Sorry, you need to enable JavaScript to visit this website.

വിചിത്ര കൊലയാളി റിപ്പർ ജയാനന്ദൻ മകളുടെ വിവാഹത്തിന് എത്തുമ്പോൾ, കൊടും ക്രൂരതയുടെ കഥ

വിയ്യൂർ സെൻട്രൽ ജയിലിൽ അതീവ സുരക്ഷയിൽ തടവിൽ കഴിയുന്ന അപകടകാരിയും കുപ്രസിദ്ധ കൊലയാളിയുമായ തൃശൂർ-മാള പള്ളിപ്പുറം സ്വദേശി ചെന്തുരുത്തി കറുപ്പും പറമ്പിൽ ജയാനന്ദൻ എന്ന റിപ്പർ ജയാനന്ദന് രണ്ട് ദിവസത്തേക്ക് ഇനി നാട്ടിലെത്താം. ജയാനന്ദന്റെ മകളും അഭിഭാഷകയുമായ കീർത്തിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി, അയാളുടെ ഭാര്യ ഇന്ദിര സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഈ ഇളവ് അനുവദിച്ചത്. ഭർത്താവിന് 15 ദിവസത്തെ പരോൾ അനുവദിക്കണം എന്നായിരുന്നു ഇന്ദിരയുടെ ആവശ്യം. എന്നാൽ സംസ്ഥാന സർക്കാർ, ജയാനന്ദന് പരോൾ നൽകുന്നതിനെ എതിർത്തു. അഭിഭാഷകയായ റിപ്പർ ജയാന്ദന്റെ മകൾ കീർത്തി തന്നെയാണ്, പിതാവിന്റെ പരോൾ അപേക്ഷയിൽ ഹൈക്കോടതിയിൽ ഹാജരായത്. ''തന്റെ വിവാഹമാണ്, തന്റെ പിതാവിന് തന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകണം. അഭിഭാഷക എന്ന നിലയിലല്ല, മകൾ എന്ന നിലയിൽ,'' എന്ന വാദമാണ് കീർത്തി കോടതിയിൽ  ഉന്നയിച്ചത്. സംസ്ഥാന സർക്കാർ എതിർത്തെങ്കിലും, ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കടുത്ത ഉപാധികളോടെയാണ് അനുമതി. മാർച്ച് 21-ന് രാവിലെ വിവാഹത്തലേന്ന് ജയാനന്ദന് വീട്ടിലെത്താം. 22-ന് കാലത്ത് 9 മണി 5 മണി വരെ വിവാഹ ചടങ്ങിലും പങ്കെടുക്കാം. പോലീസ് അനുഗമിക്കുകയും ചെയ്യും. ജയാനന്ദൻ തിരികെ ജയിലിലേക്ക് മടങ്ങുമെന്ന് ഭാര്യ ഇന്ദിരയും, മകൾ കീർത്തിയും സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

റിപ്പർ ജയാനന്ദൻ തലക്കടിച്ച് കൊലപ്പെടുത്തിയ മാള-പള്ളിപ്പുറം കളത്തിപ്പറമ്പിൽ നഫീസയും, തലയ്ക്കടിയേറ്റ് മാരകമായി പരുക്കേറ്റ ജന്നത്ത്, നബീൽ എന്നീ  കുട്ടികളും. 

വിചിത്ര കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് റിപ്പർ ജയാനന്ദൻ. വയനാട് സ്വദേശി മുതുകുറ്റി ചന്ദ്രൻ എന്ന റിപ്പർ ചന്ദ്രനെ തൂക്കിലേറ്റിയ ശേഷം, അതേ പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു കുറ്റവാളിയാണ് തൃശൂർ സ്വദേശിയായ ജയാനന്ദൻ. ഇരകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയോ, മാരകമായി മുറിവേൽപ്പിക്കുകയോ ചെയ്യലാണ് 'റിപ്പറെന്ന് വിശേഷിപ്പിക്കപ്പെടുന്ന കുറ്റവാളികളുടെ രീതി'. പ്രത്യേക സ്വഭാവക്കാരായ, ഒരേ ഗണത്തിൽപ്പെടുന്ന കുറ്റവാളികളാണിവർ. സാമാന്യ ബുദ്ധിയിൽ നിരീക്ഷിച്ചാൽ യുക്തിക്ക് നിരക്കാത്ത പൊരുത്തക്കേടുകളാണ് ഇത്തരം കുറ്റവാളികളുടെ സ്വഭാവമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇരകളെ തലക്കടിച്ച് കവർച്ച നടത്തി, പിന്നീട് കിട്ടുന്നതുമായി മുങ്ങുക. ഇതാണ് റിപ്പർ ജയാനന്ദന്റെ രീതി. ഇയാൾ നടത്തിയ ആക്രമണങ്ങൾക്ക് പിന്നിലെല്ലാം തന്നെ, സ്ത്രീകളെ മാനംഭംഗപ്പെടുത്തലും,  കവർച്ച നടത്തലുമായിരുന്നു ലക്ഷ്യം. ഇത് കൊണ്ട് തന്നെയാണ് പോലീസ് രേഖകളിൽ ഇയാളെ വിചിത്ര കുറ്റവാളിയാക്കിയതും.

