പെരുന്നാളിന് നാട്ടില്‍നിന്ന് ബീഫ് പ്രതീക്ഷിക്കരുത്; ഭക്ഷ്യവസ്തുക്കള്‍ അനുവദിക്കില്ല 

കൊണ്ടോട്ടി- കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുളള യാത്രക്കാരുടെ ബാഗേജില്‍ ഭക്ഷ്യവസ്തുക്കള്‍ തടയുന്നു. കാര്‍ഗോ നിയന്ത്രണം നിലനില്‍ക്കെയാണ് സൗദി ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ ബാഗേജില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ തടയുന്നത്.നാടന്‍ പച്ചക്കറികള്‍,പഴവര്‍ഗങ്ങള്‍ വേവിച്ച ഭക്ഷ്യവസ്തുക്കള്‍,ബേക്കറി സാധനങ്ങള്‍ അടക്കം കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ല. നിപ്പാ വൈറസ് നിയന്ത്രണ വിധേയമാവുമ്പോഴാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകുന്നത്. 

യു.എ.ഇ,കുവൈത്ത്,ബഹ്‌റൈന്‍,സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ കേരളത്തില്‍നിന്നുളള പഴം-പച്ചക്കറി ഇറക്കുമതി പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്. നേരത്തെ കേരളത്തില്‍നിന്നുളള കറിവേപ്പില വിഷാംശമുണ്ടെന്ന് പറഞ്ഞ് സൗദി അറേബ്യ തടഞ്ഞിരുന്നു. പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് നിയന്ത്രണം നീക്കിയത്. കരിപ്പൂര്‍,നെടുമ്പാശ്ശേരി,തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നായി വിദേശ രാജ്യങ്ങളിലേക്ക് ദിനേന ആയിരത്തിലേറെ പേരാണ് യാത്ര ചെയ്യുന്നത്. ഇവര്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ധാരാളം ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോകാറുണ്ട്. 

പെരുന്നാള്‍ മുന്‍നിര്‍ത്തി കൊണ്ടുപോകുന്ന സാധനങ്ങള്‍ തയുന്നത് യാത്രക്കാര്‍ക്ക് കനത്ത ആഘാതമായിട്ടുണ്ട്. കരിപ്പൂര്‍,നെടുമ്പാശ്ശേരി,തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയുളള പഴം-പച്ചക്കറി ഭക്ഷ്യ ഉല്‍പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞയാഴ്ച മുതലാണ് നിര്‍ത്തലാക്കിയതയത്.ഗള്‍ഫിലേക്ക് വിമാനങ്ങള്‍ ഏറെയുളള കൊച്ചി വഴിയാണ് കാര്‍ഗോ കയറ്റുമതി കൂടുതലുളളത്. ദിനേന കൊച്ചിയില്‍നിന്ന് 100 മുതല്‍ 150 ടണ്‍വരെ കാര്‍ഗോ കയറ്റി അയച്ചിരുന്നത് ഇപ്പോള്‍ 50 മുതല്‍ 75 വരെയായി. കരിപ്പൂരില്‍ 50 ടണ്ണില്‍നിന്ന് 20ലേക്ക് താഴ്ന്നു. പച്ചക്കറികള്‍ വിമാനത്താവള പരിസരങ്ങളിലെ ഗോഡൗണുകളിലെത്തിച്ച് പ്രത്യേകം പാക്ക് ചെയ്താണ് ഗള്‍ഫിലേക്ക് കയറ്റി അയച്ചിരുന്നത്.

Latest News