മലപ്പുറം : മലപ്പുറത്തിന്റെ തനത് ഭാഷയില്‍ ലോക ഫുട്‌ബോളിനെ വിവരിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ സുബൈര്‍ വാഴക്കാടിന് ഇന്ന് ധന്യ ദിനമാണ്. മനസ്സിന്റെ ഓരോ ഇഞ്ചിലും ഫുട്‌ബോളിനെ മാത്രം പ്രതിഷ്ഠിച്ച സുബൈര്‍ ഇന്ന് പുതിയ വീട്ടിലേക്ക് താമസം മാറുകയാണ്. ഇത് സാധാരണ വീടല്ല, ശരിക്കു പറഞ്ഞാല്‍, ഒരു അര്‍ജന്റീന ഫുട്‌ബോള്‍ ഹൗസ്. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ ആകാശ നീല നിറത്തിലുള്ള ജേഴ്‌സിയുടെ കളറില്‍ പൊതിഞ്ഞു നില്‍ക്കുന്ന രീതിയിലൊരു വീട്. വീടിന് മുകളില്‍ മെസ്സിയുടെ പത്താം നമ്പര്‍ ജേഴ്‌സിയും വലിയൊരു ഫുട്‌ബോളുമെല്ലാം അലങ്കാരമായി ഒരുക്കിയിട്ടുണ്ട്. ഇത്തരമൊരു വീട് ലോകത്തെവിടെയങ്കിലും ഉണ്ടാകുമോയെന്ന കാര്യം സംശയമാണ്.
ലോക ഫുട്‌ബോള്‍ സുബൈറിന് ഉള്ളം കൈയ്യിലെ നെല്ലിക്ക പോലെയാണ്. താരങ്ങളുടെ പേരുകളും അവരുടെ കളിയുടെ പ്രത്യേകതകളും അവര്‍ നേടിയ ഗോളുകളുടെ എണ്ണവുമടക്കം എല്ലാം കൃത്യമാക്കി ആധികാരികമായി കളി പറയുന്ന സുബൈര്‍ വാഴക്കാടിന് സോഷ്യല്‍ മീഡിയയില്‍ ആരാധകരേറെയാണ്. ശരിക്കും ഒരു ഫുട്‌ബോള്‍ ഭ്രാന്തനാണ് വാഴ കൃഷിക്കാരനായ ഈ നാട്ടുമ്പുറത്തുകാരന്‍.
മനസ്സില്‍ ഫുട്‌ബോളിനെ നെഞ്ചേറ്റി നടക്കുമ്പോഴും സ്വന്തമായി ഒരു വീട് എന്നത് സുബൈറിന്റെ സ്വപ്‌നമായിരുന്നു. സുബൈറിന്റെ ഫുട്‌ബോളിനോടുള്ള ഒടുങ്ങാത്ത പ്രേമം അറിഞ്ഞാണ് യു എ ഇയിലെ പ്രവാസി വ്യവസായിയും സ്മാര്‍ട്ട് ട്രാവല്‍ കമ്പനിയുടെ എം.ഡിയുമായ പയ്യന്നൂര്‍ സ്വദേശി അഫി അഹമ്മദ് ഒരു ' ഫുട്‌ബോള്‍ ' വീട് സുബൈറിന് നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചത്. അര്‍ജന്റീന ടീമിന്റെ ആരാധകനായ സുബൈറിന് ടീമിന്റെ നിറവും ജേഴ്‌സിയും ഫുട്‌ബോളുമെല്ലാം അടങ്ങിയ, ലോകത്തെവിടെയും ഇല്ലാത്ത തരത്തില്‍ വ്യത്യസ്തമായ ഒരു വീട് മാസങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. ഇന്ന് വൈകുന്നേരം നാട്ടുകാരുടെയും ഫുട്‌ബോള്‍ പ്രേമികളുടെയുമെല്ലാം സാന്നിധ്യത്തില്‍ ആഘോഷപൂര്‍വ്വം സുബൈറും കുടുംബവും പുതിയ വീട്ടിലേക്ക് മാറും. ' യു പി സി വില്ല 'എന്നാണ് പുതിയ വീടിന് പേരിട്ടിരിക്കുന്നത്.