കോളിളക്കം സൃഷ്ടിച്ച മാള ഇരട്ടകൊലക്കേസ്സിലൂടെയാണ് റിപ്പർ ജയാനന്ദൻ പോലീസ് രേഖകളിൽ പ്രത്യേക കുറ്റവാളിയായി ഇടം നേടുന്നത്. 2004 മാർച്ചിലാണ് മാള-പള്ളിപ്പുറം കളത്തിപ്പറമ്പിൽ നഫീസ, ഫൗസിയ എന്നിവരെ തലക്കടിച്ച് കൊലപ്പെടുത്തുകയും നൂർജഹാൻ എന്ന യുവതിയേയും ജന്നത്ത്, നബീൽ എന്നീ രണ്ട് കുട്ടികളേയും തലയ്ക്കടിച്ച് മാരകമായി പരുക്കേൽപ്പിക്കുകയും ചെയ്ത നിഷ്ഠൂരകൃത്യം ഇയാൾ നടത്തിയത്. ഈ കേസ്സിൽ ദൃക്‌സാക്ഷികളില്ലെന്ന നിയമത്തിന്റെ പഴുത് ഈ കുറ്റവാളിക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കി. അന്നത്തെ ആക്രമണത്തിൽ തലയോട്ടി തകർന്ന് ഇടത് കണ്ണ് നഷ്ടപ്പെട്ട നൂർജഹാൻ ഇന്ന് ജീവഛവമായാണ് കഴിയുന്നതും.

നൂർജഹാൻ

മനുഷ്യരക്തം കാണുന്നതും അതിന്റെ ഗന്ധമേൽക്കുന്നതിലും ഏറെ അഭിവാഞ്ജയുള്ള ഇത്തരം കുറ്റവാളികൾ, നടത്തുന്ന കൃത്യത്തിന് ദൃക്‌സാക്ഷികൾ ഉണ്ടാകില്ലെന്ന പ്രത്യേകത കൂടിയുണ്ട്. കേസ്സിൽ സാഹചര്യ തെളിവുകൾ വിദഗ്ധമായി കോർത്തിണക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്. കൊടും പാതകങ്ങൾ ഒരു ശങ്കയുമില്ലാതെ ഞൊടിയിടക്കുള്ളിൽ ഇവർ പ്രാവർത്തികമാക്കും. ഇരകളുടെ രോദനമോ, കരച്ചിലോ, പിടച്ചിലോ ഇവരിൽ അനുതാപവുമുണ്ടാക്കില്ല. തൃശൂർ, എറണാകുളം ജില്ലകളിലായി നാല് വർഷത്തിനിടെ അഞ്ച് കവർച്ചകൾക്കിടയിൽ ഏഴ് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് വിവിധ ഘട്ടങ്ങളിലായി തൃശൂർ-മാള പള്ളിപ്പുറം സ്വദേശി ചെന്തുരുത്തി കറുപ്പുംപറമ്പിൽ ജയാനന്ദൻ എന്ന റിപ്പർ ജയാനന്ദനെ പോലീസ് പിടികൂടിയിരുന്നുവെങ്കിലും, ഇതിൽ ആറ് കൊലപാതകങ്ങൾക്കും ദൃക്‌സാക്ഷികളില്ലെന്ന കാരണത്താൽ വിവിധ കോടതികൾ ഇയാളെ വെറുതെ വിട്ടു.
2004 ഒക്‌ടോബറിൽ തൃശൂർ-പെരിഞ്ഞനം സ്വദേശി കളപ്പുരക്കൽ സഹദേവന്റെ വീടിന്റെ ജനലഴി മുറിച്ചുമാറ്റി വീടിനകത്ത് കേറി സഹദേവനേയും ഭാര്യ നിർമ്മലയേയും തലക്കടിച്ചു കൊലപ്പെടുത്തി ആഭരണം കവർച്ച ചെയ്ത കേസ്സിൽ ഐ.പി.സി 302 വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് മരണം വരെ ഇയാളെ തൂക്കിലേറ്റാനും, ഐ.പി.സി 449-ാം വകുപ്പ് പ്രകാരം  വീട് അതിക്രമിച്ച് കയറിയതിന് ജീവപര്യന്തം തടവും, ഐ.പി.സി 394-ാം വകുപ്പ് പ്രകാരം കവർച്ച ലക്ഷ്യമിട്ട് കൊല നടത്തിയതിന് ജീവപര്യന്തം കഠിന തടവും, ഐ.പി.സി 461-ാം വകുപ്പ് പ്രകാരം വീട് പൊളിച്ച് അകത്ത് കടന്നതിന് 2 വർഷം കഠിന തടവും അന്നത്തെ തൃശൂർ ജില്ലാ സെഷൻസ് ജഡ്ജി ബി.കമാൽപാഷ  ശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഇവിടേയും ദൃക്‌സാക്ഷികളില്ല എന്ന കാരണത്താൽ ഹൈക്കോടതി ഈ ശിക്ഷ റദ്ദാക്കുകയായിരുന്നു. ഇതോടെ ഏഴിൽ 6 കൊലക്കേസ്സുകളിലും ഇയാൾ കുറ്റ വിമുക്തനാക്കപ്പെട്ടു. 
അതേസമയം 2006 ഒക്‌ടോ.1-ന് പുലർച്ചെ ഒരു മണിക്ക് വീട്ടിൽ ഭർത്താവിനോടൊപ്പം ഉറങ്ങുകയായിരുന്ന പുത്തൻവേലിക്കര നെടുമ്പിള്ളി രാമകൃഷ്ണന്റെ ഭാര്യ ദേവകി എന്ന ബേബി (51) യെ കൊലപ്പെടുത്തിയ കേസ്സിൽറിപ്പർ ജയാനന്ദന് കോടതി വധ ശിക്ഷ വിധിക്കുകയായിരുന്നു. 


 

Latest News