വിമാനത്തില്‍ ജയറാമിന്റെ മിമിക്രി, ഷീലയുടെ ചിരി; വൈറലായി വീഡിയോ

കൊച്ചി- മലയാളത്തിലെ നിത്യഹരിത നായികയായ  ഷീലക്കൊപ്പമുള്ള ജനപ്രിയ നടന്‍ ജയറാമിന്റെ വീഡിയോ ഏറ്റുപിടിച്ച് സോഷ്യല്‍ മഡീയ. ഇരുവരും വിമാന യാത്രയില്‍  കണ്ടുമുട്ടിയ വീഡിയോ ആണ് പ്രചരിക്കുന്നത്.
'ഞാന്‍ ഒരുപാട് കാലത്തിനു ശേഷമാണ് എന്റെ മാക്കത്തിനെ കാണുന്നത്. സുഖമാണോ?' പ്രേംനസീറിന്റെ ശബ്ദത്തില്‍ ജയറാം വീഡിയോയില്‍ ചോദിക്കുന്നു. ജയറാമിന്റെ ചോദ്യം കേട്ട് ഷീല ചിരിക്കുന്നു.
ഇടവേളയ്ക്കു ശേഷം ഷീല മലയാള സിനിമയില്‍ തിരിച്ചെത്തിയ സത്യന്‍ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെയില്‍ ജയറാമായിരുന്നു നായകന്‍. കൊച്ചുത്രേസ്യ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ഷീല അവതരിപ്പിച്ചത്. പ്രേംനസീറിനൊപ്പം ഏറ്റവും അധികം ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച റെക്കോഡും ഷീലക്ക് സ്വന്തമാണ്.

വിമാനത്തില്‍ ഒന്നിച്ചിരുന്നാണ് ഇരുവരുടേയും യാത്ര. ജയറാമാണ് വിഡിയോ പങ്കുവച്ചത്. നിരവധി പേരാണ് ആരാധകരുടെ മനം കവര്‍ന്ന വിഡിയോക്ക് താഴെ കമന്റിടുന്നത്. ഇരുവരും ഒന്നിച്ച സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രം ഓര്‍മ വന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍. കൊച്ചുത്രേസ്യക്കൊച്ചും മാത്തുക്കുട്ടിച്ചായനും എന്നാണ് ചിലരുടെ കമന്റ്. രമേഷ് പിഷാരടി, വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയ നിരവധി പേര്‍  കമന്റുകളുമായി എത്തി.

 

 

 

Latest News