Sorry, you need to enable JavaScript to visit this website.

കള്ളനെന്ന് ആരോപിച്ച് അതിഥി തൊഴിലാളിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

അഹമ്മദാബാദ്- ഗുജറാത്തിലെ ഖേഡ ജില്ലയില്‍ ഛത്തീസ്ഗഢ് സ്വദേശിയായ തൊഴിലാളിയെ കള്ളനെന്ന് സംശയിച്ച് തല്ലിക്കൊന്നു. തലയ്ക്കും വലതു കൈയ്ക്കും പരിക്കേറ്റ  യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംശയിക്കുന്ന ചിലരെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.
ഖേഡ ജില്ലയിലെ ഗ്രാമത്തിലാണ് കള്ളനെന്ന് സംശയിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നത്.  വാന്‍സോള്‍ ഗ്രാമത്തിലാണ് രാംകേശ്വര്‍ ഖേര്‍വാറിനെ ഒരു സംഘം ആളുകള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി ആര്‍ ബാജ്‌പേയ് പറഞ്ഞു. പരിക്കേറ്റ ഖേര്‍വാറിനെ  ആംബുലന്‍സിലാണ് അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെത്തിച്ചത്.  എന്നാല്‍ ആശുപത്രിയിലെത്തുന്നതിനുമുമ്പ് തന്നെ മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
 ഇയാളെ കള്ളനാണെന്ന് സംശയിച്ചാണ് ഗ്രാമവാസികള്‍ പിടികൂടിയത്.  സംഭവത്തില്‍ പ്രതികളെന്ന് കരുതുന്ന ചിലരെ ചോദ്യം ചെയ്തുവരികയാണ്-ബാജ്‌പേയ് പറഞ്ഞു. കൊലപാതകം, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം അജ്ഞാതര്‍ക്കെതിരെ  മുഹമ്മദാബാദ് പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലയിലെ വദ്രഫ്‌നഗര്‍ സ്വദേശിയാണ് കൂലിപ്പണി ചെയ്തിരുന്ന രാകേശ്വര്‍ ഖേര്‍വാര്‍. 30 വയസ്സിനു മുകളിലാണ് പ്രായം.
 അഹമ്മദാബാദ് ജില്ലയിലെ ജിവന്‍പുര ഗ്രാമത്തിലും ഞായറാഴ്ച സമാനമായ സംഭവം നടന്നിരുന്നു, 35 കാരനായ നേപ്പാള്‍ പൗരനെയാണ് കള്ളനെന്ന് സംശയിച്ച് ജനക്കൂട്ടം തല്ലിക്കൊന്നത്. നേപ്പാളിലെ സുര്‍ഖേത് സ്വദേശിയായ കുല്‍മാന്‍ ഗഗനെ ജനക്കൂട്ടം ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് 10 പേരെ  കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News