Sorry, you need to enable JavaScript to visit this website.

കെ.എസ്.യു കാലുവാരി; യു.ഡി.എസ്.എഫ് മുന്നണിബന്ധം വിച്ഛേദിക്കാൻ എം.എസ്.എഫ്

- അന്തിമ തീരുമാനം മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വവുമായി ആലോചിച്ച ശേഷമെന്ന് എം.എസ്.എഫ്

കോഴിക്കോട് - യു.ഡി.എഫിന്റെ വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മയായ യു.ഡി.എസ്.എഫിൽ വിള്ളൽ. കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.യുവും മുസ്‌ലിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എഫും തമ്മിലാണ് കടുത്ത ഭിന്നതയുണ്ടായത്. 
 ഇന്നലെ കോഴിക്കോട്ട് ചേർന്ന എം.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ കെ.എസ്.യുവുമായി സഹകരിക്കേണ്ടതില്ലെന്നും അവർ യൂണിയൻ തെരഞ്ഞെടുപ്പിൽ കാലുവാരിയതായും യോഗം വിലയിരുത്തി. ഇതേ തുടർന്ന് യു.ഡി.എസ്.എഫിന്റെ മുന്നണി കൺവീനർ സ്ഥാനം രാജിവെക്കാനുമാണ് എം.എസ്.എഫ് തീരുമാനം. പ്രശ്‌നം മാതൃസംഘടനയായ മുസ്‌ലിം ലീഗ് നേതൃത്വവുമായി ചർച്ച ചെയ്ത് ഗ്രീൻ സിഗ്നൽ പ്രതീക്ഷിച്ചിരിക്കുകയാണ് വിദ്യാർത്ഥി നേതൃത്വം.
 കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് കെ.എസ്.യുവിനെതിരെ രൂക്ഷ വിമർശവുമായി എം.എസ്.എഫ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിൽ കെ.എസ്.യു കാലുവാരി എസ്.എഫ്.ഐയെ സഹായിച്ചുവെന്നാണ് എം.എസ്.എഫ് പറയുന്നത്. അതിനാൽ മുന്നണി ബന്ധത്തിൽ അർത്ഥമില്ലെന്നും ഇനി കാമ്പസുകളിൽ എം.എസ്.എഫ് ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കൾ വ്യക്തമാക്കുന്നു. യു.ഡി.എസ്.എഫ് കൺവീനർ സ്ഥാനത്ത് നിന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് രാജിവെക്കാനും തീരുമാനിക്കുകയായിരുന്നു.
 തൃശൂർ ജില്ലയിൽ മുന്നണിക്കത്ത് ചതിയും വോട്ട് ചേർച്ചയും ഉണ്ടായെന്നും  കോഴിക്കോട്ട് കെ.എസ്.യു വോട്ടുകൾ സംരക്ഷിക്കാൻ നേതൃത്വത്തിന് സാധിച്ചില്ലെന്നും എം.എസ്.എഫ് കുറ്റപ്പെടുത്തി. പിന്നിൽനിന്ന് കുത്തുന്ന കുലംകുത്തികൾക്ക് കാലം മാപ്പു തരില്ലെന്ന് ചൂണ്ടിക്കാട്ടി എം.എസ്.എഫിന്റെ പല  നേതാക്കളും സമൂഹമാധ്യമങ്ങളിൽ ഇതിനകം പ്രതികരിച്ചിട്ടുണ്ട്.
 

Latest News