എന്തുകൊണ്ടാണ് ലോകകപ്പിൽ ഏറ്റവുമധികം ടീമുകൾ ചുവപ്പ് ജഴ്‌സിയിടുന്നത്? മഞ്ഞക്കുപ്പായമാണ് ഏറ്റവും പ്രശസ്തമായ ജഴ്‌സി. എന്നാൽ ബ്രസീലും ഓസ്‌ട്രേലിയയും സ്വീഡനും മാത്രമാണ് മഞ്ഞയണിയുന്നത്. അതുകഴിഞ്ഞാൽ അർജന്റീനയുടെയും ഫ്രാൻസിന്റെയും നീലക്കുപ്പായമാണ്. ഇംഗ്ലണ്ടും ജർമനിയും വെള്ള ഇഷ്ടപ്പെടുന്നവരാണ്.
എന്നാൽ ബഹുഭൂരിഭാഗം ടീമുകളുടെയും ജഴ്‌സി ചുവപ്പാണ്. സ്വിറ്റ്‌സർലന്റ്, പോർചുഗൽ, മൊറോക്കൊ, ഡെന്മാർക്ക്, കോസ്റ്ററീക്ക, സെർബിയ, പാനമ, ബെൽജിയം, പോളണ്ട്, ഈജിപ്ത്, തെക്കൻ കൊറിയ, ക്രൊയേഷ്യ, റഷ്യ, സ്‌പെയിൻ എന്നിവയെല്ലാം പ്രധാനമായും ചുവപ്പ് ജഴ്‌സിയിലുള്ള ടീമുകളാണ്.
ചുവപ്പ് ജഴ്‌സി ആക്രമണോത്സുകതയുടെയും മേൽക്കോയ്മയുടെയും അടയാളമായാണ് വീക്ഷിക്കപ്പെടുന്നത്. ചുവപ്പെന്നാൽ അപകടവും പരാജയവുമെന്നതാണ് നമ്മുടെ പൊതുബോധം. ചുവപ്പ് സിഗ്നൽ കണ്ട് ശീലിച്ചവരാണ് എല്ലാവരും. രക്തത്തിന്റെ നിറം ചുവപ്പാണ്. ദേഷ്യം വരുമ്പോൾ മുഖം ചുവക്കും. ടീച്ചർമാർ തെറ്റായ ഉത്തരങ്ങൾ ചുവപ്പ് മഷി കൊണ്ടാണ് അടയാളപ്പെടുത്തുക. ചുവപ്പ് എതിരാളികളുടെ ശ്രദ്ധ ആകർഷിക്കുമെന്നും അവരുടെ ഏകാഗ്രത ഉലക്കുമെന്നും കരുതപ്പെടുന്നു.
ഇംഗ്ലണ്ട് ടീം പൊതുവെ വെള്ള ജഴ്‌സിയാണ് ധരിക്കാറ്. എന്നാൽ 1966 ൽ അവർ ലോകകപ്പ് നേടിയത് ചുവപ്പ് ജഴ്‌സി ധരിച്ച് ഫൈനൽ കളിച്ചാണ്. മാഞ്ചസ്റ്റർ യുനൈറ്റഡ്, ലിവർപൂൾ തുടങ്ങിയ മുൻനിര ക്ലബ്ബുകളുടെ ജഴ്‌സിയും ചുവപ്പാണ്.
വെള്ളയാണ് ഏറ്റവും നല്ല ജഴ്‌സിയെന്ന് വിശ്വസിക്കുന്നവരുണ്ട്. പച്ച പ്രതലത്തിൽ കളിക്കാരെ എളുപ്പം കാണാൻ വെള്ള സഹായിക്കുന്നു. പാസുകൾക്ക് കൂടുതൽ കൃത്യത ഉണ്ടാവും. പച്ച പ്രതിരോധം ശക്തമാക്കും. പച്ച ഗ്രൗണ്ടിൽ പച്ചയണിഞ്ഞ ഡിഫന്റർമാർ എളുപ്പം ശ്രദ്ധിക്കപ്പെടില്ല.