Sorry, you need to enable JavaScript to visit this website.

എവിടെ നിന്നാല്‍ വിജയിക്കും, സിദ്ധരാമയ്യക്ക് വേണ്ടി തലപുകച്ച് കോണ്‍ഗ്രസ്

ബെംഗളൂരു - നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്ക് വിജയ സാധ്യതയുള്ള മണ്ഡലം തേടി കോണ്‍ഗ്രസ് നേതൃത്വം. നേരത്തെ കോലാറില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന സിദ്ധരാമയ്യക്ക് ആ സീറ്റ് നല്‍കേണ്ടെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിച്ചതായി സൂചനയുണ്ട്. കന്നഡ പുതുവത്സര ദിനമായ ഉഗാദിക്കുശേഷം വ്യാഴാഴ്ചയോടെ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയേക്കും.

ബാഗല്‍കോട്ട് ജില്ലയിലെ ബദാമിയില്‍നിന്നുള്ള എം.എല്‍.എയാണ് സിദ്ധരാമയ്യ. കോലാറാണ് ഇനിയുള്ള കര്‍മ മണ്ഡലമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായ കോലാറില്‍ മുതിര്‍ന്ന നേതാവിനെ ഇറക്കുന്നത് ആത്മഹത്യാപരമെന്നാണു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി നടത്തിയ സര്‍വേയിലും ഉറച്ച മണ്ഡലമെന്ന ഗണത്തില്‍ കോലാറില്ല. ദല്‍ഹിയില്‍ നടന്ന സ്ഥാനാര്‍ഥി നിര്‍ണയ യോഗത്തില്‍ ഇക്കാര്യം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ തന്നെ സിദ്ധരാമയ്യയോടു പറഞ്ഞന്നാണ് പുറത്തുവന്ന വിവരം.

നേതൃത്വം ആവശ്യപ്പെടുന്ന സ്ഥലത്തു മത്സരിക്കുമെന്നു സിദ്ധരാമയ്യ നിലപാട് മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച ബല്‍ഗാമിലെ പരിപാടിക്കായി രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് എത്തുന്നുണ്ട്. ഇതിനു ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. കോണ്‍ഗ്രസ് കോട്ടയായി കരുതുന്ന മൈസൂരുവിലെ വരുണ മണ്ഡലത്തില്‍ മകന്‍ യതീന്ദ്രയാണ് ഇപ്പോള്‍ എം.എല്‍.എ. അച്ഛനുവേണ്ടി മാറിക്കൊടുക്കാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 

Latest News