Sorry, you need to enable JavaScript to visit this website.

ഖത്തറിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു, ഏഴു പേര്‍ക്ക് പരിക്ക്

ദോഹ- ഖത്തറിലെ അൽ മൻസൂറ ഏരിയയിൽ ഇന്ന്  (ബുധന്‍) രാവിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടതായി ഖത്തർ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. ബി റിംഗ് റോഡിലെ ലുലു എക്സ്പ്രസിന് പിൻവശമുള്ള പഴകിയ കെട്ടിടമാണ് തകർന്നുവീണത്. അപകടത്തിൽ ഏഴോളം പേർക്ക് പരിക്കുപറ്റിയതായും ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. രാവിലെ 8.15 ഓടെയാണ് ഒരാളുടെ മരണത്തിനിടയായ അപകടം സംഭവിച്ചത്. കുറച്ചു പഴക്കമുള്ള കെട്ടിടമാണ് ഇന്ന് രാവിലെ തകർന്നു വീണത്. വിവരം അറിഞ്ഞ ഉടൻ തന്നെ ഖത്തർ ആഭ്യന്തരമന്ത്രാലയം സിവിൽ ഡിഫൻസ്സ്, ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി രക്ഷാപ്രവർത്തനത്തിന്  തുടക്കം കുറിച്ചിരുന്നു. ഈ പ്രദേശത്തേക്കുള്ള പ്രവേശനം ആഭ്യന്തരമന്ത്രാലയം അധികൃത തടഞ്ഞിരിക്കുകയാണ്. ഫിലിപ്പീൻസ്, ഈജിപ്ത് തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഈ കെട്ടിടത്തിൽ താമസിച്ചിരുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. മലയാളികളോ ഇന്ത്യക്കാരായ ആരെങ്കിലും ഉള്ളതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. കെട്ടിടത്തിനടിയിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. അപകടം രാവിലെ എട്ടുമണിക്ക് ശേഷം ആയതിനാൽ താമസക്കാരിൽ അധികവും ജോലിസ്ഥലങ്ങളിലേക്ക് പോയ സമയമായിരുന്നു. അത്കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്. എങ്കിലും കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്നതിനാൽ ആഭ്യന്തരമന്ത്രാലയം കെട്ടിടം തകർന്ന പ്രദേശങ്ങളിൽ സിവിൽ സിവിൽ ഡിഫൻസിന്റെയും ഫയർഫോഴ്സിന്റെയും സഹായത്തോടെ പരിശോധന തുടരുകയാണ്.

Latest News