ന്യൂദല്‍ഹി- ഇരുപതുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം നദിയില്‍ തള്ളിയ സംഭവത്തില്‍ രണ്ട് സഹോദരങ്ങള്‍ പിടിയില്‍. ഗ്രേറ്റര്‍ നോയിഡയില്‍ ഹിന്‍ഡോണ്‍ നദിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് നസ്മയെന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞത്. യുവതിയുടെ മദ്യപാന ശീലവും, ദാമ്പത്യ പരാജയവുമാണ് കൊലപാതകത്തിന് കാരണമായതെന്ന് സഹോദരങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തി.
നോയിഡയിലെ ഫേസ് 2വില്‍ താമസിക്കുന്ന ഷാരൂഖ് (32), സര്‍താജ് (28) എന്നിവരെയാണ് സഹോദരിയെ കൊലപ്പെടുത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തത്. നോയിഡയിലെ വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുന്ന ഇവര്‍ സഹോദരിയെ കാണാനില്ലെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടെ മാര്‍ച്ച് 13 ന് യുവതിയുടെ മൃതദേഹം പോലീസ് നദിയില്‍ നിന്നും കണ്ടെത്തി. അന്വേഷണത്തില്‍ ഇത് നസ്മയാണെന്ന് തിരിച്ചറിഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തുടര്‍ന്ന് സഹോദരങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് വന്നത്. മാര്‍ച്ച് 8 ന് രാത്രി നസ്മയെ കൊലപ്പെടുത്തിയതായി സഹോദരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.
ഗാസിയാബാദിലെ മസൂരി സ്വദേശിയായ സാജിദുമായി 2012ലാണ് നസ്മയെ വിവാഹം കഴിച്ചയച്ചെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ബന്ധം തകരുകയായിരുന്നെന്ന് സഹോദരങ്ങള്‍ പോലീസിനോട് പറഞ്ഞു. ദമ്പതികള്‍ക്ക് നാല് കുട്ടികളുണ്ടായിരുന്നു. ഇതില്‍ രണ്ട് പേര്‍ നസ്മയ്ക്കൊപ്പമായിരുന്നു. വിവാഹബന്ധം പരാജയപ്പെട്ടതിന് പിന്നാലെ നസ്മ മദ്യപാനമാരംഭിച്ചു. ഇത് സഹോദരങ്ങള്‍ക്ക് അപമാനകരമായിരുന്നു.