഷ് കുമാർ കംപ്യൂട്ടർ എൻജിനീയറാണ്. ഷൈനി ഫിസിക്‌സ് ബിരുദം നേടിയതിനു ശേഷം ബി.എഡും പാസായി. എന്നാൽ രണ്ടുപേരുടെയും പാഷൻ കലാലോകമായിരുന്നു. ഒരാൾ സംഗീതത്തിൽ നിലയുറപ്പിച്ചപ്പോൾ മറ്റേയാൾ നൃത്തത്തിലാണ് മനസ്സർപ്പിച്ചത്. പല്ലവി സ്‌കൂൾ ഓഫ് മ്യൂസിക് ആന്റ് ഡാൻസിന്റെ രണ്ടു ബ്രാഞ്ചുകളിലായി ശിഷ്യഗണങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന്മാരായി കഴിയുകയാണിപ്പോൾ. പാപ്പിനിശ്ശേരിയിലെ ഇരിണാവിലും പരിയാരത്തുമാണ് ഈ സ്ഥാപനങ്ങൾ. 
 

Latest News