Sorry, you need to enable JavaScript to visit this website.

വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും: മന്ത്രി പി. രാജീവ്

മട്ടന്നൂര്‍ - കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധിക സ്ഥലം പ്രയോജനപ്പെടുത്തി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലയിലെ നിക്ഷേപ സാധ്യത ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം മട്ടന്നൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ രംഗത്തെ ഇന്‍ക്യുബേറ്ററുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവ നടത്തുന്ന കണ്ടുപിടിത്തങ്ങളുടെ വ്യവസായ ഉല്‍പാദനത്തിന് കോളജുകളിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളില്‍ മുന്‍ഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സമാനമായ മറ്റ് വ്യവസായങ്ങള്‍ക്കും ആ സ്ഥലം ഉപയോഗിക്കാം. കുട്ടികള്‍ക്ക് ക്ലാസിന് ശേഷമുള്ള സമയം ഇവിടെ ജോലി ചെയ്യാം. പഠിക്കുന്നതുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നതെങ്കില്‍ അതിന് ക്രെഡിറ്റ് കൊടുക്കാം. ഈ വര്‍ഷം തന്നെ ഇത് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എം.ജി യൂനിവേഴ്സിറ്റിയുടെ ഇരുപതേക്കറിലായിരിക്കും ആദ്യത്തെ പാര്‍ക്ക്. 38 കോളജുകള്‍ ഇതിനകം തന്നെ ഇതിന് തയാറായി സര്‍ക്കാറിനെ സമീപിച്ചതായും മന്ത്രി പറഞ്ഞു.
ഇനി വ്യവസായ വികസനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലം ഉത്തരകേരളമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെയുണ്ട്. സ്ഥലവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. കേരളത്തില്‍ ആദ്യത്തെ സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനുള്ള അനുമതി നല്‍കിയത് കണ്ണൂരിലാണ്. സംസ്ഥാനത്ത് എട്ട് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കി. വ്യവസായം ശക്തിപ്പെടാതെ കേരളത്തിന്റെ നേട്ടങ്ങള്‍ നിലനിര്‍ത്തുക ദുഷ്‌കരമാണ്. സംരംഭക വര്‍ഷം നല്ല ആത്മവിശ്വാസം നല്‍കി. 17.3 ശതമാനമാണ് നമ്മുടെ വ്യവസായ വളര്‍ച്ച. മൊത്തം സാമ്പത്തിക വളര്‍ച്ച 12 ശതമാനമാണ്. കേരളത്തില്‍ മൊത്തം സാമ്പത്തിക വളര്‍ച്ചയുടെ മുകളിലേക്ക് വ്യവസായ വളര്‍ച്ച അപൂര്‍വമായേ വന്നിട്ടുള്ളൂ. ഉത്പാദന മേഖല 18.9 ശതമാനം വളര്‍ന്നു. ഒരു കുതിപ്പിനുള്ള പരിസരം ഒരുങ്ങിയിട്ടുണ്ട്.
കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ അധ്യക്ഷയായി. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ മുഖ്യപ്രഭാഷണം നടത്തി.

 

Latest News