നജ്‌റാന്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ രണ്ട് മിസൈല്‍ അയച്ചു

റിയാദ്- സൗദി അറേബ്യ ലക്ഷ്യമിട്ട് വെള്ളിയാഴ്ച ഹൂത്തികള്‍ രണ്ട് മിസൈലുകള്‍ അയച്ചതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.45 നാണ് സൗദിയിലെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ നജ്്‌റാന്‍ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി മിലീഷ്യകള്‍ മിസൈല്‍ ആക്രമണ ശ്രമം നടത്തിയത്.
ഇവയിലൊന്ന് യെമനില്‍ ഉള്‍പ്പെടുന്ന സആദ പ്രവിശ്യയില്‍ തന്നെ പതിച്ചു. രണ്ടാമത്തേത് ജനവാസമില്ലാത്ത മരുഭൂമയില്‍ പതിച്ചതായും സഖ്യസേനാ വക്താവ് പറഞ്ഞു. നജ്‌റാനിലെ ജനവാസ പ്രദേശങ്ങളായിരുന്ന ലക്ഷ്യമെന്നും വൈകിട്ട് 6.45 ന് മിസൈലുകള്‍ സൗദി വ്യോമ പ്രതിരോധ സേനയുടെ ശ്രദ്ധയില്‍ പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഹൂത്തികള്‍ തുടര്‍ച്ചയായി മിസൈല്‍ ആക്രമണ ശ്രമം നടത്തുന്നത് ഇറാന്‍ നല്‍കുന്ന പിന്തണക്ക് തെളിവാണെന്ന് സഖ്യസേനാ വക്താവ് കുറ്റപ്പെടുത്തി.
 

Latest News