Sorry, you need to enable JavaScript to visit this website.

സൗദിയിലേക്കുളള വിസ സ്റ്റാംപിംഗിന്‍റെ എണ്ണം കുറച്ചു; വീണ്ടും പ്രതിസന്ധി

ജിദ്ദ-സൗദിയിലേക്ക് വിസ സ്റ്റാംപ് ചെയ്യുന്നതിൽ വീണ്ടും പ്രതിസന്ധി. മുംബൈയിലെ സൗദി കോൺസുലേറ്റിൽനിന്ന് ഓരോ ദിവസവും സ്റ്റാംപ് ചെയ്യുന്ന പാസ്‌പോർട്ടുകളുടെ എണ്ണം കുറച്ചു. നിലവിൽ ഒരു ഏജന്റിന് ആഴ്ചയിൽ രണ്ടു തവണയായി എഴുപത് പാസ്‌പോർട്ട് വീതമായിരുന്നു ഓരോ ദിവസവും സ്റ്റാംപിംഗിന് അനുവദിച്ചിരുന്നത്. എന്നാൽ നാളെ(മാർച്ച് 20) മുതൽ ഇത് ഓരോ ഏജന്റിനും ഒരു തവണ 45 ആയി കുറച്ചു. സൗദിയിലേക്ക് വിമാന ടിക്കറ്റ് എടുത്ത് വരാനായി കാത്തുനിൽക്കുന്നവർക്ക് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. നിലവിൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ മാത്രമാണ് ഈ പ്രശ്‌നമുള്ളത്. ദൽഹിയിൽ പാസ്‌പോർട്ടുകളുടെ എണ്ണം കുറച്ചിട്ടില്ല.

റമദാനും സ്‌കൂൾ അവധിയും ഒന്നിച്ചെത്തിയതോടെ സൗദി അറേബ്യയിലേക്ക് ഫാമിലി വിസിറ്റ് വിസ അപേക്ഷകരുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി എല്ലാവർക്കും വിസ അനുവദിക്കുന്നതും കുടുംബത്തിൽനിന്നുള്ള കൂടുതൽ പേരെ കൊണ്ടുവരാൻ കഴിയുന്നതും കാരണം വിസ അപേക്ഷകളിൽ വൻതോതിൽ വർധന രേഖപ്പെടുത്തുന്നുണ്ട്.  ഇതോടെ സൗദി വിദേശകാര്യമന്ത്രാലയത്തിലെ വെബ്‌സൈറ്റിൽ വിസ അനുവദിക്കുന്നതിനും നാട്ടിൽ കോൺസുലേറ്റിൽ നിന്ന് വിസ സ്റ്റാമ്പ് ചെയ്യുന്നതിനും കാലതാമസം നേരിടുന്നു. സൗദി അറേബ്യയിൽ ഒരു മാസം മുമ്പ് വരെ ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷിക്കുമ്പോൾ രണ്ട് ദിവസത്തിനകം ഓൺലൈനിൽ വിസ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടും മൂന്നും ആഴ്ചകൾ വിസ ലഭിക്കാൻ സമയമെടുക്കുന്നുണ്ട്. 

ആറായിരത്തിലധികം പാസ്‌പോർട്ടുകളാണ് ദിനംപ്രതി മുംബൈ കോൺസുലേറ്റിലെത്തുന്നത്. തൊഴിൽ വിസയും ഉംറ വിസയും ഇവയിലുൾപ്പെടുമെങ്കിലും ഫാമിലി വിസിറ്റുകളാണ് പ്രധാനമായും ഉളളത്. മാതാപിതാക്കൾ, ഭാര്യ, സഹോദരങ്ങൾ, മാതൃ പിതൃ സഹോദരങ്ങൾ അടക്കം വിവിധ വിഭാഗത്തിൽ പെടുന്ന കുടുംബാംഗങ്ങൾക്ക് വിസ ലഭിക്കുമെന്നതിനാൽ പരമാവധി പേർക്ക് ഒന്നിച്ച് വിസ അപേക്ഷ നൽകുകയാണ്. പത്തു വരെ അംഗങ്ങൾക്ക് വേണ്ടി അപേക്ഷിക്കുന്നവരുമുണ്ട്. കോൺസുലേറ്റിൽ ട്രാവൽ ഏജൻസികൾ സമർപ്പിക്കുന്ന പാസ്‌പോർട്ടുകളിൽ  അധികവും സ്റ്റാമ്പിംഗിന്റെ പകുതി നടപടികൾ പൂർത്തിയാക്കി ബാക്കി രണ്ട് ആഴ്ചക്ക് ശേഷം വീണ്ടും സബ്മിറ്റ് ചെയ്യാനാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. കുടുതൽ പേരുള്ള അപേക്ഷകളിൽ ചിലരുടെ പാസ്‌പോർട്ടുകൾ പിന്നീട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് തിരിച്ചയക്കുന്നു. ചില പാസ്‌പോർട്ടുകൾക്ക് വിസാ നടപടികൾ കഴിഞ്ഞു സ്റ്റാമ്പിംഗ് പ്രിന്റ് ലഭിക്കുന്നില്ല. സാങ്കേതിക പ്രശനം മാത്രമാണിതെന്നും റിജക്ട്  ചെയ്ത പാസ്‌പോർട്ടുകളിൽ രണ്ടാഴ്ചക്കുള്ളിൽ വിസാ സ്റ്റാമ്പിങ്ങ്  പൂർത്തിയാക്കുമെന്നാണ് കോൺസുലേറ്റ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത് യാത്രക്കാരെയും ട്രാവൽ ഏജൻസികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 

Latest News