Sorry, you need to enable JavaScript to visit this website.

സിം കാർഡുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ്: സൗദി പൗരനടക്കം രണ്ടുപേർ അറസ്റ്റിൽ

റിയാദ്- സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികളായ സൗദി പൗരനെയും അറബ് വംശജനെയും അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഇരുവരും ചേർന്ന് 150 സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായും 1.1 കോടിയിലേറെ റിയാൽ തട്ടിയെടുത്തതായും കണ്ടെത്തി. സാങ്കേതിക, പ്രോഗ്രാം മേഖലയിൽ ഡിസ്റ്റൻസ് രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ കമ്പനിയുമായി സൗദി പൗരൻ ധാരണയിലെത്തി സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യാനും കോളുകൾ വിളിക്കാനുമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ സ്വീകരിച്ച് വീട്ടിൽ വെച്ച് പ്രവർത്തിപ്പിക്കുകയാണ് ചെയ്തത്. 
വിദേശിയിൽ നിന്നാണ് സിം കാർഡുകൾ സൗദി പൗരൻ സ്വീകരിച്ച് ആക്ടിവേറ്റ് ചെയ്തിരുന്നത്. സുരക്ഷ വകുപ്പുകൾക്ക് ട്രാക്ക് ചെയ്യാൻ സാധിക്കാതിരിക്കുന്നതിന് അൽപകാലം ഉപയോഗിച്ച ശേഷം സിം കാർഡുകൾ നശിപ്പിക്കുകയായിരുന്നു പതിവ്. സൗദി പൗരന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഉപകരണങ്ങളിൽ ആക്ടിവേറ്റ് ചെയ്ത 33 സിം കാർഡുകളും സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യാനുള്ള ഉപകരണങ്ങളും ഇന്റർനെറ്റ് ഡിവൈസുകളും ബൂസ്റ്ററുകളും ബോക്‌സിൽ സൂക്ഷിച്ച നിലയിൽ 94 സിം കാർഡുകളും കണ്ടെത്തി. ഉപകരണങ്ങൾ സാങ്കേതിക പരിശോധനക്ക് വിധേയമാക്കിയതിൽ നിന്ന് ഇരകളുമായി ഫോൺ വിളിച്ചതിന്റെ 4000 ലേറെ വോയ്‌സ് റെക്കോർഡുകളും കണ്ടെത്തി. 


ഓരോ വോയ്‌സ് ഫയലുകളും ബന്ധപ്പെടാൻ ഉപയോഗിച്ച സിം കാർഡ് നമ്പറുകളിലാണ് സൂക്ഷിച്ചിരുന്നത്. കോളുകൾ വിളിച്ച തീയതികളും സമയങ്ങളും ഇതിൽ പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ആളുകളുടെ പേരുവിവരങ്ങളും വിലാസങ്ങളും നമ്പറുകളും മറ്റും രേഖപ്പെടുത്തിയ നോട്ടുപുസ്തകങ്ങളും പേപ്പറുകളും പ്രതിയുടെ വീട്ടിൽ കണ്ടെത്തി. 
ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗ, ആക്ടിവേറ്റ് രീതികളും ഉപകരണങ്ങളിൽ സിം കാർഡുകൾ ഫിറ്റ് ചെയ്യുന്നതും പരിശീലിക്കാൻ വിദേശത്തുള്ളവരുമായി പ്രതി ആശയവിനിമയം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ അനധികൃത രീതിയിൽ ആക്ടിവേറ്റ് ചെയ്ത സിം കാർഡുകൾ ഉപയോഗിച്ച് സർക്കാർ വകുപ്പ് ജീവനക്കാരായും ധനകാര്യ സ്ഥാപന ഉദ്യോഗസ്ഥരായും ആൾമാറാട്ടം നടത്തി ഇരകളുമായി ബന്ധപ്പെട്ട് വ്യക്തിപരമായ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ചോർത്തി 150 തട്ടിപ്പുകളിലൂടെ 1.1 കോടിയിലേറെ റിയാൽ സൗദി പൗരൻ തട്ടിയെടുക്കുകയായിരുന്നു. വിദേശത്തുള്ള കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യാനും വിദേശങ്ങളിലേക്ക് കടത്തിയ പണം വീണ്ടെടുക്കാനും വിദേശ രാജ്യങ്ങളുമായി പബ്ലിക് പ്രോസിക്യൂഷൻ ശ്രമിച്ചുവരികയാണ്. 


വ്യക്തിപരമായ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ആർക്കു മുന്നിലും വെളിപ്പെടുത്തരുത്. വിശ്വാസയോഗ്യമല്ലാത്ത വെബ്‌സൈറ്റുകളിലും ലിങ്കുകളിലും പ്രവേശിക്കുകയും ചെയ്യരുത്. വ്യക്തിപരമായ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും വെളിപ്പെടുത്തുന്നതും വിശ്വാസയോഗ്യമല്ലാത്ത വെബ്‌സൈറ്റുകളിലും ലിങ്കുകളിലും പ്രവേശിക്കുന്നതും അക്കൗണ്ടുകൾ നിയന്ത്രിക്കാനും പണം തട്ടിയെടുക്കാനും കുറ്റവാളികൾക്ക് അവസരമൊരുക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. 

Latest News